27% ഉയർന്ന് കല്യാൺ ജുവലേഴ്സിന്‍റെ ഒന്നാം പാദ വരുമാനം; ഓഹരികളും മുന്നോട്ട്
Mail This Article
തൃശൂർ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് സംയോജിത വരുമാനത്തിൽ 27 ശതമാനം വളർച്ച നേടി. ഇന്ത്യയിലെ വരുമാനത്തിൽ മാത്രം 29 ശതമാനം വളർച്ചയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച പ്രാഥമിക പ്രവർത്തനഫല റിപ്പോർട്ടിൽ കമ്പനി വ്യക്തമാക്കി.
മിഡിൽ-ഈസ്റ്റിൽ നിന്നുള്ള വരുമാന വളർച്ച 16 ശതമാനമാണ്. കല്യാൺ ജുവലേഴ്സിന്‍റെ മൊത്തം വരുമാനത്തിൽ 15 ശതമാനമാണ് മിഡിൽ-ഈസ്റ്റിന്‍റെ പങ്ക്. ഇന്ത്യയിൽ സ്വന്തം (സെയിം-സ്റ്റോർ-സെയിൽസ്) സ്റ്റോറുകളിൽ നിന്നുള്ള വരുമാനം 12 ശതമാനം ഉയർന്നത് കഴിഞ്ഞപാദത്തിൽ നേട്ടമായി.
ഫോകോ (ഫ്രാഞ്ചൈസി-ഓൺഡ്-കമ്പനി-ഓപ്പറേറ്റഡ്) ശ്രേണിയിൽ 13 പുതിയ ഷോറൂമുകൾ കഴിഞ്ഞപാദത്തിൽ ഇന്ത്യയിൽ തുറന്നു.
13% വളർന്ന് കാൻഡിയർ
കല്യാൺ ജുവലേഴ്സിന്‍റെ ഡിജിറ്റൽ ജുവലറി പ്ലാറ്റ്ഫോമും സമ്പൂർണ ഉപസ്ഥാപനവുമായ കാൻഡിയർ കഴിഞ്ഞപാദത്തിൽ 13 ശതമാനം വരുമാന വളർച്ച നേടി. 42 കോടി രൂപ മുടക്കി കാൻഡിയറിന്‍റെ ബാക്കി 15 ശതമാനം ഓഹരികൾ കൂടി വാങ്ങി സമ്പൂർണ ഉപകമ്പനിയാക്കി മാറ്റിയത് കഴിഞ്ഞപാദത്തിലാണ്. 2017ലായിരുന്നു കാൻഡിയറിന്‍റെ ഭൂരിഭാഗം ഓഹരികളും കല്യാൺ ജുവലേഴ്സ് വാങ്ങിയിരുന്നത്. 2023-24ൽ 130.3 കോടി രൂപ വരുമാനം നേടിയിരുന്നു കാൻഡിയർ.
ആദ്യ യുഎസ് ഷോറൂം ദീപാവലിക്ക്
നടപ്പുവർഷം ആകെ 130 പുതിയ ഷോറൂമുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് കല്യാൺ ജുവലേഴ്സ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ 40 കല്യാൺ ജുവലേഴ്സ് ഷോറൂമുകൾ നടപ്പുവർഷം തുറക്കും. കാൻഡിയറിന്‍റെ 30 ഷോറൂമുകളും തുറക്കാൻ പദ്ധതിയുണ്ട്. കല്യാണിന്‍റെ ആദ്യ യുഎസ് ഷോറൂം ദീപാവലിയോടെ പ്രവർത്തനം ആരംഭിക്കും.
കഴിഞ്ഞപാദത്തിൽ കമ്പനി കല്യാൺ, കാൻഡിയർ ശ്രേണികളിലായി 24 പുതിയ ഷോറൂമുകളാണ് തുറന്നത്. ഇതോടെ മൊത്തം ഷോറൂമുകൾ 277 ആയി. ഇതിൽ 217 എണ്ണം ഇന്ത്യയിലും 36 എണ്ണം മിഡിൽ-ഈസ്റ്റിലുമാണ്. 24 ഷോറൂമുകളാണ് കാൻഡിയറിനുള്ളത്.
ഓഹരികളിൽ നേട്ടം
ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിക്കുന്നതിന് മുമ്പാണ് കല്യാണ ജുവലേഴ്സ് ജൂണപാദ പ്രാഥമിക പ്രവർത്തന റിപ്പോർട്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ചത്. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തിൽ രണ്ട് ശതമാനത്തിലധികം ഉയർന്ന ഓഹരി 505 രൂപവരെ എത്തിയിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 1.72 ശതമാനം നേട്ടവുമായി 499 രൂപയിൽ.
വിപണിമൂല്യം 50,000 കോടി രൂപ ഭേദിച്ച 4-ാമത്തെ കേരള ലിസ്റ്റഡ് കമ്പനിയാണ് കല്യാൺ ജുവലേഴ്സ്. എൻഎസ്ഇയിൽ നിന്നുള്ള കണക്കുപ്രകാരം 51,427 കോടി രൂപയാണ് നിലവിൽ വിപണിമൂല്യം. ഇന്നത്തെ വ്യാപാരത്തിന്‍റെ ആദ്യ മിനിട്ടുകളിലെ കണക്കുകൾ പ്രകാരം 75,200 രൂപയുമായി കൊച്ചിൻ ഷിപ്പ്‍യാർഡാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനി. മുത്തൂറ്റ് ഫിനാൻസ് (71,922 കോടി രൂപ), ഫാക്ട് (65,600 കോടി രൂപ) എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)