ADVERTISEMENT

തവണവ്യവസ്ഥയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‍മെന്‍റ് പ്ലാനിന് (SIP) ഇന്ത്യയിൽ സ്വീകാര്യത കുതിച്ചുയരുന്നു. എസ്ഐപി വഴി ജൂണിൽ 21,260 കോടി രൂപയെത്തിയെന്നും ഇത് സർവകാല റെക്കോർഡ് ആണെന്നും അസോസിയേഷൻ ഓഫ് മൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) റിപ്പോർട്ട് വ്യക്തമാക്കി. മേയിൽ എസ്ഐപി നിക്ഷേപം 20,904 കോടി രൂപയായിരുന്നു.

ഒറ്റയടിക്ക് വൻ തുക നിക്ഷേപിക്കുന്നതിന് പകരം ദിവസം, ആഴ്ച, മാസം, ത്രൈമാസം എന്നിങ്ങനെ മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താവുന്ന സൗകര്യമാണ് എസ്ഐപി. തവണകളായി ചെറിയ തുക നിക്ഷേപിക്കാമെന്നതിനാൽ സാധാരണക്കാർക്കിടയിലും എസ്ഐപിയോട് താൽപര്യം കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2024ൽ ഇതുവരെ എസ്ഐപി വഴി മ്യൂച്ചൽ ഫണ്ടിലെത്തിയ നിക്ഷേപം ഒരുലക്ഷം കോടി രൂപയും കടന്നു. ജൂണിലെ കണക്കുപ്രകാരം ഇത് 1.19 ലക്ഷം കോടി രൂപയാണ്.

മ്യൂച്ചൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി (AUM) മേയിലെ 58.64 ലക്ഷം കോടി രൂപയിൽ നിന്ന് 4 ശതമാനം വർധിച്ച് ജൂണിൽ 60.89 ലക്ഷം കോടി രൂപയിലുമെത്തി. 12.44 ലക്ഷം കോടി രൂപയാണ് എസ്ഐപിയിലെ മൊത്തം ആസ്തി (SIP AUM).  മേയിൽ ഇത് 11.53 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം മേയിലെ 8.75 കോടിയിൽ നിന്ന് 8.98 കോടിയായും കഴിഞ്ഞമാസം ഉയർന്നു. ജൂണിൽ 55 ലക്ഷം പുതിയ എസ്ഐപി അക്കൗണ്ടുകൾ തുറക്കുകയും 32.35 ലക്ഷം അക്കൗണ്ടുകൾ കാലാവധി പൂർത്തിയാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.

Investment-Plan

ഇഷ്ടം ഇക്വിറ്റി ഫണ്ടുകളോട്
 

നിക്ഷേപകർക്ക് കൂടുതൽ താൽപര്യം ഓഹരിയധിഷ്ഠിത അഥവാ ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളോടാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. 40,608 കോടി രൂപയാണ് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകൾ കഴിഞ്ഞമാസം നേടിയത്. മേയിലെ 34,697 കോടി രൂപയേക്കാൾ 17 ശതമാനം അധികം. സെക്ടറൽ/തീമാറ്റിക് ഫണ്ടുകളിലേക്കുള്ള നിക്ഷേപം 16 ശതമാനം വർധിച്ച് 22,351 കോടി രൂപയായി. 4,708.57 കോടി രൂപ നേടി മൾട്ടിക്യാപ്പ് ഫണ്ടുകളാണ് രണ്ടാംസ്ഥാനത്ത്.

അതേസമയം, കടപ്പത്ര അധിഷ്ഠിത ഫണ്ടുകളിലെ (ഡെറ്റ് മ്യൂച്ചൽ ഫണ്ട്സ്) നിക്ഷേപം ജൂണിൽ ഇടിയുകയാണുണ്ടായത്. മേയിൽ 42,294 കോടി രൂപ നിക്ഷേപം സ്വന്തമാക്കിയ ഡെറ്റ് മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് കഴിഞ്ഞമാസം 1.07 ലക്ഷം കോടി രൂപ നിക്ഷേപകർ പിൻവലിച്ചു. ലിക്വിഡ് ഫണ്ടുകളിലാണ് കൂടുതൽ നഷ്ടം. 80,354 കോടി രൂപയും പിൻവലിക്കപ്പെട്ടത് ഈയിനത്തിലാണ്. മേയിൽ 25,873 കോടി രൂപ നേടിയശേഷമാണ് ഈ തിരിച്ചടി.

English Summary:

Record-Breaking June: SIP Investments in Mutual Funds Hit New High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com