തകർപ്പൻ മുന്നേറ്റം, വീണ്ടും റെക്കോർഡടിച്ച് ഇന്ത്യൻ വിപണി
Mail This Article
നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം വീണ്ടും മുന്നേറ്റം തുടർന്നു. മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം എസ്ബിഐയും മുന്നിൽ നിന്നും നയിച്ചതും ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
ഇന്ന് 26,956 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 25939 പോയിന്റിൽ ക്ളോസ് ചെയ്‍തപ്പോൾ സെൻസെക്സ് 84980 പോയിന്റ് കുറിച്ച ശേഷം 84928 പോയിന്റിലും ക്ളോസ് ചെയ്തു. പൊതു മേഖല ബാങ്കുകൾ 3.4% മുന്നേറിയപ്പോൾ റിയൽറ്റി സെക്ടർ 2.2% നേട്ടം കുറിച്ചു. ഓട്ടോ, ഇൻഫ്രാ, നിഫ്റ്റി സ്‌മോൾ ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകളും ഇന്ന് 1%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
ഇന്ത്യയുടെ സെപ്റ്റംബറിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ അനുമാനത്തിനൊപ്പം എത്തിയില്ലെങ്കിലും 56.7 കുറിച്ചത് അനുകൂലമാണ്. 57.5 ആയിരുന്നു അനുമാനം. സർവീസ് പിഎംഐ 60.9 പ്രതീക്ഷിച്ചിടത്ത് 58.9 കുറിക്കാനെ കഴിഞ്ഞുള്ളു.
പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് 50 പോയിന്റിലും ഉയർന്ന നിരക്കിൽ നിൽക്കുന്നത് വ്യാവസായിക വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.
ജി എസ് ടി
ജിഎസ്ടി കൗൺസിൽ യോഗം നികുതി നിരക്കുകളിമേൽ തീരുമാനമെടുക്കുന്നതിനായി രൂപീകരിച്ച മന്ത്രിതല സമിതി നാളെയും മറ്റന്നാളും ഗോവയിൽ യോഗം ചേരുന്നു. എണ്ണൂറോളം ഉത്പന്നങ്ങളുടെയും, സേവനങ്ങളുടെയും നികുതിനിരക്കുകളിൽ ഏകീകരണവും പ്രതീക്ഷിക്കുന്നു.
എഫ്ടിഎസ്ഇ റീജിഗ്
വെള്ളിയാഴ്ച നടന്ന എഫ്ടിഎസ്ഇ ഗ്ലോബൽ ഇൻഡക്സുകളിലെ മാറ്റങ്ങളിൽ ഐസിഐസിഐ ബാങ്കും കൊട്ടക് മഹിന്ദ്ര ബാങ്കും വെയിറ്റേജ് വർധന നേടിയതും, കൊച്ചിൻ ഷിപ്യാർഡും മറ്റും കൂടുതൽ നേട്ടമുണ്ടാക്കിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമായിരുന്നു. ഇന്നും എഫ്ടിഎസ്ഇ റീജിഗിന്റെ പിന്തുണ ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
രണ്ടാംപാദ ഫലങ്ങൾ
ഒക്ടോബർ രണ്ടാമത്തെ ആഴ്ച മുതൽ വന്നു തുടങ്ങുന്ന രണ്ടാം പാദ ഫലങ്ങൾ ലക്‌ഷ്യം വെച്ച് വാങ്ങൽ വന്നേക്കാവുന്നത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. ജിഎം ബ്രൂവറീസും, ഗോപാൽ സ്‌നാക്‌സും, എച്ച്സിഎൽ ടെക്കും ഒക്ടോബർ 10,14 തീയതികളിലും, ഇൻഫോസിസും, എച്ച്ഡിഎഫ്സി ബാങ്കും 17, 19 തീയതികളിലും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
റിസൾട്ട് വരും മുന്നേ തന്നെ ഓഹരികളിൽ വാങ്ങൽ ആരംഭിക്കുകയും റിസൾട്ട് വരും മുന്നേ തന്നെ ലാഭമെടുക്കുകയും ചെയ്യാനാവും പരിചയ സമ്പന്നരായ ട്രേഡേഴ്സ് ശ്രമിക്കുക.
പിഎംഐ ഡേറ്റ
ഇന്ന് അമേരിക്കൻ പിഎംഐ ഡേറ്റ വിപണി സമയത്തിന് മുന്നേ വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകൾ സമ്മിശ്ര വ്യാപാരമാണ് തുടരുന്നത്. ജർമനിയുടെയും, ഫ്രാൻസിന്റെയും, ബ്രിട്ടന്റെയും പിഎംഐ ഡേറ്റ അനുമാനത്തിനൊപ്പമെത്താതിരുന്നത് യൂറോപ്യൻ വിപണികളിൽ ലാഭമെടുക്കലിനും വഴി വെച്ചു.
അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും ഇന്നാണ് വരുന്നത്. അമേരിക്കൻ ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കും, ഓസ്റ്റൻ ഗൂൾസ്ബിയും സംസാരിക്കാനിരിക്കുന്നതും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ പിസിഇ ഡേറ്റ വെള്ളിയാഴ്ചയാണ് വരാനിരിക്കുന്നത്.
ക്രൂഡ് ഓയിൽ
ക്രൂഡ് ഓയിൽ നേട്ടങ്ങൾ കൈവിട്ട് ഫ്ലാറ്റ് നിരക്കിലാണ് വ്യാപാരം തുടരുന്നത്. മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും ക്രൂഡ് ഓയിലിന്റെ ഗതിയെ നിർണയിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളറിന് തൊട്ട് താഴെയാണ് വ്യാപാരം നടക്കുന്നത്.
നാച്ചുറൽ ഗ്യാസ് ഒന്നര ശതമാനം മുന്നേറി.
സ്വർണം
ഇന്ന് വീണ്ടും റെക്കോർഡടിച്ച സ്വർണം റെക്കോർഡ് നിരക്കിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. രാജ്യാന്തര സ്വര്‍ണ വിലയുടെ പുതിയ റെക്കോർഡ് 2656 ഡോളറാണ്. സ്വർണം 2646 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
ഐപിഓ
ഇന്ന് ആരംഭിച്ച ഇരുചക്ര വാഹനങ്ങൾക്ക് ഫിനാൻസ് ചെയ്യുന്ന കമ്പനിയായ മാംബ ഫിനാൻസിന്റെ ഐപിഓ ബുധനാഴ്ച അവസാനിക്കുന്നു. ഐപിഓ വില 114-120 രൂപയാണ്.
ഡബ്ലിയുഓഎൽ 3ഡി ഇന്ത്യ, റാപിഡ് വാൽവ്സ് ഇന്ത്യ എന്നീ എസ്എംഇ കമ്പനികളുടെ ഇന്നാരംഭിച്ച ഐപിഓകളും 25ന് അവസാനിക്കും.
ഒയോ അമേരിക്കയിൽ
ഹോട്ടൽ അഗ്രിഗേറ്ററായ ഒയോയുടെ മാതൃകമ്പനിയായ ഓറാവെൽ സ്റ്റേയ്സ് അമേരിക്കയിൽ ഹോട്ടലുകൾ വാങ്ങിയത് കമ്പനിയുടെ ഐപിഓക്ക് കൂടുതൽ പിന്തുണ നൽകിയേക്കാം. കമ്പനി കഴിഞ്ഞ പാദത്തിൽ മികച്ച റിസൾട്ടാണ് പ്രഖ്യാപിച്ചത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക