ADVERTISEMENT

ലോകമെമ്പാടുമുള്ള100ലധികം രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ ഡിജിറ്റൽ കറൻസി സ്വീകരിക്കുന്നത് പരിഗണിക്കുന്ന സമയമാണിത്. ബഹാമസ്, ജമൈക്ക, നൈജീരിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം അത്തരം കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസികളെ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും പല രാജ്യങ്ങളും അവയിലേക്ക് സാമ്പത്തിക ഇടപാടുകൾ മാറ്റുന്നുണ്ട്. എൽ സാൽവഡോറിൽ ബിറ്റ് കോയിൻ ഒഫിഷ്യൽ കറൻസിയാണ്. എൽ സാൽവഡോർ ബ്രിക്സ് രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ക്രിപ്റ്റോ കറൻസി ഉപയോഗിക്കും എന്ന പ്രസ്‍താവനയിറക്കി ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഡോളറിന് പകരക്കാരനെ അന്വേഷിക്കുന്ന ബ്രിക്സ് രാജ്യങ്ങൾക്ക് ഇത് സ്വീകാര്യമാകുമോ?

ബ്രിക്സ് രാജ്യങ്ങളുടെ അജണ്ട

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ചേർന്ന് സ്ഥാപിച്ച സംഘടനയായ ബ്രിക്സിൽ ഇപ്പോൾ ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളും ചേർന്നിട്ടുണ്ട്. പൊതുവായ കറൻസി ബ്രിക്സ് രാജ്യങ്ങളുടെ അജണ്ടയാണ്. ഡോളറിനെ തഴയലാണ് പ്രധാന ലക്‌ഷ്യം. എന്നാൽ ഏതു കറൻസിയാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബ്രിക്സ് രാജ്യങ്ങൾ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഒരു ഡിജിറ്റൽ കറൻസി ആയിരിക്കും പൊതു കറൻസി ആയി ഉപയോഗിക്കുക എന്ന് സൂചനകളുണ്ട്.

ഡീ-ഡോളറൈസേഷന്റെ ഭാഗമായി എല്ലാവർക്കും സ്വീകാര്യമായ ബ്രിക്സ് കറൻസിയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യാന്തര  സാമ്പത്തിക ഇടപാടുകൾക്കുള്ള പ്രാഥമിക കറൻസിയായി ഡോളറിന് പകരം വയ്ക്കാൻ അധികം താമസിയാതെ ഒരു കറൻസി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാരയുദ്ധവും, ചൈനയ്ക്കും റഷ്യയ്ക്കും മേലുള്ള യുഎസ് ഉപരോധവും ഈ ചർച്ചകൾക്ക് ചൂട് കൂട്ടുകയാണ്. അതിനിടയ്ക്കാണ് ബ്രിക്സ് രാജ്യങ്ങളുമായി വ്യാപാരത്തിന് ക്രിപ്റ്റോ കറൻസി ഉപയോഗിക്കുമെന്ന് പ്രസ്താവനയുമായി എൽസാൽവഡോർ മുന്നോട്ട് വന്നിരിക്കുന്നത്. റഷ്യയും ഇക്കാര്യം മുമ്പേ പറഞ്ഞിട്ടുണ്ട്. എൽസാൽവഡോറിന് ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരണമെന്ന് താത്പര്യമുണ്ടെന്ന സൂചനകളുമുണ്ട്. എൽ സാൽവഡോർ  ഇപ്പോൾ ബിറ്റ് കോയിൻ ബോണ്ടുകളും ഇറക്കാൻ പോകുകയാണ്.

ബിറ്റ് കോയിൻ ബോണ്ട്

ബിറ്റ്‌കോയിനെ നിയമപരമായ ടെൻഡറായി അംഗീകരിച്ച ആദ്യത്തെ രാജ്യമായ എൽ സാൽവഡോർ, "വോൾക്കാനോ ബോണ്ട്" എന്ന് വിളിക്കപ്പെടുന്ന ബിറ്റ്‌കോയിൻ പിന്തുണയുള്ള ബോണ്ടിന് നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കുന്ന സുപ്രധാന  നിയമം പാസാക്കി. 'വോൾക്കാനോ ബോണ്ട്' എന്ന് വിളിക്കപ്പെടുന്ന ബിറ്റ് കോയിൻ പിന്തുണയുള്ള ബോണ്ട് കടം വീട്ടാനും, ബിറ്റ് കോയിൻ സിറ്റിയുടെ നിർമ്മാണത്തിന് ഫണ്ട് നൽകാനും, ബിറ്റ് കോയിൻ  മൈനിങ് ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കാനും ഉപയോഗിക്കും. എൽസാൽവഡോറിൽ സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമായിരിക്കുന്ന സമയത്താണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.

table-aug2

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Elsalvador and Bitcoin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com