ADVERTISEMENT

രാജ്യാന്തരതലത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളും ആഭ്യന്തരതലത്തിലെ ലാഭമെടുപ്പും വെല്ലുവിളിയായതോടെ ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് നഷ്ടത്തിൽ. സെൻസെക്സ് ഇന്ന് തുടക്കത്തിൽ 80,000 ഭേദിച്ചെങ്കിലും വ്യാപാരം ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴുള്ളത് 100 പോയിന്‍റോളം താഴ്ന്ന് 79,876ൽ. നിഫ്റ്റി 26 പോയിന്‍റ് നഷ്ടവുമായി 24,296ലും. ഒരുവേള 24,338 വരെ ഉയർന്നശേഷമാണ് വീഴ്ച. 

ടൈറ്റൻ, അദാനി പോർട്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്‍റ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റാ സ്റ്റീൽ എന്നിവയാണ് സെൻസെക്സിൽ കൂടുതൽ നഷ്ടം നേരിട്ടവ. ലാഭമെടുപ്പാണ് ഇവയെ പ്രധാനമായും വലച്ചത്. ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച്സിഎൽ ടെക്, ആക്സിസ് ബാങ്ക്, എൽ ആൻഡ് ടി എന്നിവ നേട്ടത്തിലുള്ള പ്രമുഖരാണ്. 

നിഫ്റ്റിയിൽ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, ഐടിസി, ടാറ്റാ മോട്ടോഴ്സ്, ഹിന്ദുസ്താൻ യൂണിലിവർ, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ 0.8 മുതൽ 1.85 ശതമാനം വരെ നേട്ടത്തിലും ടൈറ്റൻ, ഡിവീസ് ലാബ്, അദാനി പോർട്സ്, ശ്രീറാം ഫിനാൻസ്, ഏഷ്യൻ പെയിന്‍റ്സ് എന്നിവ 1.15 മുതൽ 4 ശതമാനം വരെ നഷ്ടത്തിലുമാണ്.

ജൂൺപാദത്തിലെ ജുവലറി ബിസിനസ് വളർച്ച പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന പ്രാഥമിക കണക്കുകളാണ് ടൈറ്റന് തിരിച്ചടിയായതെങ്കിൽ ടാറ്റാ മോട്ടോഴ്സിന് ഗുണമായത് ഉപസ്ഥാപനമായ ജെഎൽആറിന്‍റെ മികച്ച വിൽപനക്കണക്കുകളാണ്.

ചൈനയിലെ അടക്കം മറ്റ് പ്രമുഖ ഏഷ്യൻ ഓഹരി വിപണികൾ നേരിട്ട തളർച്ചയും ഇന്ന് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള പുതിയ രക്ഷാപ്പാക്കേജ് ചൈനീസ് സർക്കാർ വരുംദിവസങ്ങളിൽ പ്രഖ്യാപിക്കും. ഇത് സംബന്ധിച്ച യോഗങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ഓഹരി വിപണിയുടെ തുടർച്ചയായ 5-ാം നാളിലെ വീഴ്ച.

കുതിച്ച് ഫാക്ട് ഓഹരി

വിശാല വിപണിയിൽ നിഫ്റ്റി എഫ്എംസിജി (+1.26%) ഒഴികെയുള്ളവ നഷ്ടത്തിലാണ്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 0.96 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് 1.59 ശതമാനവും താഴ്ന്നു. കഴിഞ്ഞവാരം 53,000 ഭേദിച്ച് റെക്കോർഡിട്ട ബാങ്ക് നിഫ്റ്റി ഇപ്പോഴുള്ളത് അരശതമാനത്തോളം താഴ്ന്ന് 52,420ൽ.

കേരളം ആസ്ഥാനമായ പൊതുമേഖലാ രാസവള നിർമാണക്കമ്പനിയായ ഫാക്ടിന്‍റെ ഓഹരികൾ ഇന്നൊരുവേള 6 ശതമാനത്തിലധികം ഉയർന്ന് 1,105 രൂപവരെ എത്തിയെങ്കിലും പിന്നീട് നേട്ടം കുറഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 4.62 ശതമാനം ഉയർന്ന് 1,080 രൂപയിൽ. 

സമ്മർദ്ദത്തിന്‍റെ ആഴ്ച

ഇന്ത്യൻ വിപണിയെ കാത്ത് ഈയാഴ്ച മുന്നിലുള്ളത് നിരവധി വെല്ലുവിളികളാണ്. ഇന്ത്യയിലെയും യുഎസിലെയും പണപ്പെരുപ്പക്കണക്കുകൾ ഈയാഴ്ച അറിയാം. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്‍റെ മേധാവി ജെറോം പവലിന്‍റെ പ്രസ്താവനകൾക്കായും നിക്ഷേപകർ കാതോർക്കുന്നു.

ഇന്ത്യയിൽ ബജറ്റ് പ്രതീക്ഷകൾ സംബന്ധിച്ച വിലയിരുത്തലുകൾ, കോർപ്പറേറ്റ് കമ്പനികളുടെ ജൂൺപാദ പ്രവർത്തനഫലങ്ങൾ തുടങ്ങിയവയും വിപണിയുടെ ദിശ നിർണയിക്കും.

ഇവർ ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങൾ

നൈക, ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ബന്ധൻ ബാങ്ക്, പിസി ജുവലർ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, അദാനി വിൽമർ, ബാങ്ക് ഓഫ് ബറോഡ, ഡാബർ തുടങ്ങിയവ ഇന്ന് ഓഹരി വിപണിയിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്.

നൈജ ജൂൺപാദത്തിൽ 22-23 ശതമാനം വരുമാന വളർച്ച പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തന വിപുലീകരണത്തിന്‍റെ ഭാഗമായി 100 പുതിയ ശാഖകൾ തുറക്കാനൊരുങ്ങുകയാണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്.

നിലവിലെ വായ്പാക്കുടിശിക വീട്ടാൻ പിസി ജുവലറിന് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ഒറ്റത്തവണ തീർപ്പാക്കാൽ ആനുകൂല്യം നൽകിയിട്ടുണ്ട്. ജൂൺപാദത്തിൽ വിൽപനയിൽ 13 ശതമാനം വർധനയുണ്ടെന്ന് അദാനി വിൽമർ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ജൂൺപാദ ബിസിനസ് കണക്കുകളാണ് ഇൻഡസ്ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കുന്നതെങ്കിൽ ഇടക്കാല എംഡിയും മാനേജിങ് ഡയറക്ടറുമായി രത്തൻ കുമാർ കേശ് നിയമതിനായ പശ്ചാത്തലത്തിലാണ് ബന്ധൻ ബാങ്ക് ഓഹരികളിൽ വ്യാപാരം നടക്കുന്നത്.

English Summary:

Share Market in Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com