ADVERTISEMENT

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സംരംഭക ലോകത്ത് തന്റെ പുതിയ ഇന്നിങ്സിനൊരുങ്ങുന്നു. സ്പോർട്സ് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭത്തിനാണ് സച്ചിൻ തുടക്കമിടുന്നത്. സച്ചിനൊപ്പം സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ മുൻ മേധാവി കാർത്തിക് ഗുരുമൂർത്തിയും മുൻ വൈസ് പ്രസിഡന്റ് കരൺ അറോറയും സഹസ്ഥാപകരായുണ്ടാകും.

കായിക ഇനങ്ങൾ, ജിം, സ്പോർട്സ് ട്രെയിനിങ് തുടങ്ങിയവയ്ക്ക് അനുയോജ്യമായ ഉൽപന്നങ്ങളാണ് ഇന്ത്യയിൽ തന്നെ നിർമിച്ച്, ആകർഷക വിലയിൽ ഈ സ്പോർട്സ് അത്‍ലീഷർ ബ്രാൻഡ് വിപണിയിലെത്തിക്കുക. ക്രിക്കറ്റിനും ബാഡ്മിന്റണിനും അനുയോജ്യമായ ഉൽപന്നങ്ങൾ അവതരിപ്പിച്ചാകും തുടക്കം. 

സച്ചിൻ തെൻഡുൽക്കർ
സച്ചിൻ തെൻഡുൽക്കർ

സച്ചിൻ തെൻഡുൽക്കറും വെഞ്ചർഫണ്ട് സ്ഥാപനമായ വൈറ്റ്ബോർഡ് കാപ്പിറ്റലും ചേർന്ന് തുടക്കമിട്ട എസ്ആർടി10 അത്‍ലീഷർ പ്രൈവറ്റ് ലിമിറ്റഡാണ് സംരംഭത്തിന്റെ മാതൃസ്ഥാപനം. സച്ചിനും വൈറ്റ്ബോർഡ് കാപ്പിറ്റലുമാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. വെഞ്ചർ കാപ്പിറ്റൽ ഫണ്ടുകളിൽ നിന്ന് മൂലധന സമാഹരണം നടത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

സച്ചിൻ നേരത്തേ ബ്രാൻഡ് അംബാസഡർ, നിക്ഷേപകൻ എന്നീ നിലകളിൽ നിരവധി ബ്രാൻഡുകളുമായി സഹകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സംരംഭത്തിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളിയാകുന്നത്. പ്രമുഖ സ്പോർട്സ് ബ്രാൻഡുകളായ നൈക്കി, അഡിഡാസ്, പ്യൂമ എന്നിവയോടാകും വിപണിയിൽ പ്രധാനമായും എസ്ആർടി10 അത്‍ലീഷർ ഏറ്റുമുട്ടുക. ഇന്ത്യയിൽ സ്പോർട്സ്, ജീം അനുബന്ധ ഉൽപന്നങ്ങൾക്ക് വൻ സ്വീകാര്യതയുണ്ടെന്നത് കരുത്താക്കിയാണ് സച്ചിന്റെ പുതിയ ഇന്നിങ്സ്.

സംരംഭകനായും മികച്ച ഫോമിൽ
 

അർവിന്ദ് ഫാഷൻസുമായി ചേർന്ന് ആരംഭിച്ച പുരുഷന്മാരുടെ വസ്ത്ര ബ്രാൻഡായ ട്രൂ ബ്ലൂവിന്റെ സഹസ്ഥാപകനും ബ്രാൻഡ് അംബാസഡറുമാണ് സച്ചിൻ‍. സ്പിന്നി, ബൂസ്റ്റ്, ബിഎംഡബ്ല്യു തുടങ്ങിയവയുമായും സച്ചിൻ സഹകരിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപകനെന്ന നിലയിലും സച്ചിൻ മികച്ച പ്രകടനമാണ് നടത്തുന്നത്.

Indian cricketers hoist teammate Sachin Tendulkar (C) onto their shoulders after victory in the Cricket World Cup 2011 final over Sri Lanka at The Wankhede Stadium in Mumbai on April 2, 2011. India beat Sri Lanka by six wickets.  AFP PHOTO/Indranil MUKHERJEE (Photo by INDRANIL MUKHERJEE / AFP)
Indian cricketers hoist teammate Sachin Tendulkar (C) onto their shoulders after victory in the Cricket World Cup 2011 final over Sri Lanka at The Wankhede Stadium in Mumbai on April 2, 2011. India beat Sri Lanka by six wickets. AFP PHOTO/Indranil MUKHERJEE (Photo by INDRANIL MUKHERJEE / AFP)

സച്ചിന് ഓഹരി പങ്കാളിത്തമുള്ള, കുട്ടികളുടെ ഉൽപന്ന ബ്രാൻഡായ ഫസ്റ്റ്ക്രൈ കഴിഞ്ഞദിവസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു. 9.99 കോടി രൂപയാണ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) മുമ്പ് ഫസ്റ്റ്ക്രൈയിൽ സച്ചിനുണ്ടായിരുന്ന നിക്ഷേപം. ലിസ്റ്റിങ്ങിന് പിന്നാലെ, അദ്ദേഹത്തിന്റെ നിക്ഷേപത്തിന്റെ മൂല്യം 13.82 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

നേരത്തേ ആസാദ് എൻജിനിയറിങ് എന്ന കമ്പനിയിൽ സച്ചിൻ നിക്ഷേപിച്ച 4.99 കോടി രൂപയും ലിസ്റ്റിങ്ങിന് പിന്നാലെ 60 കോടി രൂപയായി ഉയർന്നിരുന്നു. ഒറ്റവർഷം കൊണ്ടായിരുന്നു സച്ചിന്റെ നിക്ഷേപമൂല്യം 4.99 കോടിയിൽ നിന്ന് 60 കോടി രൂപയായി വർധിച്ചത്.

India's former cricketer Sachin Tendulkar (L) and Chief Election Commissioner of India Rajiv Kumar attend an event in New Delhi on August 23, 2023, after the former was recognised as the 'national icon' of the Election Commission of India. (Photo by Sajjad HUSSAIN / AFP)
India's former cricketer Sachin Tendulkar (L) and Chief Election Commissioner of India Rajiv Kumar attend an event in New Delhi on August 23, 2023, after the former was recognised as the 'national icon' of the Election Commission of India. (Photo by Sajjad HUSSAIN / AFP)

സച്ചിന് പുറമേ മറ്റ് ക്രിക്കറ്റ് താരങ്ങളും മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരുമായ വിരാട് കോലി, മഹേന്ദ്ര സിങ് ധോണി തുടങ്ങിയവരും നേരത്തേ സ്വന്തം സ്പോർട്സ് ഉൽപന്ന ബ്രാൻഡുകൾ ആരംഭിച്ചവരാണ്. യൂണിവേഴ്സൽ സ്പോർട്ബിസ് എന്നാണ് കോഹ്‍ലിയുടെ കമ്പനിയുടെ പേര്. പ്രമുഖ വസ്ത്ര ബ്രാൻഡായ റോങ് (WROGN) ഈ കമ്പനിക്ക് കീഴിലുള്ളതാണ്. ലൈഫ് സ്റ്റൈൽ ബ്രാൻഡായ സെവൻ ബൈ എംഎസ് ധോണി ആണ് ധോണിയുടെ കമ്പനി.

English Summary:

Sachin Tendulkar dives into the world of business with his new sportswear brand, SRT10 Athleisure. Partnering with industry experts, Sachin aims to deliver high-quality, affordable sports products made in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com