ഇന്ന് നഷ്ടം, വിദേശ ഫണ്ടുകൾ പിൻവലിച്ചേക്കും, ഇന്ത്യൻ വിപണിക്ക് ഫെഡ് കെണിയോ?
Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മികച്ച വിലകളിൽ നടന്ന ലാഭമെടുക്കലിൽ ക്രമപ്പെട്ടു. ആദ്യ മണിക്കൂറിൽ തന്നെ പുതിയ റെക്കോർഡ് ഉയരമായ 25611 പോയിന്റ് കുറിച്ച നിഫ്റ്റി പിന്നീട് ക്രമപ്പെട്ട് 38 പോയിന്റ് നേട്ടത്തിൽ 25415 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 83773 പോയിന്റെന്ന പുതിയ ഉയരം കുറിച്ച സെൻസെക്സ് 236 പോയിന്റ് നേട്ടത്തിൽ 83184 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
റെയിൽ, ഡിഫൻസ്, ഷിപ്പ് ബിൽഡിങ് അടക്കമുള്ള പൊതു മേഖല ഓഹരികളും, ഹൗസിങ് ഫിനാൻസ്, എനർജി, വളം, ഇൻഫ്രാ സെക്ടറുകൾ ലാഭമെടുക്കലിൽ വീണത് ഇന്ത്യൻ നിക്ഷേപകർക്ക് വലിയ നഷ്ടം നൽകി. ബജാജ് ഹൗസിങ് ഫിനാൻസിൽ വന്ന ലാഭമെടുക്കൽ ഇന്ന് മറ്റ് ഹൗസിങ് ഫിനാൻഷ്യൽ ഓഹരികൾക്കും ഇന്ന് തിരുത്തൽ നൽകി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 1.3% നഷ്ടമാണ് കുറിച്ചത്.
തകർന്ന് പോയ ഇന്ത്യൻ വിപണിയെ റിലയൻസ്-എച്ച്ഡിഎഫ്സി ദ്വയങ്ങളാണ് വീഴാതെ കാത്തത്. അവസാന മണിക്കൂറുകളിൽ ഇൻഫോസിസിന്റെ നേതൃത്വത്തിൽ ഐടി ഓഹരികളിൽ വന്ന വാങ്ങലും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ബാങ്കിങ്, ഫിനാഷ്യൽ, ഓട്ടോ, എഫ്എംസിജി, റിയൽറ്റി സെക്ടറുകൾ ഇന്ന് നേട്ടം കുറിച്ചു.
വീണ്ടും വീണ് ഐഡിയ
എജിആർ വിഷയത്തിൽ വൊഡാഫോൺ ഐഡിയ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളിയത് ഇന്ന് വൊഡാഫോൺ ഐഡിയക്ക് 18% തകർച്ച നൽകി. വൊഡാഫോൺ ഐഡിയയുടെ എജിആർ ബാധ്യത 70300 കോടി രൂപയുടേതാണ്.
ഇന്ത്യൻ വിപണിക്ക് ഫെഡ് കെണിയോ?
ഇന്ത്യൻ വിപണി അടക്കമുള്ള എമർജിങ് വിപണികളിൽ നിന്നും അമേരിക്കൻ വിപണിയിലെ ‘ഫെഡ്’ അവസരം മുതലാക്കാനായി വിദേശ ഫണ്ടുകൾ പണം പിൻവലിക്കാനുള്ള സാധ്യത ഇന്ത്യൻ വിപണിക്കും ഭീഷണിയാണ്.
ഇസിബിക്കും, ഫെഡ് റിസർവിനും പിന്നാലെ ആർബിഐയും റീപോ നിരക്ക് കുറച്ചേക്കാനുള്ള സാധ്യതയും ഇന്ത്യൻ വിപണിയിൽ ചർച്ചയായേക്കാമെന്നത് അനുകൂലമാണ്.
മുന്നേറ്റം പ്രതീക്ഷിച്ച് അമേരിക്കൻ വിപണി
ഫെഡ് റിസർവിന്റെ അര ശതമാനം നിരക്ക് കുറയ്ക്കൽ ഇന്നലെ അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകിയില്ലെങ്കിലും ഇന്ന് അമേരിക്കൻ വിപണി മികച്ച തുടക്കം പ്രതീക്ഷിക്കുന്നു. അമേരിക്കൻ ഫ്യൂച്ചറുകൾ മികച്ച നിരക്കിലാണ് വ്യാപാരം തുടരുന്നത്. യുഎസ് ടെക്ക്-100 ഫ്യൂച്ചർ 2%വും, എസ്%പി ഫ്യൂച്ചർ 1.5%വും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ജാപ്പനീസ് വിപണി 2% മുന്നേറിയപ്പോൾ യൂറോപ്യൻ വിപണികളും മികച്ച കുതിപ്പ് നടത്തി. ഡാക്സ്, കാക് സൂചികകൾ 1%ൽ മുകളിൽ നേട്ടത്തിലാണ് തുടരുന്നത്.
അമേരിക്കൻ പണപ്പെരുപ്പം ക്രമപ്പെടുന്നതിനൊപ്പം അമേരിക്കയുടെ സാമ്പത്തിക വളർച്ച തോത് കുറഞ്ഞേക്കാമെന്ന ഫെഡ് ചെയർമാന്റെ സൂചനയാണ് ഇന്നലെ അമേരിക്കൻ വിപണിയുടെ മുന്നേറ്റം തടഞ്ഞത്.
ക്രൂഡ് ഓയിൽ
അമേരിക്കൻ ഫെഡ് റിസർവിന്റെ പിന്തുണയിൽ ക്രൂഡ് ഓയിലും ഇന്ന് ഏഷ്യൻ വിപണി സമയത്ത് തിരിച്ചു വരവ് നടത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒരു ശതമാനം മുന്നേറി 74 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
മുന്നേറി ബേസ് മെറ്റലുകൾ
അമേരിക്കൻ ഫെഡ് റിസർവിന്റെ പുത്തൻ വിശാല നയങ്ങളും, പലിശ നിരക്ക് കുറച്ച നടപടിയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് ബേസ് മെറ്റലുകൾക്കും മുന്നേറ്റം നൽകി. വെള്ളി 2.6%വും, കോപ്പർ 1.50%വും, നിക്കൽ 1%വും മുന്നേറി. മെറ്റൽ ഓഹരികളും തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു.
സ്വർണം
ഫെഡ് നിരക്ക് കുറയ്ക്കൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്വർണം രാജ്യാന്തര വിപണിയിൽ ഇന്നലെ തിരിച്ചടി നേരിട്ടെങ്കിലും ഇന്ന് വീണ്ടും 2600 ഡോളറിന് മുകളിലേക്ക് മുന്നേറി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 3.7%ലാണ് വ്യാപാരം തുടരുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക