ആശ്വാസം! ഹരിയാനയിലെ വിജയം, ആവേശത്തിൽ ഇന്ത്യൻ വിപണി
Mail This Article
ഹരിയാനയിൽ മൂന്നാംവട്ടവും ബിജെപി തന്നെ അധികാരത്തിൽ തിരിച്ചെത്തിയത് ഇന്ന് ഇന്ത്യൻ വിപണിക്കും ‘’നഷ്ടപ്പെട്ട’’ ആത്മവിശ്വാസം തിരിച്ചു നൽകി. അതി മുന്നേറ്റത്തിനൊടുവിൽ ചൈനീസ് വിപണി കൺസോളിഡേറ്റ് ചെയ്യുന്നതും തെരെഞ്ഞെടുപ്പ് റിസൾട്ടിനൊപ്പം തിരിച്ചു വരവ് നടത്തിയ ഇന്ത്യൻ വിപണിക്ക് അനുകൂലമായി.
ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 24756 പോയിന്റിലേക്കിറങ്ങിയ നിഫ്റ്റി 25044 പോയിന്റ് വരെ മുന്നേറിയ ശേഷം 217 പോയിന്റ് നേട്ടത്തിൽ 25013 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 81634 പോയിന്റിലും, ബാങ്ക് നിഫ്റ്റി 51000 പോയിന്റിന് മുകളിലും ക്ളോസ് ചെയ്തു.
ലോഹ ഓഹരികൾ ഒഴികെ സകല സെക്ടറുകളും മുന്നേറ്റം നേടിയ ഇന്ന് എച്ച്ഡിഎഫ്സി ബാങ്കും, റിലയൻസും 2% വീതം നേട്ടത്തോടെ ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ്, നിഫ്റ്റി നെക്സ്റ്റ്-50 ഓഹരികൾ ഇന്ന് 2%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
ചൈനയുടെ ഇന്നത്തെ സ്റ്റിമുലസ് പ്രഖ്യാപനത്തിൽ കഴമ്പില്ലാത്ത പോയത് ഇന്ന് രാജ്യാന്തര വിപണിയിൽ ലോഹവിലകളും വീഴ്ത്തിയത് ഇന്ത്യൻ ലോഹ ഓഹരികൾക്കും തിരുത്തൽ നൽകി. മെറ്റൽ സൂചിക ഒരു ശതമാനം നഷ്ടം കുറിച്ചു.
ഹരിയാന ബിജെപിക്ക്, കാശ്മീർ കോൺഗ്രസിന്
ഹരിയാനയിൽ മറികടന്ന് ബിജെപിക്ക് അപ്രതീക്ഷിത വിജയം കുറിക്കാനായത് വരും തെരെഞ്ഞെടുപ്പുകളിലും പ്രതിഫലിച്ചേക്കാം. ഭരണകക്ഷിക്ക് വരും തെരെഞ്ഞെടുപ്പുകളിലും മുൻതൂക്കം ലഭിച്ചേക്കുമെന്ന ധാരണ പടരുന്നത് വിദേശ ഫണ്ടുകളുടെ ചൈനയിലേക്കുള്ള ഒഴുക്കിനും തടയിട്ടേക്കാമെന്നത് വിപണിക്ക് അനുകൂലമാണ്.
മഹാരാഷ്ട്രയിലാണ് ഇക്കൊല്ലം ഇനി അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ആർബിഐ തീരുമാനങ്ങൾ നാളെ
ചൈനയുടെ കേന്ദ്ര ബാങ്ക് നയങ്ങളോട് മത്സരിച്ചേക്കില്ലെങ്കിലും നാളെ ആർബിഐയും വിപണിക്കനുകൂലമായ പ്രസ്താവനകളുമായി കളം നിറയുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. സിപിഐ- ജിഡിപി അനുമാനങ്ങളിലും, ആർബിഐയുടെ നയത്തിലും മാറ്റങ്ങൾ പ്രഖ്യാപിക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
നാളെ രാവിലെ പത്ത് മണിക്കാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആർബിഐ തീരുമാനങ്ങൾ പ്രഖ്യാപിക്കുക. നിലവിൽ ആർബിഐയുടെ റീപോ നിരക്ക് 6.50%വും, റിവേഴ്‌സ് റീപോ നിരക്ക് 3.35%വും, ക്യാഷ് റിസേർവ് റേഷ്യോ 4.50%വുമാണ്.
ഫെഡ് മിനുട്സ് നാളെ
മികച്ച തൊഴിൽ വിവരക്കണക്കുകൾ സാമ്പത്തിക മാന്ദ്യ ഭീഷണിയകറ്റിയതിനെ തുടർന്ന് ഡോളർ മുന്നേറ്റം നേടിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് തിരുത്തൽ നൽകി. എങ്കിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയും, ഇന്ത്യയുമൊഴികെയുള്ള ഏഷ്യൻ വിപണികൾ നഷ്ടം കുറിച്ചതിന് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ബുധനാഴ്ച ഫെഡ് മിനുട്സ് പുറത്ത് വരുന്നതും, വെള്ളിയാഴ്ച വരുന്ന അമേരിക്കൻ സിപിഐ ഡേറ്റയും അമേരിക്കൻ വിപണിയുടെ ഗതി നിയന്ത്രിക്കും. ഈയാഴ്ചയിൽ തുടർന്നുള്ള ദിവസങ്ങളിലും അമേരിക്കൻ ഫെഡ് അംഗങ്ങൾ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
ചൈന മുന്നേറ്റം തണുക്കുന്നു
ഒരാഴ്ച നീണ്ട അവധിക്ക് ശേഷം വീണ്ടും തുറന്ന ചൈനീസ് വിപണി മികച്ച തുടക്കത്തിന് ശേഷം ക്രമപ്പെട്ടത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. ചൈനയുടെ സാമ്പത്തിക ഉത്തേജനപ്രഖ്യാപനത്തിൽ ചൈനീസ് സമ്പദ്ഘടനയുടെ പുനരുജ്ജീവനത്തിന് വേണ്ട പദ്ധതികൾ ഇല്ലാതെ പോയത് ചൈനീസ് നിക്ഷേപകരെ നിരാശരാക്കി.
ചൈനയിൽ ലാഭമെടുക്കൽ തുടങ്ങിയാൽ അമേരിക്കൻ ഫണ്ടുകളുടെ ചൈനയിലേക്കുള്ള ഒഴുക്ക് പതിയെയാക്കാമെന്നത് ഇന്ത്യക്ക് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റ് യുദ്ധം മുന്നേറ്റം നൽകിയ ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് ലാഭമെടുക്കലിൽ 2% വീണു. ‘’വാർ-ചൈനീസ് പ്രീമിയങ്ങൾ’’ കുറയുന്നതാണ് ക്രൂഡ് ഓയിലിനും, ബേസ് മെറ്റലുകൾക്കും വിനയായത്.
സിങ്ക്, കോപ്പർ, അലുമിനിയം മുതലായ ലോഹങ്ങളും രാജ്യാന്തര വിപണിയിൽ ഇന്ന് 2%ൽ കൂടുതൽ വീണു.
സ്വർണം
ഡോളറും അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറ്റം നേടിയത് സ്വർണത്തിനും ക്ഷീണമാണ്. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4%ൽ തുടരുമ്പോൾ രാജ്യാന്തര സ്വർണ വില 2660 ഡോളറിലും തുടരുന്നു.
നാളത്തെ റിസൾട്ടുകൾ
ലോട്ടസ് ചോക്ലേറ്റ്സ്, വെസ്റ്റേൺ ക്യാരിയേഴ്സ്, ജിടിപിഎൽ ഹാഥ് വേ, വിവിഡ് മെർക്കന്റൈൽ, ക്രെറ്റോ മുതലായ കമ്പനികള്‍ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വ്യാഴാഴ്ച ടിസിഎസ്, ടാറ്റ എൽഎക്സി, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ജിഎം ബ്രൂവറീസ്, ആനന്ദ് രാത്തി, ഡെൻ നെറ്റ് വർക്ക് മുതലായ കമ്പനികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക