ഫെഡ് പ്രതീക്ഷയിൽ തുടരെ റെക്കോർഡ് തകർത്ത് ഓഹരി വിപണി
Mail This Article
ഫെഡ് പ്രതീക്ഷകൾ സജീവമായി തുടരുന്നത് ഇന്ത്യൻ വിപണിക്ക് മികച്ച തുടക്കം നൽകി. നിഫ്റ്റി 25400 പോയിന്റിൽ വ്യാപാരം ആരംഭിച്ച ശേഷം 25445 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ചു. ഉയർച്ചതാഴ്ചകൾക്ക് ശേഷം നിഫ്റ്റി 25383 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 83184ൽ പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 82988 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഫെഡ് പ്രതീക്ഷയിൽ ഇന്ത്യൻ വിപണി തുടർന്നും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
എഫ്എംസിജിയും, ഐടിയും നഷ്ടം കുറിച്ച ഇന്ന് പൊതു മേഖല ബാങ്കുകളും, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസും, ഫാർമയും നഷ്ടമൊഴിവാക്കി. മെറ്റൽ, എനർജി, റിയൽറ്റി മേഖലകളിൽ ഇന്ന് വാങ്ങൽ കണ്ടു. സ്‌മോൾ ക്യാപ് സൂചികയും നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്.
ബജാജ് ഹൗസിങ്ങിന്റെ മികച്ച ലിസ്റ്റിങ് ഇന്ന് ഇന്ത്യൻ വിപണിക്ക് ആവേശം നൽകി. മൂന്ന് ലക്ഷം കോടിയിൽപരം തുക പിരിച്ച ഐപിഓക്ക് ശേഷം 150 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി 135% നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. ബജാജ് ഹൗസിങ് ഐപിഓ വിജയം പ്രതീക്ഷിച്ച് മുന്നേറിയ ബജാജ് ഫിൻ ഇരട്ടകൾ ഇന്ന് ലാഭമെടുക്കലും നേരിട്ടു. മറ്റ് ഹൗസിങ് ഫിനാൻസ് ഓഹരികളും ലാഭമെടുക്കൽ നേരിട്ടു. പിഎൻബി ഹൗസിങ്ങും എൽഐസി ഹൗസിങും 6% വീതം വീണു.
ഇൻഷുറൻസ് ജിഎസ്ടി
ജിഎസ്ടി കൗൺസിലിന്റെ നവംബറിലെ അടുത്ത യോഗത്തിന് മുന്നോടിയായി ഒക്ടോബർ 30ന് മുൻപായി മന്ത്രിസഭാസമിതി തീരുമാനമെടുക്കുമെന്നത് ലൈഫ്, ഹെൽത്ത് ഇൻഷുറസ് മേഖലയ്ക്ക് പ്രതീക്ഷയാണ്.
ഫെഡ് മീറ്റിങ് നാളെ
വർഷങ്ങൾ നീണ്ട ഫെഡ് നിരക്ക് വർദ്ധനയും, ഹോക്കിഷ് നയങ്ങളും നാളെ ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗം തിരുത്തി തുടങ്ങുമെന്ന പ്രതീക്ഷ അമേരിക്കൻ വിപണിയ്ക്കൊപ്പം ലോക വിപണിയുടെയും പ്രതീക്ഷയാണ്. ബുധനാഴ്ച വൈകിയാണ് ഫെഡ് റിസർവിന്റെ പുതിയ ഔദ്യോഗിക ഫെഡ് നയങ്ങളും പ്രഖ്യാപിക്കപ്പെടുക. ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനങ്ങളാകും വിപണിയുടെ തുടർഗതി നിർണയിക്കുക. .
ജർമൻ പിപിഐ വീണ്ടും നെഗറ്റീവ് സോണിലേക്ക് കൂടുതൽ വീഴുന്നത് ജിഡിപിയെ ബാധിച്ചേക്കാം. ജർമൻ വിപണി നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
ഫെഡ് നിരക്ക് കുറയ്ക്കുന്നത് അനുകൂലമാകുമെന്ന പ്രതീക്ഷയും, ചൈനയും പലിശ നിരക്കിൽ കുറവ് വരുത്തിയേക്കാവുന്നതും ക്രൂഡ് ഓയിലിന് പ്രതീക്ഷയാണ്. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തെ കുറിച്ചുള്ള സൂചനകളും ക്രൂഡ് ഓയിലിനെ സ്വാധീനിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ 72 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം @ റെക്കോർഡ്
ഫെഡ് നിരക്ക് വർധന ഡോളറിനും, ബോണ്ട് യീൽഡിനും തിരുത്തൽ നൽകാമെന്നത് സ്വർണത്തിന് വീണ്ടും പ്രതീക്ഷയാണ്. രാജ്യാന്തര സ്വർണ വില ഇന്ന് വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം 2610 ഡോളറിലാണ് തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 3.64%ലാണ് തുടരുന്നത്.
ഐപിഓ
ഇന്നാരംഭിച്ച ആർക്കേഡ് ഡെവലപ്പേഴ്‌സ്, നോർത്തേൺ ആർക് കാപിറ്റൽ, ഒസെൽ ഡിവൈസസ് മുതലായ ഐപിഓകൾ ബുധനാഴ്ച്ച അവസാനിക്കും.
സ്വിഗ്ഗിയുടെ ഐപിഒ അപേക്ഷ ഈയാഴ്ച സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക