ADVERTISEMENT

ബജറ്റിലെ നികുതിവർധനയുടെ നിന്നും രക്ഷപ്പെട്ട് വീണ്ടും റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്‌ച സാമ്പത്തിക മാന്ദ്യഭയത്തിൽ വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ വീണ് ആഴ്ച നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24861 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വ്യാഴാഴ്ച 25078 എന്ന റെക്കോർഡ് കുറിച്ച ശേഷം 25000 പോയിന്റിന് മുകളിലാണ് അവസാനിച്ചത്.പിന്നീട് വെള്ളിയാഴ്ചത്തെ ലാഭമെടുക്കലിൽ 24686 പോയിന്റ് വരെ വീണ ശേഷം 24717 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 82129 പോയിന്റെന്ന പുതിയ കുറിച്ച ശേഷം 0.80% നഷ്ടത്തിൽ 80981 പോയിന്റിലും അവസാനിച്ചു.

ഓട്ടോ ഡേറ്റക്ക് പിന്നാലെ 4%ൽ കൂടുതൽ വീണ ടാറ്റ മോട്ടോഴ്സും, മാരുതിയുമാണ് ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടിയത്. മാന്ദ്യ ഭയത്തിൽ മെറ്റൽ ഓഹരികളും വീണത് വെള്ളിയാഴ്ച ഇന്ത്യൻ വിപണിയുടെ വീഴ്ചക്ക് ആക്കം കൂട്ടി. 

വ്യാഴാഴ്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിൽ തട്ടി വീണ അമേരിക്കൻ വിപണി വെള്ളിയാഴ്ച വന്ന തൊഴിൽ വിവരക്കണക്ക് കണ്ട് ഞെട്ടി വീണ്ടും തകർന്നത് ലോക വിപണിക്ക് ആശങ്കയാണ്. 

വെള്ളിയാഴ്ച ഇന്ത്യൻ വിപണിയും ഒരു ശതമാനത്തിലേറെ തിരുത്തൽ നേരിട്ടപ്പോൾ മിക്ക യൂറോപ്യൻ വിപണികളും രണ്ട് ശതമാനത്തിലേറെ തകർന്നു. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യഭയം കേന്ദ്രബാങ്ക് നിരക്ക് വർദ്ധിപ്പിച്ചു തുടങ്ങിയ ജാപ്പനീസ് വിപണിക്ക് വെള്ളിയാഴ്ച  5%ൽ കൂടുതൽ തകർച്ച നൽകിയപ്പോൾ കൊറിയ 3%ൽ കൂടുതല്‍ നഷ്ടം കുറിച്ചു. ലോക വിപണി മൊത്തത്തിൽ നഷ്ടം കുറിച്ച ഇന്നലെ പാകിസ്ഥാനി വിപണി മാത്രം നേട്ടത്തിൽ ക്ളോസ് ചെയ്തു. 

stock2

ഇന്ത്യക്ക് അവസരം

തൽക്കാലം മാന്ദ്യഭീതി തീണ്ടാത്ത ഇന്ത്യൻ വിപണിയിൽ അമേരിക്കയുടെയും ചൈനയുടെയും സാമ്പത്തിക മാന്ദ്യഭയം കൊണ്ട് വന്നേക്കാവുന്ന തിരുത്തൽ മികച്ച അവസരമായേക്കാമെന്ന് കരുതുന്നു. നാസ്ഡാക്കിന്റെ വീഴ്ച ഐടി, ഫാർമ സെക്ടറുകളിൽ തിരുത്തലുണ്ടാക്കിയേക്കാമെങ്കിലും ഫെഡ് റിസേർവ് സെപ്റ്റംബർ മുതൽ നിരക്ക് കുറച്ചു തുടങ്ങുമെന്നതടക്കമുള്ള പതിവ് പ്രതീക്ഷകളും, അമേരിക്കയും, ചൈനയും ജപ്പാനുമെല്ലാം സാമ്പത്തികഭീതിയിലാകുന്നതോടെ വിദേശ ഫണ്ടുകൾ കൂടുതലായി ഇന്ത്യയിലേക്ക് തിരിഞ്ഞേക്കാമെന്നതും ഇന്ത്യൻ വിപണിക്ക് സാധ്യതയാണ്.  

സാമ്പത്തിക മാന്ദ്യം ? 

ചൈനയുടെ ആഭ്യന്തര ഉല്‍പ്പാദന വളർച്ച വല്ലാതെ വീണതിന് പിന്നാലെ, ജൂലൈ മാസത്തിൽ അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയിലെ വീഴ്ച അമേരിക്കയും സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണു കഴിഞ്ഞു എന്ന സൂചനയാണ് വിപണിക്ക് നൽകിയത്. അമേരിക്കയുടെ ഐഎസ്എം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ ജൂലൈ മാസത്തിൽ 46.8 ലേക്കും, 49 പ്രതീക്ഷിച്ച ഐഎസ്എം മാനുഫാക്ച്ചറിങ് എംപ്ലോയ്‌മെന്റ് 43.4ലേക്കും വീണതും വിപണിക്ക് അപ്രതീക്ഷിതമായി. കൂടാതെ വെള്ളിയാഴ്ച വന്ന നോൺഫാം പേറോൾ കണക്ക് പ്രകാരം ജൂലൈ മാസത്തിൽ 114000 പേർക്ക് മാത്രമാണ് തൊഴിൽ ലഭ്യമായത്. ജൂണിൽ ഇത് 179000വും ജൂലൈ മാസത്തിലെ അനുമാനം 176000വും ആയിരുന്നു. 

europe1

ഫെഡ് നിരക്ക് 5.25-5.50%ൽ ഒരു വർഷക്കാലം നിർത്തിയ ശേഷം അടുത്ത യോഗത്തിൽ കുറച്ച് തുടങ്ങാനിരിക്കുന്ന ഫെഡ് റിസർവിന്റെ ‘കടുംപിടുത്തം’ തന്നെയാണ് അമേരിക്കയുടെ വ്യാവസായിക മേഖലയിലെ വാങ്ങലുകൾ കുറച്ചതെന്ന് തന്നെ വേണം കരുതാൻ. കോവിഡ്-ലോക്ക് ഡൗൺ കാലഘട്ടത്തിലെ സാമ്പത്തികത്തകർച്ച മറികടക്കാനായി ട്രംപ് തുടങ്ങിയ സാമ്പത്തിക ഉത്തേജന പരിപാടികൾ ഡോളർ നിരക്കിനെ ബാധിക്കാതിരിക്കാൻ വേണ്ടി ട്രംപിന്റെ നിർദ്ദേശാനുസരണം ഫെഡ് നിരക്ക് വർദ്ധിപ്പിച്ചു തുടങ്ങിയത് ഫെഡ് ഇന്നും തുടരുന്നു. മറിച്ചൊരു തീരുമാനത്തിന് വീണ്ടും ട്രംപ് തന്നെ വരേണ്ടി വരുമോ, അതിന് മുന്നേ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലമരുമോ എന്നതുമാണ് വിപണിയുടെ ഭയം. 

യുദ്ധം മുറുകുന്നു 

ഹമാസ് നേതാവ് വധിക്കപ്പെട്ടത് ഇറാനെ കൂടി സംഘർഷത്തിലേക്ക് വലിച്ചിട്ടതോടെ മിഡിൽ ഈസ്റ്റ് യുദ്ധമുഖം കൂടുതൽ സ്ഫോടനാത്മകമാണെന്നതും വിപണിക്ക് ആശങ്കയാണ്. ക്രൂഡ് ഓയിലിനും, സ്വർണത്തിനും യുദ്ധം അനുകൂലവുമാണ്. 

ഓഹരികളും സെക്ടറുകളും

Share-Market1

∙കോൾ ഇന്ത്യ, ഗെയിൽ, സൊമാറ്റോ, ഡിക്‌സൺ, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, അദാനി വിൽമർ, പുറവങ്കര, ഡൽഹിവെറി, ഐപിഎൽ, മോയിൽ, ടിവി ടുഡേ, ജെഎസ്എൽ ഇൻഡസ്ട്രീസ്, വെൽസ്‌പൺ എന്റർപ്രൈസസ്, ആസ്റ്റർ, സെലാൻ, സീ ലിമിറ്റഡ്, വേൾപൂൾ മുതലായ കമ്പനികൾ കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ടുകൾ പുറത്ത് വിട്ടു. 

∙വെള്ളിയാഴ്ച നടന്ന കേന്ദ്രമന്ത്രിസഭയുടെ കാബിനറ്റ് യോഗം എട്ട് നാഷണൽ ഹൈസ്പീഡ് കോറിഡോർ പദ്ധതികൾക്ക് അനുമതി നൽകിയത് ഇൻഫ്രാ സെക്ടറിന് അനുകൂലമാണ്. എട്ട് പദ്ധതികളിലായി മൊത്തം 936 കിലോമീറ്റർ റോഡ് നിർമിക്കുന്നതിനായി 50655 കോടി രൂപയും വകയിരുത്തി. റോഡ് നിർമാണ ഓഹരികൾ ശ്രദ്ധിക്കുക. 

∙ചൈനയുടെ ജിഡിപി വീഴ്‌ചയുടെ സ്വാധീനത്തിൽ വീണ രാജ്യാന്തര ലോഹവിലകൾ വീണ്ടും വീണ് തുടങ്ങി. അമേരിക്കൻ സാമ്പത്തിക മാന്ദ്യ ഭീഷണി ഇന്ത്യൻ ലോഹ ഓഹരികളെ വീണ്ടും വീഴ്ത്തിയേക്കാം. 

∙ഓപ്‌ഷൻ ട്രേഡിങിൽ ഏർപ്പെട്ടതിൽ 85%ൽ അധികം ആളുകൾക്കും കഴിഞ്ഞ വര്‍ഷം നഷ്ടം വന്നതിനെ അടിസ്ഥാനമാക്കി സെബി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് വിപണിയുടെ ലിക്വിഡിറ്റിയെ സ്വാധീനിച്ചേക്കാം. 

∙മികച്ച ഒന്നാം പാദറിസൾട്ടുകൾ പുറത്ത് വിട്ട അദാനി ഓഹരികൾ കഴിഞ്ഞ ആഴ്ചയിൽ വീണ്ടും മുന്നേറ്റം നേടി. അദാനി എഫ്എംസിജി വിഭജനവും, അദാനി എനർജി സൊല്യൂഷന്റെ മൂലധന സമാഹരണവും അദാനിക്ക് അനുകൂലമായി. 

∙മികച്ച വരുമാന വർധനയുടെ പിൻബലത്തിൽ അദാനി പോർട്സ് മുൻപാദത്തിൽ നിന്നും അൻപത് ശതമാനത്തിലേറെ വർദ്ധനയാണ് കുറിച്ചത്. 

∙കെഎസ്കെ മഹാനദിയുടെ കടക്കെണിയിലായ 1800 മെഗാവാട്ടിന്റെ പവർ പ്ലാന്റിന് അദ്നബി പവർ 27000 കോടി രൂപയുടെ ഏറ്റവും മികച്ച ബിഡ് നൽകിയത് ഓഹരിക്ക് അനുകൂലമാണ്. 

∙ജൂലൈയിലെ വില്പന മോശമായതിന് പിന്നാലെ ആദ്യപാദത്തിൽ അറ്റാദായം മുൻപാദത്തിനൊപ്പം എത്താതെ പോയതും ടാറ്റ മോട്ടോഴ്‌സിന് തിരുത്തൽ നൽകി. തിരുത്തൽ ഓഹരിയിൽ അവസരമാണ്. 

∙മുൻപാദത്തിലും, മുൻവർഷത്തിലും നഷ്ടം കുറിച്ച ഡൽഹിവെറി വരുമാന വർധനക്കൊപ്പം അറ്റാദായവും കുറിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙വരുമാനം മുൻപാദത്തിൽ നിന്നും ഇരട്ടിയോളം വർധിച്ചത് ഇന്ത്യ പെസ്റ്റിസൈഡ്സ് ലിമിറ്റഡിന്റെ അറ്റാദായം പലമടങ്ങ് വർദ്ധിച്ചത് ഓഹരിക്ക് അനുകൂലമാണ്.  

ഐപിഓ

വെള്ളിയാഴ്ച ആരംഭിച്ച ഓല ഇലക്ട്രിക്കിന്റെ ഐപിഓ ചൊവ്വാഴ്ച അവസാനിക്കും. ഐപിഓയിലൂടെ 72-76 രൂപ നിരക്കിൽ 6145 കോടി രൂപയാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ സമാഹരിക്കുന്നത്. 

Share-Market

ഇൻഫ്രാ കമ്പനിയായ സൈഗാൾ ഇന്ത്യയുടെ 1252 കോടി രൂപയുടെ ഐപിഓ മികച്ച പ്രതികരണം നേടി. ഐപിഓ തിങ്കളാഴ്ച അവസാനിക്കും. 

ചൊവ്വാഴ്ച ആരംഭിക്കുന്ന ഫസ്റ്റ് ക്രൈയുടെയും, യൂണികോമേഴ്‌സ് ഇസൊല്യൂഷന്റെയും ഐപിഓകൾ വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. 

ക്രൂഡ് ഓയിൽ 

അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റക്ക് പിന്നാലെ തൊഴിൽ ലഭ്യതക്കണക്കുകളും മോശമായതോടെ വെള്ളിയാഴ്ച രണ്ടര ശതമാനം കൂടി തിരുത്തൽ നേടിയ ക്രൂഡ് ഓയിൽ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലും, അമേരിക്കൻ എണ്ണവില 74 ഡോളറിലുമാണ് തുടരുന്നത്. 

വെള്ളിയാഴ്ച കോപ്പർ ഒഴികെയുള്ള ലോഹങ്ങളും അമേരിക്കൻ സാമ്പത്തിക മാന്ദ്യ ഭീഷണിയിൽ നഷ്ടം കുറിച്ചു. 

സ്വർണം 

ഫെഡ് നിരക്ക് കുറയ്ക്കൽ ഉറപ്പായതും, മാന്ദ്യ-യുദ്ധ ഭീതികളും കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന് മുന്നേറ്റം നൽകി. വെള്ളിയാഴ്ച 2522.50 ഡോളർ എന്ന റെക്കോർഡ് ഉയരം കുറിച്ച സ്വർണവിലയും ലാഭമെടുക്കലിൽ വീണ് 2500 ഡോളറിൽ താഴെയാണ് ക്ളോസ് ചെയ്തത്. 

യുദ്ധഭീതിയൊഴിയുന്നതും, മാന്ദ്യ ഭീഷണി ലഘൂകരിക്കപ്പെടുന്നതും സ്വർണത്തിൽ താൽക്കാലിക ലാഭമെടുക്കലിന് കാരണമായേക്കാം. എന്നാൽ ഡോളറും, ബോണ്ട് യീൽഡും വീഴുന്നത് സ്വർണത്തിന് അനുകൂലവുമാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Sare Market Coming Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com