എന്താണ് ഓഹരി വിപണിയിലെ വിക്സ്? ഇന്ന് ഇന്ത്യ വിക്സ് കുതിച്ചുകയറിയത് എങ്ങനെ?
Mail This Article
അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നെന്ന ഭീതിയും ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യവും പലിശനിരക്ക് കൂട്ടിയ ജാപ്പനീസ് കേന്ദ്രബാങ്കിന്റെ നടപടിയും രാജ്യാന്തരതലത്തിൽ തന്നെ ഇന്ന് ഓഹരി വിപണികളെ ചോരക്കളമാക്കി. ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 10 ശതമാനത്തിലധികം കൂപ്പുകുത്തി. 1987ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടം.
തായ്‍വാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെ പ്രമുഖ ഏഷ്യൻ ഓഹരികളെല്ലാം നഷ്ടത്തിലാണ്. ദക്ഷിണ കൊറിയൻ വിപണി വ്യാപാരം തൽകാലത്തേക്ക് നിറുത്തി. 4 വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണ കൊറിയ വിപണിക്ക് വ്യാപാരത്തിനിടെ ബ്രേക്കിടുന്നത്.
ഇന്ത്യയിൽ സെൻസെക്സ് 2,500 പോയിന്റ് (-3.09%) ഇടിഞ്ഞ് വ്യാപാരം ചെയ്യുന്നു. നിഫ്റ്റി 760 പോയിന്റും (-3.1%) കൂപ്പുകുത്തി. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് ഇന്ന് ഒറ്റയടിക്ക് ഒലിച്ചുപോയത് 17 ലക്ഷം കോടി രൂപ.
കത്തിക്കയറി വിക്സ് 9 വർഷത്തെ ഉയരത്തിൽ
ഇന്ത്യൻ ഓഹരി വിപണി തകർന്നപ്പോൾ പക്ഷേ, ഇന്ത്യ വിക്സ് (India VIX) സൂചിക 9 വർഷത്തെ ഉയരത്തിലേക്ക് കുതിച്ചുകയറി. എന്താണ് ഈ വിക്സ്? ഇന്ത്യൻ ഓഹരി വിപണിയിൽ ആശങ്ക അല്ലെങ്കിൽ ചാഞ്ചാട്ടത്തിന്റെ തോത് വ്യക്തമാക്കുന്ന സൂചികയാണ് ഇന്ത്യ വിക്സ് എന്ന വോളറ്റിലിറ്റി ഇൻഡെക്സ്.
സാധാരണയായി തിരഞ്ഞെടുപ്പ്, സാമ്പത്തിക പ്രതിസന്ധി, വിപണികളിലെ അനിശ്ചിതത്വം, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിൽ വിക്സ് കുതിക്കാറുണ്ട്. നിക്ഷേപകർ ആശങ്കയിലാണെന്ന് വ്യക്തമാക്കുന്നതാണ് വിക്സിന്റെ വളർച്ച. ആശങ്കയോ പ്രതിസന്ധിയോ ഇല്ലെങ്കിൽ വിക്സ് ദുർബലമായിരിക്കും. നിക്ഷേപകർക്കിടയിൽ പേടിയുടെ ഇൻഡെക്സ് എന്ന വിളിപ്പേരും ഇതിനുണ്ട്.
ഇന്ന് ഒറ്റദിവസം ഇന്ത്യ വിക്സ് 52 ശതമാനം കുതിച്ച് 22ൽ എത്തി. നിഫ്റ്റി ഇൻഡെക്സ് ഓപ്ഷൻ വിലകൾ അടിസ്ഥാനമാക്കിയാണ് വിക്സും നീങ്ങുക. വരുംദിവസങ്ങളിലും ഓഹരി വിപണി സമ്മർദ്ദത്തിലാകുമെന്ന സൂചനയാണ് വിക്സ് നൽകുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിക്സ് ശരാശരി 15 ശതമാനമായിരുന്നു.
രൂപയ്ക്ക് വമ്പൻ ഇടിവ്
രാജ്യാന്തര സാമ്പത്തിക രംഗത്തെ അനിശ്ചിത്വം, ഓഹരി വിപണിയുടെ വീഴ്ച, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ വെല്ലുവിളികൾ താങ്ങാനാവാതെ ഇന്ത്യൻ റുപ്പി ഇന്ന് ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്ക് വീണു. 0.10 ശതമാനത്തോളം ഇടിഞ്ഞ് 83.89ലാണ് രൂപ വ്യാപാരം ചെയ്യുന്നത്.
ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് 0.15 ശതമാനം കൂട്ടി 0.25 ശതമാനമാക്കിയതോടെ, കറൻസിയായ യെൻ മുന്നേറ്റത്തിലാണ്. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങുന്നതും രാജ്യാന്തര തലത്തിൽ ഡോളർ ദുർബലമായതും യെന്നിന് നേട്ടമായി. ഡോളറിനെതിരെ 0.8 ശതമാനം ഉയർന്ന് 7 മാസത്തെ ഉയരമായ 145.43ലാണ് യെൻ ഉള്ളത്.