ADVERTISEMENT

ഇന്ന് തുടക്കത്തിൽ റെക്കോർഡ് കുറിച്ച  ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി പിന്നീട് തിരിച്ചു കയറി നഷ്ടവ്യാപ്തി കുറച്ചു. ഇന്ന് 24461 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി ആദ്യ മണിക്കൂറുകളിൽ തന്നെ വില്പന സമ്മർദ്ദത്തിൽ 24141 പോയിന്റിലേക്ക് വീണെങ്കിലും തിരിച്ചു കയറി 24324 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 80481 പോയിന്റെന്ന പുതിയ ഉയരം കുറിച്ച സെൻസെക്സ് 80000 പോയിന്റിൽ താഴേക്കും ഇറങ്ങി. 

ഫാർമ ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും നഷ്ടം കുറിച്ച ഇന്ന് ടിസിഎസ്സിന്റെ 2% വീഴ്ചയും, എം&എം 6% നഷ്ടം കുറിച്ചതും  നിർണായകമായി. റിസൾട്ടുകൾ വരുന്നതിന് മുന്നോടിയായി ഐടി ഓഹരികളിൽ തിരുത്തൽ വന്നതിനൊപ്പം റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും നഷ്ടത്തിലാണ് ഇന്ന് ക്ളോസ് ചെയ്തത്.  

നാളെ ടിസിഎസും, വെള്ളിയാഴ്ച എച്ച്സിഎൽ ടെക്കും ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ഐടി സെക്ടറിനൊപ്പം ഇന്ത്യൻ വിപണിയുടെയും ഗതി നിർണയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ നിന്നുമുള്ള ജോലികൾ ഇന്ത്യൻ ഐടി കമ്പനികളിലേക്ക് വന്ന് തുടങ്ങുന്നതും, പുതിയ സാഹചര്യങ്ങളിൽ കമ്പനികളുടെ മാർജിനിലുള്ള വ്യത്യാസങ്ങളുമാണ് വിപണി ഇത്തവണ കാത്തിരിക്കുന്നത്.  

പെയിന്റിൽ മുന്നേറ്റം

ഏഷ്യൻ പെയിന്റ്സ് പെയിന്റുകളുടെ വില വർദ്ധിപ്പിക്കുന്നു എന്ന വാർത്ത പെയിന്റ് ഓഹരികൾക്കെല്ലാം മുന്നേറ്റം നൽകി. ഏഷ്യൻ പെയിന്റ്സ് 3%ൽ അധികം മുന്നേറിയപ്പോൾ ബെർജർ പെയിന്റ്സ് 2% നേട്ടവും കരസ്ഥമാക്കി. 

ഫെഡ് ചെയർമാൻ ഇന്ന് വീണ്ടും 

ഇന്നലെ അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ ഹാജരായ അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവൽ ഫെഡിന്റെ നടപടികൾ ഫലപ്രദമാകുന്നു എന്ന് സമർത്ഥിക്കാനായി അമേരിക്കൻ തൊഴിൽ മേഖലയുടെ വളർച്ച ശോഷണത്തിനൊപ്പം, പണപ്പെരുപ്പം ഫെഡിന്റെ 2% എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നു എന്നും സൂചിപ്പിച്ചത് വിപണിക്കും ഉണർവ് നൽകി. അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികളും ഇന്ന് മിക്സഡ് ക്ളോസിങ് നടത്തിയപ്പോൾ യൂറോപ്യൻ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ഇന്നും ഫെഡ് ചെയർമാൻ സാമ്പത്തികകാര്യ സമിതിക്ക് മുന്നിൽ ഹാജരാകുന്നത് വിപണി പ്രതീക്ഷയോടെ കാണുന്നു. ഈയാഴ്ച മറ്റ് ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, ജോബ് ഡേറ്റയും വിപണിയെ സ്വാധീനിക്കും. 

അമേരിക്കൻ സിപിഐ നാളെ 

നാളെ വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന പിപിഐ ഡേറ്റയും ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതിനാൽ അമേരിക്കൻ വിപണിക്കും, ലോക വിപണിക്ക് തന്നെയും നിർണായകമാണ്. അമേരിക്കൻ സിപിഐയുടെ വാർഷിക വളർച്ച കുറഞ്ഞിട്ടുണ്ട് എന്നാണ് അനുമാനം.

ക്രൂഡ് ഓയിൽ 

ഡോളർ വീണ്ടും ശക്തമാകുന്നതും, ഫെഡ് ചെയർമാൻ  സംസാരിക്കാനിരിക്കുന്നതും ക്ഷീണമാണെങ്കിലും ഇന്ന് വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ കണക്കുകൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഓയിൽ ബുള്ളുകൾ. ബ്രെന്റ് ക്രൂഡ് ഓയിൽ 84 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

ഫെഡ് ചെയർമാന്റെ പ്രസ്താവനകളുടെ പിൻബലത്തിൽ മുന്നേറിയ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെടുന്നത് ഇന്ന് സ്വർണത്തിന് മുന്നേറ്റം നൽകി. ഏഷ്യൻ വിപണി സമയത്ത് അര ശതമാനം മുന്നേറിയ ക്രൂഡ് ഓയിൽ വില 2380 ഡോളറിൽ തുടരുന്നു. ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ ക്രൂഡ് ഓയിലിന് പ്രധാനമാണ്. 

നാളത്തെ റിസൾട്ടുകൾ 

ടിസിഎസ്, നെൽകോ, ആനന്ദ് രാത്തി, ജിഎൻഎ ആക്സിൽ, എസ്എം ഓട്ടോ സ്റ്റാമ്പിങ്, ഡിആർസി സിസ്റ്റംസ്, ആക്മേ ഫിൻ ട്രേഡ്, പിഎംസി ഫിൻകോർപ്, അമൽ ലിമിറ്റഡ്, ജിടിപിഎൽ ഹാഥ് വേ, വിവിഡ് മെർക്കന്റൈൽ മുതലായ കമ്പനികള്‍ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com