യുദ്ധം, ചൈനീസ് ഉത്തേജനം, എഫ്&ഓ നിയന്ത്രണങ്ങള്.. തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി
Mail This Article
സെബിയുടെ പുതിയ എഫ്&ഓ നിയന്ത്രണങ്ങളിൽപ്പെട്ട് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും വില്പന സമ്മർദ്ദത്തിൽ അടിപ്പെട്ട് 2%ൽ ഏറെ നഷ്ടത്തിലേക്ക് വീണു. കഴിഞ്ഞ വെള്ളിയാഴ്ച 26277 പോയിന്റെന്ന റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി ഇന്ന് 25230 പോയിന്റ് വരെ വീണ ശേഷം 25250 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1769 പോയിന്റ് നഷ്ടം കുറിച്ചപ്പോൾ ബാങ്ക് നിഫ്റ്റി 1077 പോയിന്റ് വീണു.
റിയൽ എസ്റ്റേറ്റ് സെക്ടർ 4%ൽ കൂടുതൽ വീണപ്പോൾ ഓട്ടോ, എനർജി, ഇൻഫ്രാ, ഫിനാൻഷ്യൽ സർവീസസ്, ബാങ്കിങ് സെക്ടറുകൾ 2%ൽ കൂടുതൽ നഷ്ടം കുറിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും ഇന്ന് 2%ൽ കൂടുതൽ നഷ്ടം നേരിട്ടു. റിലയൻസും, ആക്സിസ് ബാങ്കും, എൽ&ടിയും, ടാറ്റ മോട്ടോഴ്സും 4% വരെ വീണതും, ബജാജ് ഇരട്ടകളുടെ 3% തകർച്ചയും ഇന്ത്യൻ മുൻനിര സൂചികകൾക്ക് നിര്ണായകയി.
യുദ്ധവും, ചൈനയുടെ ഉത്തേജന നടപടികളും, എഫ്&ഓ നിയന്ത്രണവും, സെബി ചെയർപേഴ്സൺ മാറുന്നു എന്ന സൂചനകളുമടക്കമുള്ള ഘടകങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയുടെ തകർച്ചക്ക് ആക്കം കൂട്ടി.
സെബി
എഫ്&ഓ സെഗ്മെന്റിൽ റീറ്റെയ്ൽ നിക്ഷേപകർക്കുണ്ടാകുന്ന നഷ്ടം നിയന്ത്രിക്കാനായി സെബി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വിപണിയുടെ ലിക്വിഡിറ്റിയെ ബാധിക്കുമെന്ന വാദം ഇന്ന് ഇന്ത്യൻ വിപണിക്ക് ആദ്യ മണിക്കൂറിൽ തന്നെ പ്രഹരമേകി.
ചൈനീസ് പാര
ചൈനയുടെ ഉത്തേജന നടപടികൾ ചൈനീസ് വിപണിക്ക് നൽകിയേക്കാവുന്ന മുന്നേറ്റം മുതലെടുക്കാനായി ‘’ഇന്ത്യയിൽ വിറ്റ് ചൈനയിൽ വാങ്ങുക’’ എന്ന നയത്തിലേക്ക് വിദേശ ഫണ്ടുകൾ മാറുന്നത് തന്നെയാണ് ഇന്ത്യൻ വിപണിവീഴ്ചയുടെ മൂല കാരണം.
എമർജിങ് മാർക്കറ്റ് ഫണ്ടുകളിൽ നിന്നും പണം പിൻവലിക്കേണ്ടി വരുമ്പോൾ ഏറ്റവും ലാഭത്തിലുള്ള ഇന്ത്യൻ വിപണിയിൽ നിന്ന് തന്നെ പണം പിൻവലിക്കപ്പെടുമെന്നതും കെണിയാണ്.
തകർന്ന് റിയൽറ്റി
എമർജിങ് മാർക്കറ്റ് ഫണ്ടുകൾ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് ഓഹരികൾക്ക് ബദലായി ചൈനീസ് റിയൽറ്റി ഓഹരികൾ പരിഗണിച്ചേക്കാമെന്നത് ഇന്ത്യൻ റിയൽറ്റി സെക്ടറിൽ പുതിയ വാങ്ങൽ അവസരം സൃഷ്ടിച്ചേക്കാം. തകർന്ന് പോയ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയ്ക്കായി ഭവന-വാങ്ങൽ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് ചൈന കൊണ്ട് വരുന്നത്. ഡിഎൽഎഫും, ഗോദ്‌റെജ് പ്രോപ്പർട്ടിയും ഇന്ന് 5% വീതം വീണു.
വിദേശഫണ്ടുകളെ ക്ഷണിച്ച് ഗോയൽ
കേന്ദ്രവാണിജ്യ മന്ത്രി തന്നെ പ്രധാന അമേരിക്കൻ ഫണ്ടുകളെ നേരിൽക്കണ്ട് കൂടുതൽ നിക്ഷേപം അഭ്യർത്ഥിച്ചതും ചൈനയിലേക്കുള്ള ഒഴുക്കിന് തടയിട്ടേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബ്ലാക്ക് സ്റ്റോൺ, കെകെആർ, വാർബർഗ് പിൻകാസ് എന്നീ ഫണ്ടുകളെയാണ് പിയൂഷ് ഗോയൽ നേരിട്ട് കണ്ടത്.
വാഹന വില്പന
സെപ്റ്റംബറിൽ ഇന്ത്യൻ കാർ നിർമാതാക്കളിൽ മഹിന്ദ്ര & മഹിന്ദ്ര മുൻവർഷത്തിൽ നിന്നും മികച്ച വില്പന മുന്നേറ്റം നേടിയപ്പോൾ മാരുതിയും, ടാറ്റ മോട്ടോഴ്സും പിന്നോക്കം പോയത് ഇന്ത്യൻ ഓട്ടോ മേഖലക്ക് തിരിച്ചടിയാണ്.
സെപ്റ്റംബറിൽ ഇരു ചക്രവാഹനങ്ങളുടെ വാഹന വില്പനയിൽ ഉണ്ടായ കുതിച്ചു ചാട്ടം ഇന്ന് വിപണിയെ സഹായിച്ചതുമില്ല. അടുത്ത തിരുത്തൽ ബൈക്ക് ഓഹരികളിൽ അവസരമാണ്.
രണ്ടാം പാദഫലങ്ങൾ
രണ്ടാം പാദഫലങ്ങൾ വന്ന് തുടങ്ങിയത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയിൽ ഇന്ത്യൻ ഐടി ഓഹരികളുടെ റിസൾട്ടുകൾ വന്ന് തുടങ്ങുന്ന സാഹചര്യത്തിൽ ഐടി ഓഹരികളിൽ ഈ തിരുത്തൽ നിക്ഷേപ അവസരമാണ്
നാളെ ടോളിൻസ് ടയേഴ്സിന്റെയും, ശനിയാഴ്ച പിഎൻ ഗാഡ്ഗിൽ ജ്വെല്ലേഴ്സ്, അവാൻ ടെൽ, ഇഷ മീഡിയ എന്നീ ഓഹരികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
തൊഴിൽകണക്ക് കാത്ത് അമേരിക്ക
ഇന്ന് വരാനിരിക്കുന്ന അമേരിക്കയുടെ ജോബ് ഡേറ്റയും, നാളെ വരുന്ന സെപ്റ്റംബറിലെ അമേരിക്കയുടെ തൊഴിൽ ലഭ്യത കണക്കുകൾ പുറത്ത് വിടുന്ന നോൺഫാം പേറോൾ ഡേറ്റയും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റിൽ യുദ്ധം കനക്കുന്ന സാഹചര്യത്തിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റം നേടി. ബ്രെന്റ് ക്രൂഡ് ഓയിൽ 2% മുന്നേറി 75 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നാച്ചുറൽ ഗ്യാസും മുന്നേറ്റം തുടരുന്നു.
ചൈനീസ് വിപണി അവധിയായ ഇന്ന് ബേസ് മെറ്റലുകൾ ലാഭമെടുക്കൽ നേരിട്ടു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക