മാന്ദ്യം പിടിമുറുക്കുമോ? ഓഹരി വിപണിയിലെ സകലമേഖലകളിലും തകർച്ച
Mail This Article
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നു എന്ന ധാരണ പടർന്നത് ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയിലും വില്പനസമ്മർദ്ദത്തിന് കാരണമായി. ഒരു വേള 23893 പോയിന്റ് വരെ വീണ നിഫ്റ്റി 2.71% നഷ്ടത്തിൽ 24048 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 2212 പോയിന്റുകൾ തകർന്ന് 78769 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് സകല മേഖലയിലും തകർച്ച നേരിട്ട ഇന്ത്യൻ വിപണിയിൽ മിക്ക സെക്ടറുകളും 2%ൽ കൂടുതൽ തകർച്ച നേരിട്ടപ്പോൾ എഫ്എംസിജി സെക്ടർ 0.3% മാത്രം നഷ്ടമാണ് കുറിച്ചത്. ഫാർമ സെക്ടറിന്റെ നഷ്ടം 1.5% മാത്രമാണ്.
ഇന്നും ലോക വിപണികൾക്കൊപ്പം വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ചത്തേത് പോലെ തിരിച്ചുവരവിന് ഭയപ്പെട്ടത് അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും തകരുന്നതിനാൽ തന്നെയാണ്. എന്നാൽ മാന്ദ്യ ഭീഷണിയില്ലാത്ത ഇന്ത്യയിലേക്ക് ആഭ്യന്തരനിക്ഷേപകർക്കൊപ്പം വിദേശ ഫണ്ടുകൾ കൂടുതലായി ‘തിരിച്ചു’ വന്നേക്കാവുന്നത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.
പുതിയ ഡേറ്റകളൊന്നും വരാനില്ലാത്തതിനാൽ അമേരിക്കയിലെ വില്പന സമ്മർദ്ദം കുറയുകയൂം, ജപ്പാൻ അടക്കമുള്ള വിപണികളിൽ വാങ്ങൽ വരികയും ചെയ്തേക്കാവുന്നത് ഇന്ത്യൻ വിപണിക്ക് കുതിപ്പ് നൽകിയേക്കാം. അല്ലാത്ത പക്ഷം ഇന്ത്യൻ വിപണിയിലും കൂടുതൽ വാങ്ങൽ അവസരം ഒരുക്കപ്പെട്ടേക്കാം.
പരിഭ്രാന്തിയിൽ അമേരിക്ക
വ്യാഴാഴ്ച വന്ന അമേരിക്കയുടെ മോശം മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയുടെ അലയൊലികൾ അടങ്ങുന്നതിന് മുൻപ് തന്നെ വെള്ളിയാഴ്ച വന്ന ജൂലൈ മാസത്തിലെ അമേരിക്കൻ തൊഴിൽ ലഭ്യത കണക്കുകളും അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ‘നേർചിത്രം’ വിപണിക്ക് മുന്നിൽ തുറന്നിട്ടതോടെ വിപണി അക്ഷരാർത്ഥത്തിൽ ഭയപ്പാടിലായി. കോവിഡ് പ്രതിസന്ധി നേരിടാനായി അമേരിക്കയുടെ മുൻ പ്രസിഡന്റ് ഫെഡ് റിസർവിനെ ‘കൊണ്ടെടുപ്പിച്ച’ നയതീരുമാനങ്ങള്‍ അമേരിക്കയുടെ സമ്പദ് ഘടനയെ തന്നെ പ്രതിസന്ധിയിലാക്കിയുണ്ടെന്നും ഫെഡ് ഉയർത്തിയ നിരക്കുകൾ നേരത്തെ തന്നെ കുറയ്ക്കേണ്ടതായിരുന്നു എന്ന മുറവിളിയും വിപണിയിൽ ശക്തമാണ്.
അമേരിക്കൻ ടെക്ക് ഫ്യൂച്ചറുകൾ ഇന്നും 4% നഷ്ടത്തിലാണ് തുടരുന്നത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ടെക്ക് ഓഹരികളെല്ലാം പ്രീ മാർക്കറ്റിൽ അതീവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. എൻവിഡിയ 9%വും, ആപ്പിൾ 8%വും, ടെസ്ല 7%വും നഷ്ടത്തിലാണ് തുടരുന്നത്.
ഫെഡ് നടപടി
അമേരിക്കയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടാതിരിക്കാനുള്ള നടപടികളിലേക്ക് ഫെഡ് റിസേർവ് തിരിയുമെന്ന പ്രതീക്ഷയിലാണ് വിപണി. നിരക്ക് കുറയ്ക്കുന്നതിന് ഫെഡ് റിസേർവ് സെപ്തംബര്‍ വരെ കാത്ത് നിൽക്കില്ല എന്ന പ്രതീക്ഷയും സജീവമാണ്. എന്നാൽ പെട്ടെന്ന് നിരക്ക് കുറയ്ക്കുന്നതും, കുറക്കലിന്റെ തോതും ഡോളർ വിലയെ സ്വാധീനിക്കുമെന്നതും ഫെഡ് റിസർവ് കണക്കിലെടുത്തേക്കാം.
മാന്ദ്യം ‘പിടിച്ചു’ കഴിഞ്ഞ സാഹചര്യത്തിൽ ഫെഡ് റിസർവ് ഇക്കൊല്ലം തന്നെ മൂന്ന് തവണയെങ്കിലും നിരക്ക് കുറക്കാൻ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗോൾഡ്മാൻ സാക്‌സ് കുറിപ്പിറക്കി. ഫെഡ് റിസർവിന്റെ അടിയന്തര യോഗതീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് വിപണി.
മാന്ദ്യഭീതിയിൽ ഉരുകി ജപ്പാൻ
ജാപ്പനീസ് വിപണി ഇന്ന് 13% നഷ്ടമാണ് കുറിച്ചത്. കൊറിയ 8.77%വും, ചൈന ഒന്നര ശതമാനവും നഷ്ടം ഇന്ന് കുറിച്ചു. മിക്ക യൂറോപ്യൻ വിപണികളും 2%ൽ കൂടുതൽ നഷ്ടത്തിലും വ്യാപാരം തുടരുന്നു.
ആർബിഐ യോഗം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നയങ്ങളും നിരക്കുകളും വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കുന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ സാഹചര്യത്തിൽ ആർബിഐ അനുകൂല നയങ്ങൾ സ്വീകരിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ഐപിഓ
വെള്ളിയാഴ്ച ആരംഭിച്ച ഓല ഇലക്ട്രിക്കിന്റെ ഐപിഓ നാളെ അവസാനിക്കും. ഐപിഓയിലൂടെ 72-76 രൂപ നിരക്കിൽ 6145 കോടി രൂപയാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.