ഐപിഒയ്ക്ക് മുമ്പ് ഈ കമ്പനിയുടെ ഓഹരി വാങ്ങിക്കൂട്ടി മാധുരി ദീക്ഷിത്
Mail This Article
രാജ്യത്തെ പ്രധാന ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി പ്രഥമ ഓഹരി വില്‍പ്പനയ്ക്കുള്ള (ഐപിഒ) തയാറെടുപ്പിലാണ്. എന്നാല്‍ ഇതിന് മുമ്പ് വന്‍ സാധ്യതകള്‍ മനസിലാക്കി സ്വിഗ്ഗിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ് ഇന്നലെകളിലെ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്.
ദ്വിതീയ വിപണിയില്‍ (സെക്കന്‍ഡറി മാര്‍ക്കറ്റ്) നിന്നാണ് മാധുരി സ്വിഗ്ഗിയുടെ ഓഹരികള്‍ വാങ്ങിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോവര്‍ക്കിങ് സ്റ്റാര്‍ട്ടപ്പായ ഇന്നോവ്8-ന്റെ സ്ഥാപകന്‍ റിതേഷ് മാലിക്കുമായി ചേര്‍ന്നാണ് മാധുരി സ്വിഗ്ഗിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഇരുവരും ചേര്‍ന്ന് മൂന്ന് കോടി രൂപയുടെ സ്വിഗ്ഗി ഓഹരികളാണ് വാങ്ങിയിരിക്കുന്നത്. 1.5 കോടി രൂപയുടെ ഓഹരികള്‍ മാധുരിയും ശേഷിക്കുന്നത് റിതേഷും കൈവശപ്പെടുത്തി. സ്വിഗ്ഗിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായ അവെന്‍ഡസാണ് ഇടപാടുകള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. പ്രതിഓഹരിക്ക് 345 രൂപ വിലയിലാണ് മാധുരി സ്വിഗ്ഗിയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
ഈ വര്‍ഷം അവസാനമായിരിക്കും സ്വിഗ്ഗിയുടെ ഐപിഒ നടക്കുക. 11,664 കോടി രൂപ സമാഹരിക്കാനാണ് ഓണ്‍ലൈന്‍ ഭക്ഷ്യ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പദ്ധതിയിട്ടിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ 11,247 കോടി രൂപയുടെ മികച്ച വരുമാനം നേടാന്‍ സ്വിഗ്ഗിക്കായിരുന്നു. പോയ വര്‍ഷത്തെ അപേക്ഷിച്ച് 36 ശതമാനം വര്‍ധന വരുമാനത്തില്‍ നേടാനായി. നഷ്ടം 44 ശതമാനം കുറയ്ക്കാനും സ്വിഗ്ഗിക്ക് സാധിച്ചു. നിലവില്‍ 2350 കോടി രൂപയാണ് സ്വിഗ്ഗിയുടെ നഷ്ടം.
സ്വിഗ്ഗിയുടെ പ്രധാന എതിരാളികളായ സൊമാറ്റോയുടെ വരുമാനം 12,114 കോടി രൂപയാണ്. അതേസമയം 351 കോടി രൂപയുടെ ലാഭം നേടാന്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ സൊമാറ്റോയ്ക്കായി.
ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിങ്, ഡെലിവറി പ്ലാറ്റ്ഫോമുകളില്‍ മുന്‍നിരയിലുണ്ട് സ്വിഗ്ഗി. 2014 ല്‍ സ്ഥാപിതമായ സ്വിഗ്ഗി, ബാംഗ്ലൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീഹര്‍ഷ മജേതി, നന്ദന്‍ റെഡ്ഡി, രാഹുല്‍ ജെയ്മിനി എന്നിവര്‍ ചേര്‍ന്നാണ് 10 വര്‍ഷം മുമ്പ് സ്വിഗ്ഗിക്ക് തുടക്കമിട്ടത്.