ചെറുകിട ഓഹരികളിലെ 'ലിസ്റ്റിങ്' തിരിമറി തടയാൻ വടിയെടുത്ത് എൻഎസ്ഇയും; നിക്ഷേപകരെ ബാധിക്കുമോ?
Mail This Article
പ്രാരംഭ ഓഹരി വിൽപന (IPO) ഓഹരി വിപണിയിലെത്തുന്ന ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) ആദ്യ വ്യാപാര ദിനത്തിൽ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം പരിഷ്കരിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. പുതുക്കിയ ചട്ടം പ്രാബല്യത്തിൽ വന്നു.
ഇനിമുതൽ ഐപിഒയിലെ വിലയേക്കാൾ (ഇഷ്യൂ വില) 90 ശതമാനം വരെ വർധനയേ ലിസ്റ്റിങ്ങ് വിലയിൽ അനുവദിക്കൂ. അതായത്, ഓഹരിവില 90 ശതമാനം വരെ ഉയർന്നാൽ അത് ലിസ്റ്റിങ്ങ് വിലയായി കണക്കാക്കും. ലിസ്റ്റിങ്ങ് വില സംബന്ധിച്ച ഊഹക്കണക്കുകളും അതുവച്ചുള്ള ഇടപാടുകളും തടയാനും എൻഎസ്ഇയുടെ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകൾ.
ഓഹരിവിലയിലുണ്ടായ അസ്ഥിരത ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് നിരീക്ഷകർ പറയുന്നു. നിലവിൽ ലിസ്റ്റിങ്ങ് വിലയ്ക്ക് പരിധിയൊന്നുമില്ല. അതേസമയം, ഓഹരിവിലയുടെ സ്വാഭാവികമായ വളർച്ചയ്ക്ക് പുതുക്കിയ ചട്ടം ബാധകമല്ല. എസ്എംഇ ഐപിഒകളിൽ തിരിമറി നടക്കുന്നുണ്ടെന്നും വില കൃത്രിമമായി പെരുപ്പിക്കുന്നുണ്ടെന്നും നേരത്തെ സെബി (SEBI) മേധാവി മാധബി പുരി ബുച്ചും അഭിപ്രായപ്പെട്ടിരുന്നു.
2024ൽ ഇതുവരെ 120 കമ്പനികളാണ് എസ്എംഇ വിഭാഗത്തിൽ ഐപിഒ നടത്തിയത്. ഇതിൽ 98 കമ്പനികളുടെയും ലിസ്റ്റിങ്ങ് ഐപിഒ വിലയേക്കാൾ (ഇഷ്യൂ വില) ഉയരത്തിലായിരുന്നു.