ഫെഡ് നിരക്ക് കുറച്ചു, ഇന്ത്യൻ ഓഹരി വിപണിയിൽ ഇനിയെന്ത്?
Mail This Article
വിപണിയുടെ ആഗ്രഹം സഫലമാക്കികൊണ്ട് ഫെഡ് റിസർവ് അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ച് 5.25-5.50%ൽ നിന്നും 4.75-5%ലേക്ക് പുതുക്കി നിശ്ചയിച്ചു. ഫെഡ് അംഗങ്ങളുടെ വോട്ടിങ് രീതി കൂടി പരിഗണിച്ചാൽ ഈ വർഷത്തിലിനി നടക്കാനുള്ള രണ്ട് യോഗങ്ങളിലും ഫെഡ് റിസർവ് 25 ബേസിസ് പോയിന്റുകൾ വീതം കൂടി കുറച്ച് ഫെഡ് നിരക്ക് 4.4%ൽ എത്തിക്കുമെന്ന് കരുതുന്നു. ഫെഡ് റിസർവിന്റെ ഇക്കൊല്ലത്തെ അനുമാനവും 4.4% ആയി നിജപ്പെടുത്തിക്കഴിഞ്ഞു.
അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം കണക്കാക്കുന്ന സിപിഐയുടെ വാർഷിക വളർച്ച ലക്ഷ്യമായിരുന്ന 2%ലേക്ക് എത്തുമെന്നുറപ്പിച്ചതാണ് ഫെഡ് നിരക്ക് കുറയ്ക്കലിന് ആധാരമായത്.
യാഥാർഥ്യമായിക്കഴിഞ്ഞ ഫെഡ് നിരക്ക് കുറയ്ക്കൽ ഇന്നലെ അമേരിക്കൻ വിപണിക്ക് തുടർ മുന്നേറ്റം നൽകിയില്ല. ക്രമേണ വർദ്ധിപ്പിച്ച ഫെഡ് നിരക്ക് കഴിഞ്ഞ ജൂലൈ മുതൽ 5.25-5.50%ൽ നിന്ന കാലഘട്ടത്തിൽ ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷയിൽ 28%ൽ കൂടുതൽ മുന്നേറ്റമാണ് നടത്തിയത്. ഇതേ കാലയളവിൽ എസ്&പി-500 സൂചിക 26%ൽ കൂടുതലും മുന്നേറ്റം നടത്തി. മുൻകാല അനുഭവങ്ങൾ പ്രകാരം ഫെഡ് നിരക്ക് കുറയ്ക്കലുകൾ വിപണിയിൽ ലാഭമെടുക്കലുകൾക്ക് കാരണമായിട്ടുണ്ട് എന്നതും വിപണി കണക്കിലെടുത്തേക്കാം.
ഇന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നേട്ടത്തിലാണ് തുടരുന്നത്. ജാപ്പനീസ് വിപണി 2% നേട്ടത്തിലും വ്യാപാരം തുടരുന്നു. ഇന്നലെ നഷ്ടത്തിൽ ക്ളോസ് ചെയ്ത ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റ പ്രതീക്ഷയിലാണ്.
ഫെഡ് ഇഫക്ട്
ഫെഡ് നിരക്ക് കുറയ്ക്കൽ സ്ഥിര വരുമാന നിക്ഷേപങ്ങളിൽ നിന്നും പണം തിരികെ വിപണിയിലേക്ക് ഒഴുക്കുമെന്ന പ്രതീക്ഷ വിപണിക്ക് അനുകൂലമാണ്. സ്വർണത്തിലെ നിക്ഷേപങ്ങൾ പോലും വിപണിയിലേക്ക് ഒഴുകിയേക്കാം. ഇന്ത്യൻ വിപണിയും രാജ്യാന്തര ഫണ്ടുകളുടെ കൂടുതൽ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നു.
പണപ്പെരുപ്പം വിട്ട് മാന്ദ്യത്തിലേക്ക്
കോവിഡ്-കാല പ്രതിസന്ധി മറികടക്കാനായി കൈക്കൊണ്ട സാമ്പത്തിക ഉത്തേജന നടപടികളുടെ ഉപോൽപ്പന്നമായ വിലക്കയറ്റം തടയാനായി നടത്തിയ പലിശ നിരക്ക് വർദ്ധനയും, ഉയർന്ന നിരക്ക് ദീർഘകാലം നിലനിർത്തിയ നടപടിയും പണപ്പെരുപ്പത്തിന് തടയിടാനും ഡോളർ വീഴ്ച തടയാനും സഹായിച്ചു. എന്നാൽ അമേരിക്കൻ സമ്പദ് വ്യവസ്ഥയെ പണപ്പെരുപ്പ ഭീഷണിയിൽ നിന്നും ഫെഡ് ചെയർമാൻ ജെറോം പവലും കൂട്ടരും സാമ്പത്തിക മാന്ദ്യ സൂചനകളിലേക്കാണ് കൂട്ടിക്കൊണ്ട് പോയത്.
സാധാരണഗതിയിൽ നയാവലോകയോഗങ്ങളിൽ വിപണിയുടെ അനുമാനങ്ങൾ നിറവേറ്റാതിരുന്ന ഫെഡ് റിസർവ് ഇത്തവണ വിപണിയുടെ ഏറ്റവും മികച്ച പ്രതീക്ഷയായിരുന്ന 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കൽ തന്നെ നടത്തിയത് ഫെഡ് റിസർവും മാന്ദ്യഭയത്തിലാണെന്ന സൂചനയാണ് വിപണിക്ക് നൽകുന്നത്.
ഫെഡ് നിരക്ക് രാഷ്ട്രീയം
നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ നില മെച്ചപ്പെടുത്താനും ഫെഡ് റിസർവ് തീരുമാനങ്ങൾ തുണച്ചേക്കാം. അമേരിക്കൻ തിരഞ്ഞെടുപ്പിന് മുൻപ് ഫെഡ് നിരക്ക് കുറയ്ക്കുമെന്നതും സാധാരണ നിക്ഷേപകരുടെ പ്രതീക്ഷയായിരുന്നു.
ഫെഡ് നിരക്ക് ഇന്ത്യൻ വിപണിക്ക്
ഐടി, ഫാർമ, മെറ്റൽ, ക്രൂഡ് ഓയിൽ ഓഹരികൾക്ക് ഫെഡ് തീരുമാനം അനുകൂലമായേക്കാം. ആദ്യ പ്രതികരണമായി വിപണി വീണെങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ തിരിച്ചു വരവ് നടത്തുന്നത് ഇന്ത്യൻ ഐടിയിൽ വീണ്ടും വാങ്ങലിന് വഴി വെച്ചേക്കാം.
ഫെഡ് റിസർവ് തീരുമാനങ്ങൾ കാത്ത് മുന്നേറി നിന്ന ഐടി സെക്ടർ 25 ബേസിസ് പോയിന്റിൽ താഴെ നിരക്ക് കുറച്ചേയ്ക്കാമെന്ന ഭയത്തിൽ ഇന്നലെ 3%ൽ കൂടുതൽ നഷ്ടം കുറിച്ചിരുന്നു. രണ്ടാം പാദഫലങ്ങൾ വരാനിരിക്കെ ഐടിയിൽ ഇനി തിരുത്തൽ അവസരമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക