വില്പ്പന സമ്മർദ്ദം രൂക്ഷം! വീണ്ടും തകർന്ന് ഇന്ത്യൻ വിപണി
Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും വില്പന സമ്മർദ്ദത്തിൽപ്പെട്ട് നഷ്ടം കുറിച്ചു. വിദേശ ഫണ്ടുകളുടെ തുടരുന്ന വില്പന സമ്മർദ്ദത്തിൽ നിഫ്റ്റിയും സെൻസെക്‌സും ഓഗസ്റ്റിലെയും, സെപ്റ്റംബറിലെയും നേട്ടങ്ങളെല്ലാം കഴിഞ്ഞ അഞ്ച് സെഷനുകളിൽ നഷ്ടമാക്കി.
ഇന്ന് 25143 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 24694 പോയിന്റ് വരെ വീണ ശേഷം 218 പോയിന്റ് നഷ്ടത്തിൽ 24795 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 638 പോയിന്റുകൾ നഷ്ടമാക്കി സെൻസെക്സ് 81050 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടർ ഒഴികെ സകല സെക്ടറുകളും നഷ്ടം കുറിച്ച ഇന്ന് ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകളുടെ വീഴ്ചയാണ് ഇന്ത്യൻ വിപണിക്ക് നിർണായകമായത്. എനർജി, മെറ്റൽ സെക്ടറുകൾ 2%ൽ കൂടുതൽ വീണപ്പോൾ പൊതുമേഖല ബാങ്കുകൾ 3.3% വീഴ്ചയാണ് ഇന്ന് നേരിട്ടത്.
നിഫ്റ്റി സ്‌മോൾ ക്യാപ്-100 സൂചിക 2.8% വീണപ്പോൾ നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 2%വും വീഴ്ച കുറിച്ചു. നിഫ്റ്റി നെക്സ്റ്റ്-50യുടെ ഇന്നത്തെ നഷ്ടം 2.3% ആണ്.
ആർബിഐ
ഇന്ന് ആരംഭിച്ച ആർബിഐ നയാവലോകനയോഗം റീപ്പോ നിരക്കിൽ മാറ്റം കൊണ്ട് വന്നേക്കില്ല എന്നാണ് വിപണിയുടെ പൊതു ധാരണ. എങ്കിലും സിപിഐ- ജിഡിപി അനുമാനങ്ങളിലും, ആർബിഐയുടെ നയത്തിലും മാറ്റങ്ങൾ പ്രഖ്യാപിക്കപ്പെടുമെന്ന ധാരണ വിപണിക്ക് പ്രതീക്ഷയാണ്. ക്രൂഡ് ഓയിൽ വില മുന്നേറ്റവും യുദ്ധം തുടരുന്നതും ആർബിഐ നയങ്ങളെ സ്വാധീനിച്ചേക്കാം.
ആർബിഐ നയങ്ങൾ അതിപ്രധാനമായ ബാങ്കിങ്, ഫിനാൻഷ്യൽ, ഓട്ടോ, റിയൽ എസ്റ്റേറ്റ് സെക്ടറുകൾ ഇന്ന് വലിയ തിരുത്തലിൽ പെട്ടു. ബാങ്കിങ് സെക്ടർ 2% നഷ്ടം കുറിച്ച ശേഷം തിരിച്ചു കയറി.
ലോൺ ബുക്ക് കണക്കുകൾ
മികച്ച ലോൺബുക്ക് വളർച്ച കണക്കുകളും ഇന്ന് ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾക്ക് പിന്തുണ നൽകിയില്ല. ഉതകർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ ലോൺ ബുക്കുകൾ രണ്ടാം പാദത്തിൽ മുൻവർഷത്തിൽ നിന്നും യഥാക്രമം 28%വും, 21%വും വളർച്ച നേടിയപ്പോൾ ഐഡിബിഐ ബാങ്കും, ആർബിഎൽ ബാങ്കും 19%വും, 15%വും വായ്പ വളർച്ചയും നേടിയിരുന്നു.
ടൈറ്റാൻ
ടൈറ്റാൻ മുൻവർഷത്തിൽ നിന്നും 25% വില്പന വളർച്ചയാണ് രണ്ടാം പാദത്തിൽ സ്വന്തമാക്കിയത്.എന്നിട്ടും ഇന്ന് 2.20% നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അമേരിക്കൻ സിപിഐ
അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകൾ സെപ്റ്റംബറിൽ അനുമാനത്തിലും വളരെ ഉയർന്നത് വെള്ളിയാഴ്ച അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ത്യയൊഴിയുകെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ശേഷം ജർമനി ഒഴികെയുള്ള യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഒരാഴ്ചത്തെ അവധിക്ക് ശേഷം നാളെ ചൈനീസ് വിപണി വീണ്ടും തുറക്കും.
ഇന്നും, ഈയാഴ്ചയിൽ തുടർന്നുള്ള ദിവസങ്ങളിലും അമേരിക്കൻ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും, ബുധനാഴ്ച ഫെഡ് മിനുട്സ് പുറത്ത് വരുന്നതും, വെള്ളിയാഴ്ച വരുന്ന അമേരിക്കൻ സിപിഐ ഡാറ്റയും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ വീണ്ടും 2% മുന്നേറി. കഴിഞ്ഞ ആഴ്ചയിൽ മികച്ച കുതിപ്പ് നടത്തിയ ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ട്രാന്‍സ്ഫോമേഴ്‌സ് & റെക്റ്റിഫയേഴ്‌സ് ലിമിറ്റഡ്, വിഎൽ ഇ-ഗവർണൻസ്, നവ്കർ കോർപ്, ഹവാ എഞ്ചിനിയേഴ്സ്, ഗൗതം ജെംസ്, പാഠം കോട്ടൺ യാൺസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക