ആർബിഐ ഇന്ത്യൻ വിപണിയെ പിന്തുണച്ചു, എങ്കിലും മുന്നേറാനായില്ല, നോട്ടം കമ്പനി ഫലങ്ങളിലേയ്ക്ക്
Mail This Article
ബിജെപിയുടെ ഹരിയാന വിജയവും, ചൈനയുടെ സ്റ്റിമുലസ് പാളിച്ചയും ഇന്നും തുണച്ചപ്പോൾ ആർബിഐയുടെ നയം മാറ്റത്തിന്റെ കൂടി പിന്തുണയിൽ ഇന്ത്യൻ വിപണി വീണ്ടും മുന്നേറി. എങ്കിലും ഐടിസിയും, ഹിന്ദുസ്ഥാൻ യൂണി ലിവറും, റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും, എൻജിസിയും, എൽ&ടിയും ലാഭമെടുക്കലിൽ വീണതോടെ ഇന്ത്യൻ വിപണി ഇന്നത്തെ നേട്ടങ്ങളും കൈവിട്ടു.
പതിഞ്ഞ തുടക്കത്തിന് ശേഷം 25234 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് നിഫ്റ്റി 31 പോയിന്റ് നഷ്ടമാക്കി 24981 പോയിന്റിൽ ക്ളോസ് ചെയ്തത്. സെൻസെക്സ് 81467 പോയിന്റിലും ക്ളോസ് ചെയ്തപ്പോൾ ബാങ്ക് നിഫ്റ്റി വീണ്ടും 51000 പോയിന്റിന് മുകളിൽ തന്നെ ക്ളോസ് ചെയ്തു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും, നിഫ്റ്റി നെക്സ്റ്റ്-50യും ഓരോ ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയത് ഇന്ന് റീറ്റെയ്ൽ നിക്ഷേപകർക്ക് അനുകൂലമായി.
നയം മാറ്റവുമായി ആർബിഐ
അടിസ്ഥാന പലിശ നിരക്കുകളായ റീപോ നിരക്കും, റിവേഴ്‌സ് റീപോ നിരക്കും യഥാക്രമം 6.50%ലും, 3.35%ലും തന്നെ നിലനിർത്തിയ ആർബിഐയുടെ നയാവലോകന സമിതി ക്യാഷ് റിസേർവ് റേഷ്യോ 4.50%ൽ നിലനിർത്തി. എങ്കിലും അടുത്ത യോഗത്തിൽ നിരക്കുകൾ കുറക്കുന്നതിന് മുന്നോടിയായി ആർബിഐ ന്യൂട്രൽ പണനയത്തിലേക്ക് നിലപാട് മാറ്റിയത് വിപണിക്കും അനുകൂലമായി.
സാമ്പത്തിക മാന്ദ്യഭീഷണിയിലാണ് മറ്റ് പ്രധാന കേന്ദ്ര ബാങ്കുകൾ നിരക്കുകൾ കുറക്കാനിടയായത് എന്നതും ഇന്ത്യക്ക് തത്കാലം സാമ്പത്തിക മാന്ദ്യ ഭീഷണിയില്ലെന്നതും ആർബിഐയുടെ നയങ്ങളെ തുടർന്നും സ്വാധീനിക്കും.
ജിഡിപി ലക്ഷ്യവും മാറ്റിയില്ല
നടപ്പ് സാമ്പത്തിക വർഷത്തിലെ റീറ്റെയ്ൽ പണപ്പെരുപ്പ അനുമാനത്തിൽ മാറ്റം വരുത്താതെ വിട്ട ആർബിഐ ഇന്ത്യയുടെ ആഭ്യന്തര ഉല്പാദന വളർച്ച അനുമാനത്തിലും മാറ്റം കൊണ്ട് വരാതിരുന്നത് വിപണിക്ക് നിരാശയായി.
2024-25 സാമ്പത്തിക വർഷത്തിൽ 4.5% എന്ന മുൻയോഗത്തിലെ സിപിഐ വളർച്ച അനുമാന ലക്‌ഷ്യം ആവർത്തിച്ച ആർബിഐ ജിഡിപി വളർച്ച 7.2% എന്നും ഉറപ്പിച്ചു. ഭക്ഷ്യവിലക്കയറ്റം സെപ്റ്റംബറിൽ ഇന്ത്യയുടെ സിപിഐ നിരക്ക് വർധിപ്പിച്ചിരിക്കാമെന്നും ആർബിഐ ഗവർണർ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് ഇന്ത്യയുടെ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നത്.
ഐടി റിസൾട്ട് നാളെ മുതൽ
നാളെ മുതൽ പ്രധാന ഇന്ത്യൻ കമ്പനികൾ റിസൾട്ടുകൾ പ്രഖ്യാപിക്കാൻ തുടങ്ങുന്നതോടെ ഇന്ത്യൻ വിപണി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ടിസിഎസ്സിന്റെ റിസൾട്ട് നാളെയും, റിലയൻസ് ഇന്ഡസ്ട്രീസിന്റെ റിസൾട്ട് തിങ്കളാഴ്ചയും വിപണിയെ സ്വാധീനിക്കും.
ഫെഡ് മിനുട്സ് ഇന്ന്
എൻവിഡിയയുടെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഇന്നലെ നാസ്ഡാകും മികച്ച മുന്നേറ്റം നേടി. ചൈനീസ് വിപണി നഷ്ടം കുറിച്ചപ്പോൾ ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നടത്തി. ഇന്ന് ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് തുടരുന്നത്. യൂറോപ്യൻ വിപണികളും മിക്സഡ് നിലയിൽ വ്യാപാരം തുടരുന്നു.
അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിൽ ഫെഡ് അംഗങ്ങൾ നിരക്ക് കുറക്കലിനോട് എങ്ങനെ പ്രതികരിച്ചു എന്നറിയാനായി ഇന്ന് വരാനിരിക്കുന്ന ഫെഡ് യോഗത്തിന്റെ മിനുട്സ് വിപണിയെ സഹായിക്കും. ഫെഡ് അംഗങ്ങളുടെ പ്രസ്താവനകള്‍ ഇന്നും തുടർന്നുള്ള ദിനങ്ങളിലും വിപണിക്ക് പ്രധാനമാണ്.
അമേരിക്കൻ സിപിഐ നാളെ
നാളെ വരാനിരിക്കുന്ന സെപ്തംബര്‍ മാസത്തിലെ അമേരിക്കൻ സിപിഐ ഡേറ്റയും, ജോബ് ഡേറ്റയും അമേരിക്കൻ വിപണിക്ക് നിർണായകമാണ്.
ഓഗസ്റ്റിൽ 2.5% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം സെപ്റ്റംബറിൽ 2.3% മാത്രം വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. അമേരിക്കൻ പിപിഐ ഡേറ്റ വെള്ളിയാഴ്ച പുറത്ത് വരുന്നു.
ക്രൂഡ് ഓയിൽ & ബേസ് മെറ്റലുകൾ
ചൈനീസ്-വാർ പ്രീമിയങ്ങൾ നഷ്ടമായ ക്രൂഡ് ഓയിൽ മികച്ച കുതിപ്പിന് ശേഷം തിരിച്ചിറങ്ങിത്തുടങ്ങി. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ആഴ്ചയിൽ അമേരിക്കയുടെ എണ്ണ ശേഖരത്തിൽ 10 ദശലക്ഷം ബാരലിന്റെ വര്‍ധനയുണ്ടായതും ക്രൂഡ് ഓയിലിന് ക്ഷീണമാണ്.
നാച്ചുറൽ ഗ്യാസും അലുമിനിയവും സിങ്കും അടക്കമുള്ള ബേസ് മെറ്റലുകൾ ഇന്നും തിരുത്തൽ തുടരുകയാണ്.
സ്വർണവും വീണു
അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കുന്നതിന് മുന്നോടിയായി ബോണ്ട് യീൽഡും, ഡോളറും മുന്നേറി നിൽക്കുന്നത് സ്വർണത്തിനും തിരുത്തൽ നൽകി. രാജ്യാന്തര സ്വർണ വില 2640 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്.
നാളത്തെ റിസൾട്ടുകൾ
ടിസിഎസ്, ടാറ്റ എൽഎക്സി, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ജിഎം ബ്രൂവറീസ്, ആനന്ദ് രാത്തി, ഡെൻ നെറ്റ് വർക്ക്, ആർകെയ്ഡ് ഡെവലപ്പേഴ്‌സ്, അശോക മെറ്റ്കാസ്റ്റ്, എൻബി ഫുട് വെയർ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഭവന-വ്യാപാര സമുച്ചയ നിർമാതാക്കളായ ഗരുഡ കൺസ്ട്രക്ഷൻ & എഞ്ചിനിയറിങ് ലിമിറ്റഡിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ നിരക്ക് 92-95 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക