വാട്‌സാപ് സന്ദേശം കണ്ട് നിക്ഷേപിക്കരുത്, ബോധവത്കരണം വേണമെന്ന് വിവേക് കൃഷ്ണ ഗോവിന്ദ്
Mail This Article
കേരളത്തിൽ വാട്‌സാപ് സന്ദേശം കണ്ടും നിക്ഷേപിക്കുന്നവരുണ്ടെന്ന് ടൈ കേരള വൈസ് പ്രസിഡന്‍റ് വിവേക് കൃഷ്ണ ഗോവിന്ദ്. മലയാള മനോരമ സമ്പാദ്യവും ജിയോജിത് ഫിനാൻഷ്യൽ സർവീസസും കൊച്ചി സെന്‍റ്. ആൽബർട്ട്സ് കോളജ്, ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി സഹകരിച്ച് നടത്തിയ ഓഹരി–മ്യൂച്വൽഫണ്ട് നിക്ഷേപ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാർ ഓഹരി നിക്ഷേപത്തിലേക്ക് വരുകയാണ്. സൂക്ഷിക്കേണ്ടിടത്ത് സൂക്ഷിക്കണമെന്നും നിക്ഷേപിക്കും മുമ്പ് അത് പഠിക്കാൻ സമയം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജിയോജിത് ചീഫ് ഇൻവസ്റ്റ്‌മെന്‍റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഓഹരി കയറ്റിറക്കങ്ങളുടേതാണെന്നും തിരുത്തലുകൾ നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഹരി നിക്ഷേപത്തിന്‍റെ സാധ്യതകൾ എടുത്തുകാട്ടുന്നതായിരുന്നു പ്രഭാഷണം. കോളജ് ചെയർമാനും മാനേജറുമായ റവ.ഡോ.ആന്‍റണി തോപ്പിൽ അധ്യക്ഷത വഹിച്ചു. ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഡീൻ ഡോ. ജിയോ ജോസ് ഫെർണാണ്ടസ് സ്വാഗതം പറഞ്ഞു. ഡോ. മഞ്‌ജു ദാസ് എസ്.കെ. (ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട്) , സ്മിത സി ചെറിയാൻ (ജിയോജിത്) എന്നിവരായിരുന്നു സെമിനാർ കോർഡിനേറ്റർമാർ.
മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് രാജ്യശ്രീ എസ്, ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ.ജി, ജിയോജിത് കൊച്ചി റീജിയണൽ മനേജർ സുനിത ജോൺ, മനോരമ ഡെപ്യൂട്ടി ജനറൽ മാനേജർ രമേശ്.എസ്, ജിയോജിത് കലൂർ ബ്രാഞ്ച് ഹെഡ് റഹ്മത് എ. എന്നിവർ സംസാരിച്ചു. ആദ്യം റജിസ്റ്റർ ചെയ്തു പങ്കെടുത്ത 100 പേർക്ക് മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.