ADVERTISEMENT

കേരളം ആസ്ഥാനമായതും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തവയുമായ രണ്ട് പ്രമുഖ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മില്‍ വിപണിമൂല്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ 70,400 കോടി രൂപയുടെ (എൻഎസ്ഇയിലെ കണക്കുപ്രകാരം) വിപണിമൂല്യവുമായി (മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍) പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ആണ് കേരളക്കമ്പനികളി‍ല്‍ ഒന്നാമത്. മുത്തൂറ്റിന്‍റെ വിപണിമൂല്യം 70,000 കോടി രൂപ കടന്നുവെന്നതും നാഴികക്കല്ലാണ്.

ഇന്നലെ14.99 ശതമാനം കുതിപ്പുമായി ഫാക്ടിന്‍റെ ഓഹരിവില 805 രൂപയായതോടെ വിപണിമൂല്യത്തില്‍ 50,000 കോടി രൂപയെന്ന നാഴികക്കല്ല് ഫാക്ട് വീണ്ടും മറികടന്നു. ഇന്നലെ വ്യാപാരാന്ത്യത്തില്‍ മൂല്യം 52,000 കോടി രൂപയാണ്. കഴിഞ്ഞ നവംബറിൽ  ഫാക്ടിന്‍റെ വിപണിമൂല്യം 50,000 കോടി രൂപ കടന്നെങ്കിലും പിന്നീട് ഓഹരിവില കുറഞ്ഞതോടെ മൂല്യവും താഴേക്ക് പോയി.

മത്സരം കൊഴുപ്പിച്ച് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്
 

ഏതാനും ആഴ്ചകളായി തുടര്‍ച്ചയായ നേട്ടത്തിലൂടെ  ഫാക്ടിന് കനത്ത വെല്ലുവിളിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞ മെയ് 16ന് 50,000 മേൽ വിപണി മൂല്യം നേടിയ ഷിപ്പ് യാർഡ് ഫാക്ടിനെ പിന്തള്ളി വിപണിമൂല്യത്തില്‍ രണ്ടാമത്തെ വലിയ കേരള ലിസ്റ്റഡ് കമ്പനി എന്ന നേട്ടം  സ്വന്തമാക്കി.  പിന്നീട്  വിപണിയിലെ    കയറ്റിറക്കങ്ങള്‍ മൂല്യം കുറയുകയായിരുന്നു.  ഇന്നലെ വ്യാപാരാന്ത്യത്തില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ വിപണിമൂല്യം 49,827 കോടി രൂപയായിരുന്നു.ഇന്ന് ഓഹരിവില രണ്ട് ശതമാനത്തിലധികം ഉയര്‍ന്നതോടെ വിപണിമൂല്യം 51,180 കോടി രൂപയായിട്ടുണ്ട്. അതേസമയം ഫാക്ടിന്‍റെ ഓഹരിവില ഇന്ന്  1.7 ശതമാനം താഴ്ന്നതോടെ വിപണിമൂല്യം 51,044 കോടി രൂപയായി കുറയും ചെയ്തു.

cochin-shipyard-gif

42,200 കോടി രൂപയുമായി  കല്യാണ്‍ ജൂവലേഴ്സും 40,300 കോടി രൂപയുമായി ഫെഡറല്‍ ബാങ്കുമാണ് നാലും അഞ്ചും  സ്ഥാനങ്ങളിൽ.

കൊച്ചിന്‍ ഷിപ്പ്‍യാഡിന്‍റെ നേട്ടം
 

2023 ജൂണ്‍ 9ലെ   (52-ആഴ്ചത്തെ താഴ്ചയിൽ )  266.78 രൂപയിൽ നിന്ന്   കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന്‍റെ ഓഹരിവില 2024  ജൂണ്‍ മൂന്നിന് വില 52-ആഴ്ചയിലെ ഉയരമായ 2,100 രൂപയിലെത്തി. കൈവശം 22,000 കോടി രൂപയുടെ ഓര്‍ഡറുകളുണ്ടെന്നതാണ് ഓഹരി വില കുതിപ്പിന് കാരണമായത്. നിലവിലെ ഓര്‍ഡറുകളില്‍ 15,525 കോടി കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ്. 3,480 കോടി രൂപയുടേതാണ് കയറ്റുമതി ഓര്‍ഡര്‍. 6,500 കോടി രൂപയുടെ കയറ്റുമതി ഓര്‍ഡര്‍ ഉൾപ്പെടെ മറ്റൊരു 10,000 കോടി രൂപയുടെ ഓര്‍ഡറുകളും ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  മാര്‍ച്ചുപാദ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. 

മൊത്തം 2,769 കോടി രൂപ നിക്ഷേപത്തോടെ കൊച്ചിയില്‍ സജ്ജമാക്കുന്ന പുതിയ ഡ്രൈ-ഡോക്കും രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണിശാലയും (ഐഎസ്ആര്‍എഫ്) ഈ വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതുംനേട്ടമാകും.

കഴി‍ഞ്ഞ ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 605 ശതമാനം നേട്ടം (റിട്ടേണ്‍) സമ്മാനിച്ച ഓഹരിയാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ്. കഴിഞ്ഞ മൂന്നുമാസത്തെ നേട്ടം 124 ശതമാനമാണ്. ഒരുമാസത്തിനിടെ 54 ശതമാനം നേട്ടവും സമ്മാനിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ കരുത്തില്‍ ഫാക്ട്
 

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിര്‍മാണക്കമ്പനിയായ ഫാക്ടിന്‍റെ (ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്) ഓഹരികൾ ഒരിടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും നേട്ടത്തിലേറി. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന വിലയിരുത്തലുകളെ തുടര്‍ന്ന് വളം നിര്‍മാണക്കമ്പനികളുടെ ഓഹരികൾ നടത്തിയ മുന്നേറ്റത്തിനൊപ്പമായിരുന്നു ഇന്നലെ ഫാക്ടിന്‍റെ ഓഹരികളും.

share-market

മെച്ചപ്പെട്ട മഴ കൃഷിയും ഉല്‍പാദനവും ഉയരാന്‍ വഴിയൊരുക്കും. ഇത് വളം വില്‍പന ഉയര്‍ത്തും. പിഎം കിസാന്‍ സമ്മാന്‍ നിധി ഉൾപ്പെടെ മൂന്നാം മോദി സര്‍ക്കാര്‍ കര്‍ഷക സൗഹൃദ നടപടികൾക്ക് തുടക്കമിട്ടതും നേട്ടമാണ്.

ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 152 ശതമാനം നേട്ടം (റിട്ടേൺ) ഫാക്ടിന്‍റെ ഓഹരികൾ സമ്മാനിച്ചിട്ടുണ്ട്. 17 ശതമാനമാണ് മൂന്നുമാസത്തെ നേട്ടം.ഒരുമാസത്തെ നേട്ടം 21 ശതമാനവും. ഇക്കഴിഞ്ഞ ജനുവരി 25ന് കുറിച്ച 908 രൂപയാണ് ഫാക്ട് ഓഹരിയുടെ 52-ആഴ്ചത്തെ ഉയരം.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Cochin Shipyard vs FACT: Clash of Titans in Kerala's Market Capitalization Race

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com