ADVERTISEMENT

ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഈ വളർച്ചയിൽ ഊർജ മേഖല വഹിക്കുന്ന പങ്ക് നിർണായകമാണ്. വ്യവസായം, ഗതാഗതം, വാർത്താവിനിമയം, ഗാർഹിക ഉപയോഗം തുടങ്ങി ഊർജ്ജമേഖലയെ ആശ്രയിക്കാതൊന്നുംതന്നെ കണ്ടെത്താനാവില്ല. രാജ്യം വളരുന്നതിന് അനുസരിച്ച് ഊർജ്ജ ഉപഭോഗം പ്രത്യേകിച്ച് കൽക്കരി അധിഷ്ഠിത വൈദ്യുതിയുടെ ആവശ്യം വർധിക്കുകയാണ്. ഈ സാമ്പത്തിക വർഷം ഡിമാൻഡ് ഉയർന്നത് 7.3 ശതമാനത്തോളമാണ്. ഉഷ്ണതരംഗം, മഴ ലഭ്യതയിലെ കുറവ് എന്നിവ അടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഈ ആവശ്യഗത കുത്തനെ ഉയരാൻ കാരണമാകുന്നുണ്ട്. 

കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഇന്ത്യയുടെ ഊർജ ഉപഭോഗം ഇരട്ടിയിലധികം വർധിച്ചെങ്കിലും പ്രതിശീർഷ ആളോഹരി ഉപഭോഗം ഇപ്പോഴും ആഗോള ശരാശരിയുടെ മൂന്നിലൊന്ന് മാത്രമാണ്. അതായത് എണ്ണ, വാതകം, കൽക്കരി/ താപ ഊർജം എന്നിവയുടെ വേർതിരിക്കൽ, ഉൽപ്പാദനം, സംസ്കരണം, കൈമാറ്റം, സംഭരണം, വിപണനം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് വലിയ അവസരങ്ങളാണുള്ളത്. എഞ്ചിനീയറിങ്, ബാറ്ററി നിർമാണം തുടങ്ങിയ ഊർജ്ജ അനുബന്ധ മേഖലകളിലെ കമ്പനികൾക്കും നേട്ടമുണ്ടാകും. 

വർധിച്ചുവരുന്ന ഊർജ ഉപഭോഗത്തിനു അനുസൃതമായി ഉൽപ്പാദനശേഷി ഉയർത്തുകയും മറ്റുമാർഗങ്ങൾ തേടുകയും ചെയ്യേണ്ടിവരും. അതിനാവശ്യമായ സർക്കാർ പരിഷ്കാരങ്ങളും ആവശ്യമാണ്. നഷ്ടംനികത്താൻ എണ്ണക്കമ്പനികളെ അനുവദിക്കുക, സ്വകാര്യവൽക്കരണം, കൽക്കരി ഉൽപ്പാദനം ഉയർത്തൽ, പ്രകൃതി വാതക വിലനിർണ്ണയത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ സർക്കാർ നീക്കങ്ങളും മേഖലയ്ക്ക് കരുത്തു പകരും.

ഊർജ്ജ ഉപഭോഗം ഉയരുന്നതിനൊപ്പം രാജ്യം നേരിടുന്ന പ്രശ്നമാണ് കാർബൺ ബഹിർഗമനം. 2070-ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ രാജ്യമായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇതിനായി സൗരോർജ്ജം, കാറ്റ്, ജലം തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ഉൽപ്പാദനം ഉയർത്തേണ്ടതുണ്ട്. 500-ഗിഗാവാട്ട് ശേഷിയാണ് 2030ഓടെ ലക്ഷ്യമിടുന്നത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷൻ, ഹൈഡ്രജൻ ഉൽപ്പാദനം–കയറ്റുമതി എന്നീ ലക്ഷ്യങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്. 2030-ഓടെ ആകെ വിൽപ്പനയുടെ 30% വാഹനങ്ങളും ഇലക്ട്രിക് ആക്കുകയാണ് മറ്റൊരു ലക്ഷ്യം. കൂടാതെ, വീടുകളിൽ മേൽക്കൂര സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. ഊർജ്ജ മേഖലയിലെ പഴയതും പുതിയതുമായ കമ്പനികളുടെ നേട്ടത്തിലേക്ക് നയിക്കുന്നവയാണ് ഈ നടപടികളെല്ലാം.

മേഖലയിലെ മികച്ച ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുന്നതിലൂടെ ഈ നേട്ടങ്ങൾ ജനങ്ങളിലേക്കും എത്തും. വിശാല ഓഹരി സൂചികകളിൽ ഊർജ്ജ കമ്പനികളുടെ വിപണി വിഹിതം ഏകദേശം 8% ആണ്. അതേസമയം 2024 മെയ് അനുസരിച്ച് ലാഭത്തിൽ ഈ കമ്പനികളുടെ വിഹിതം ഏകദേശം 19% ആണ്. നൽകുന്ന ലാഭത്തിന് അനുസൃതമായി ഈ കമ്പനികളുടെ വിപണി മൂല്യത്തിലെ വിഹിതവും ഉയരാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നിഫ്റ്റി എനർജി സൂചിക, നിഫ്റ്റി 50 സൂചികയെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിത്. അപ്പോഴും കമ്പനികളുടെ ഓഹരി വില ന്യായമായിതന്നെയാണ് തുടരുന്നത്. അതിനാൽ ഈ മേഖലയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്നാണ് വിലയിരുത്തൽ •
(മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ)

English Summary:

Investment Opportunities In Indian Energy Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com