ADVERTISEMENT

ഇന്ത്യൻ വിപണി പ്രതീക്ഷിച്ച ഹൈപ്പുകളൊന്നും തല്‍ക്കാലം ലഭ്യമാക്കാതെ വിട്ട ധനമന്ത്രി നിക്ഷേപകരിൽ നിന്നും അധികനികുതി ഈടാക്കാനും മറന്നില്ല. രാഷ്ട്രീയ പിന്തുണയ്ക്ക് ബദലായി ആന്ധ്ര-ബീഹാർ  സംസഥാനങ്ങൾക്ക് ആവശ്യമായ ‘സാമ്പത്തിക’ പിന്തുണ ഉറപ്പാക്കിയ ബജറ്റിൽ റിസർച്ചിനും, തൊഴിൽ ഉൽപ്പാദനത്തിനും, കാർഷിക മേഖലയുടെ ഉന്നമനത്തിനും ഊന്നൽ നല്കിയതിനൊപ്പം ഇന്ത്യയുടെ പുതു മുന്നേറ്റത്തിന് മാർഗദർശനമേകുമെന്നും കരുതുന്നു. 

ഇൻഫ്രാ മേഖലക്ക് അധിക തുക പ്രഖ്യാപിക്കാതിരുന്ന ധനമന്ത്രി, ഇൻഫ്രാ സെക്ടറിനെ പിന്തള്ളാതെ തന്നെ ജനക്ഷേമവും ലക്ഷ്യമിടുന്നത് പ്രതീക്ഷയാണ്. 

ഇടക്കാല ബജറ്റിൽ നടപ്പ് സാമ്പത്തികവർഷത്തിൽ ആഭ്യന്തര ഉല്പാദനത്തിന്റെ 5.1% ധനക്കമ്മി ലക്ഷ്യമിട്ടെങ്കിൽ, ഇത്തവണ അത് 4.9%ലേക്കും അടുത്ത സാമ്പത്തിക വർഷത്തിൽ 4.5%ലേക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക അച്ചടക്കത്തിന് തുടക്കമിട്ടത് ഇന്ത്യൻ സമ്പദ് ഘടനക്കൊപ്പം ‘വിപണിക്കും’ അനുകൂലമാണ്.   

വിപണിയുടെ വീഴ്ച 

ഇത്തവണ ബജറ്റ് വായനയുടെ അവസാന ഭാഗത്താണ് ധനമന്ത്രി വിപണിക്കായുള്ള കെണി ഒളിപ്പിച്ചത്. വലിയ മുന്നേറ്റങ്ങളില്ലാതെ പിടിച്ചു നിന്ന വിപണിക്ക് ദീർഘകാല-ഹ്രസ്വകാല ക്യാപിറ്റൽ-ഗെയിൻ നികുതികളിലെ വർദ്ധന തികച്ചും  അപ്രതീക്ഷിതമായി. ലോങ്ങ് ടെം ക്യാപിറ്റൽ ഗെയിൻ ടാക്സ് 10%ൽ നിന്നും 12.5%ലേക്കും  ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ ടാക്സ് 15%ൽ നിന്നും 20%ലേക്കും  ഉയർത്തിയതിനൊപ്പം ഫ്യൂച്ചേഴ്സ് & ഓപ്‌ഷൻസ് വ്യാപാരത്തിനുള്ള എസ്ടിടി 0.1%ൽ നിന്നും 0.2%ലേക്കും ഉയർത്തിയത് വിപണിക്ക് വീഴ്ച നൽകിയെങ്കിലും പിന്നീട് തിരിച്ചു കയറി നഷ്ട വ്യാപ്തി കുറച്ചു.

ഇന്ന് 24074 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി 30 പോയിന്റ് നഷ്ടത്തിൽ 24479 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 1000 പോയിന്റിലേറെ വീണ സെൻസെക്സ് 73 പോയിന്റ് മാത്രം നഷ്ടത്തിൽ 80429 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. 

ഇൻഫ്രാ

ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച 11.11 ലക്ഷം കോടി രൂപയിൽ നിന്നും മാറ്റം വരുത്തിയില്ല എന്നത് തന്നെയാണ് ഇൻഫ്രാ മേഖലയുടെ ആശ്വാസവും, നിരാശയും. റെയിൽ, ഡിഫൻസ്, റോഡ് മേഖലകൾക്കായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ തുടരുന്നതിനൊപ്പം ഗ്രാമീണ, നഗരവികസന പദ്ധതികളും, ഇറിഗേഷൻ, ജലക്ഷേമ പദ്ധതികളും  ധനമന്ത്രി സൂചിപ്പിച്ചത് ഇൻഫ്രാ മേഖലക്ക് അനുകൂലമാണ്. 

∙ഇൻഫ്രാ ഓഹരികൾ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

റിന്യൂവബിൾ എനർജി

റിന്യൂവബിൾ എനർജി മേഖലക്ക് വിപണി പ്രതീക്ഷിച്ചതിനപ്പുറം പിന്തുണയാണ് ബജറ്റിൽ ലഭ്യമായത്. വിൻഡ് എനർജി ഒഴികെ മറ്റെല്ലാ എനർജി മേഖലകളെയും പരാമർശിച്ച ധനമന്ത്രി ‘കാർബൺ എമിഷൻ’ ലക്ഷ്യത്തിലേക്കെത്താൻ ‘പുരപ്പുറ’ സൗരോർജ്ജ പദ്ധതിക്കൊപ്പം ന്യൂക്ലിയർ റിയാക്ടറുകളും, നൂതന ഊർജ്ജ സംഭരണ സംവിധാനങ്ങളും, ഭെലും, എൻടിപിസിയുമായി ചേർന്ന് നടപ്പാക്കുന്ന അഡ്വാൻസ്ഡ് സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റിനെക്കുറിച്ചും പരാമർശിച്ചു. 

∙പവർ ട്രാൻസ്മിഷൻ ഓഹരികളും, ഊർജ്ജ ഓഹരികളും ഇനിയും മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

കസ്റ്റംസ് തീരുവ ഇളവുകൾ

സ്വർണത്തിന്റെ തീരുവ കുറച്ചത് ഇന്ന് സ്വർണ മേഖലക്ക് മുന്നേറ്റം നൽകി. ടൈറ്റാൻ 6% മുന്നേറിയപ്പോൾ കല്യാൺ, സെൻകോ എന്നിവ 4% മുന്നേറി.

സ്ട്രാറ്റജിക് മിനറലുകൾക്കൊപ്പം മൊബൈൽ ഫോൺ, സോളാർ ഉപകരണ നിർമാണ  യന്ത്രഭാഗങ്ങൾ, മറൈൻ ഉൽപ്പന്നങ്ങൾ , ലെതർ മുതലായവയുടെയും തീരുവ ഇളവുകൾ അതാത് മേഖലകൾക്ക് അനുകൂലമാണ്.

കസ്റ്റംസ് തീരുവ വർധന

അമോണിയം നൈട്രേറ്റിനൊപ്പം, ടെലി കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെയും കസ്റ്റംസ് തീരുവ ഉയർത്തിയത്. ടെലി കമ്മ്യൂണിക്കേഷൻ ഉപകരണ നിർമാതാക്കൾക്ക് അനുകൂലമാണ്. 

റിയൽ എസ്റ്റേറ്റ് 

സ്ത്രീകൾക്ക് റജിസ്ട്രേഷൻ ചാർജിൽ ഇളവും, റജിസ്ട്രേഷൻ ചാർജിൽ വലിയ വർധന നടത്തിയിട്ടുള്ള സംസ്ഥാനങ്ങളോട് അത് കുറയ്ക്കുവനായി സമ്മർദ്ദം ചെലുത്തുമെന്നും സൂചിപ്പിച്ചത് റിയൽ എസ്റ്റേറ്റ് സെക്ടറിന് അനുകൂലമാണ്.

നിരാശരായി റെയിൽ, ഡിഫൻസ്, ഷിപ്-ബിൽഡിങ്

ബജറ്റിൽ റെയിൽ മേഖലയെ പരാമർശിക്കാതിരുന്നത് ഇന്ന് റെയിൽ സെക്ടറിന് വലിയ തിരുത്തലാണ് നൽകിയത് ആർവിഎൻഎൽ  5% വീണപ്പോൾ ഇർകോൺ 8% വീണു. റെയിൽ ഓഹരികൾ അതി ദീർഘ കാലനിക്ഷേപത്തിന് അനുകൂലമാണ്. 

ഡിഫൻസ് മേഖലയിൽ വിദേശ ഫണ്ടുകൾ അടക്കമുള്ളവർ അമേരിക്കയിൽ ട്രംപ് വന്നാൽ യുദ്ധങ്ങൾ നിലയ്ക്കുമെന്നത് ഇന്ത്യൻ ഡിഫൻസ് മേഖലക്കും തിരുത്തൽ നൽകുമെന്ന വാദവുമായി വരുന്നതും, ബജറ്റിൽ കാര്യമായ പുതുസൂചനകൾ ഇല്ലാതെ വന്നതും ചേർന്ന് ഡിഫൻസ് മേഖലയ്ക്ക് തിരുത്തൽ നൽകുന്നത് ദീർഘകാല നിക്ഷേപത്തിന് അനുകൂലമാണ്. 

വിപണി പ്രതീക്ഷിച്ച മാരി-ടൈം ഫണ്ട് അടക്കമുള്ള സംഗതികൾ ഇല്ലത്തത് കപ്പൽ നിർമാണ ഓഹരികൾക്കും തിരുത്തൽ നൽകി. കൊച്ചിൻ ഷിപ്യാർഡ് രണ്ടര ശതമാനം വീണപ്പോൾ മാസഗോൺ ഡോക്കും, ഗാർഡൻ റീച്ചും 4% വീതം വീണു. 

അടുത്ത ബജറ്റിലേക്ക് ആറു മാസം 

കോർപ്പറേറ്റ് ലോകവും വിപണിയും ഭയന്നത് പോലെ നിക്ഷേപക സമൂഹത്തിന്റെ ‘നേട്ടത്തിൽ’  ഇനിയും കൂടുതൽ സർക്കാർ പ്രതീക്ഷിക്കുന്നു എന്ന് വേണം കരുതാൻ. ആറ് മാസത്തിന് അപ്പുറം അടുത്ത ബജറ്റ് വരാക്കാനിരിക്കെ വിപണി കൂടുതൽ നികുതി ഭയത്തിലേക്ക് വീണേക്കാം. 

ധനക്കമ്മി കുറയ്ക്കുക, കൂടുതൽ നികുതി സ്രോതസുകൾ കണ്ടെത്തുക എന്നത് തന്നെയാകും അടുത്ത സൂപ്പർ-സമ്പദ് വ്യവസ്ഥയാകാൻ ശ്രമിക്കുന്ന ഇന്ത്യയുടെ ഭരണകർത്താക്കളുടെയും, നയകർത്താക്കളുടെയും ലക്ഷ്യവും.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market and Union Budget 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com