ADVERTISEMENT

ഇന്ത്യൻ വിപണി വീണ്ടും വില്പന സമ്മർദ്ദത്തിൽ വീണ് നഷ്ടം കുറിച്ചു. ഇന്ന് 25027 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 221 പോയിന്റുകൾ നഷ്ടമാക്കി 24749 പോയിൻറ്റിലാണ് ക്ളോസ് ചെയ്തത്. 500 പോയിന്റോളം വീണ സെൻസെക്സ് 81006 പോയിന്റിലും ക്ളോസ് ചെയ്തു. 

ബജാജ് ഓട്ടോയ്ക്കൊപ്പം നിഫ്റ്റിയിലുള്ള മറ്റ് അഞ്ച് ഓട്ടോ ഓഹരികൾ വീണതും, സ്വകാര്യ ബാങ്കുകളും, റിയൽറ്റി സെക്ടറും, ഫിനാൻഷ്യൽ സെക്ടറും തകർച്ച നേരിട്ടതും ഇന്ത്യൻ വിപണിക്ക് നിർണായകമായി. റിലയൻസിന്റെ ബോണസ് തീയതികളിൽ വന്ന മാറ്റം മുൻ ദിവസങ്ങളിൽ ഇന്ത്യൻ വിപണിക്ക് ക്ഷീണമായിരുന്നു. 

സെപ്റ്റംബറിൽ വരുമാനം വർധിച്ചെങ്കിലും അറ്റാദായത്തിൽ കുറവ് വന്നതും, ഉത്സവ വില്പനയിൽ വീഴ്ച പ്രതീക്ഷിക്കുന്നതും ഇന്ന് ബജാജ് ഓട്ടോക്ക് 12%ൽ കൂടുതൽ തിരുത്തൽ നൽകി. മഹീന്ദ്രയും ഹീറോയും ടിവിഎസ് മോട്ടോഴ്സും 3%ൽ കൂടുതൽ വീണപ്പോൾ ടാറ്റ മോട്ടോഴ്സും മാരുതിയും നഷ്ടം 2%ൽ താഴെ ഒതുക്കി. 

വരുമാനം വർധിച്ചപ്പോഴും മുൻ വർഷത്തിൽ 2020 കോടി രൂപ അറ്റാദായം കുറിച്ച ബജാജ് ഓട്ടോയുടെ അറ്റാദായം സെപ്റ്റംബർ പാദത്തിൽ 1385 കോടിയിലേക്ക് കുറഞ്ഞു. 

ആക്സിസ് ബാങ്ക് 

ആക്സിസ് ബാങ്കിന്റെ റിസൾട്ട് വരുന്നതിന് മുൻപ് തന്നെ എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും അടക്കമുള്ള ബാങ്കിങ് ഓഹരികളും 1%ൽ കൂടുതൽ വീണതും ഇന്ത്യൻ വിപണിയുടെ വീഴ്ച  കൂട്ടി. 

ആക്സിസ് ബാങ്ക് രണ്ടാം പാദത്തിൽ 19% വർധനവോടെ 6917 കോടി രൂപയുടെ അറ്റാദായം കുറിച്ചത് ബാങ്കിന് സെക്ടറിന് അനുകൂലമാണ്. 

ഇൻഫോസിസ്  

ഇൻഫോസിസിന്റെയും, വിപ്രോയുടെയും റിസൾട്ടുകൾ വരാനിരുന്ന ഇന്ന് ഇന്ത്യൻ ഐടി സെക്ടറിന്റെ മുന്നേറ്റമാണ് ഇൻഡ്യൻ വിപണിക്ക് നിർണായക പിന്തുണ നൽകിയത്. വിപണി സമയത്തിന് ശേഷം വന്ന റിസൾട്ട് പ്രകാരം ഇൻഫോസിസ് കഴിഞ്ഞ പാദത്തിൽ 4.7% വർധനവോടെ 6506 കോടി രൂപയുടെ ലാഭമാണ് നേടിയത്.  

ഇന്ഫോസിസ്ന്റെയും വിപ്രോയുടെയും റിസൾട്ടുകൾ ഇന്ത്യൻ വിപണിയെ സ്വാധീനിക്കുമെങ്കിലും തായ്‌വാൻ സെമികണ്ടക്ടറിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ അമേരിക്കൻ ടെക്ക് സെക്ടർ ഇന്ന് മുന്നേറിയേക്കാവുന്നത് നാളെ ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികളുടെ ആരംഭം ശുഭമാക്കിയേക്കാം. 

തായ്‌വാൻ സെമികണ്ടക്ടർ 

എൻവിഡിയയുടെയും, മോർഗൻ സ്റ്റാൻലിയുടെയും പിൻബലത്തിൽ ഇന്നലെ മുന്നേറിയ അമേരിക്കൻ വിപണി തായ്‌വാൻ സെമികണ്ടക്ടറിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ ഇന്നും കുതിപ്പ് പ്രതീക്ഷിക്കുന്നു. പതിഞ്ഞ തുടക്കത്തിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ കുതിച്ചു ചട്ടം നടത്തി നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. തായ്‌വാൻ സെമി കണ്ടക്ടർ 7% മുന്നേറിയാണ് പ്രീ മാർക്കറ്റിൽ വ്യാപാരം തുടരുന്നത്. നെറ്റ് ഫ്ലിക്സ് ഇന്ന് വിപണി സമയത്തിന് ശേഷം റിസൾട്ട് പ്രഖ്യാപിക്കുന്നു. 

അമേരിക്കൻ റീറ്റെയ്ൽ വില്പന കണക്കുകളും അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിനായുള്ള കണക്കുകളും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.  

ഇസിബി 

യൂറോപ്യൻ കേന്ദ്ര ബാങ്ക് ഇന്ന് പലിശ നിരക്ക് പ്രഖ്യാപിക്കാനിരിക്കുന്നത് യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. മുൻനയാവലോകനയോഗത്തിൽ 4.25%ൽ നിന്നും 3.65%ലേക്ക് കുറച്ച പലിശ നിരക്ക് ഇസിബി 3.40%ലേക്ക് കുറയ്ക്കുമെന്നാണ് അനുമാനം.    

ക്രൂഡ് ഓയിൽ 

അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ വീഴ്ചയുണ്ടാകുമെന്ന സൂചന ഇന്ന്  ക്രൂഡ് ഓയിലിന് നേരിയ തിരിച്ചു വരവ് നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 74 ഡോളറിലാണ് തുടരുന്നത്. 

സ്വർണം 

രാജ്യാന്തര സ്വർണവില റെക്കോർഡ് ഉയരത്തിലാണ് വ്യാപാരം തുടരുന്നത്. തുടരുന്ന യുദ്ധവും, ഡോളറിന്റെ ക്ഷീണവും സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തര സ്വർണ വില ഔൺസിന് 2700 ഡോളറിന് മുകളിലാണ് തുടരുന്നത്. 

നാളത്തെ റിസൾട്ടുകൾ 

ഹിന്ദുസ്ഥാൻ സിങ്ക്, ടാറ്റ കൺസ്യൂമർ, ജിയോ ഫിനാൻസ്, എംആർപിഎൽ, ഐസിഐസിഐ ജനറൽ ഇൻഷുറൻസ്, ജിൻഡാൽ സൊ, തേജസ് നെറ്റ് വർക്ക്, എൽ&ടി ഫിനാൻസ്, സീ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹിന്ദ്ര ബാങ്ക്, ടെക്ക് മഹിന്ദ്ര, ഡാൽമിയ ഭാരത്, എംസിഎക്സ് മുതലായ കമ്പനികൾ ശനിയാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

ഇന്ത്യൻ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഓയിലൂടെ 27,856 കോടി രൂപ സമാഹരിക്കുന്ന ഹ്യുണ്ടായിയുടെ ഐപിഓ 100% അപേക്ഷകൾ സ്വന്തമാക്കിയത് ഇന്ത്യൻ വിപണിക്കും ആശ്വാസമായി.  ഇന്നലെ വരെ 43% മാത്രം അപേക്ഷകർ ഉണ്ടായിരുന്ന ഐപിഓ അവസാന ദിനമായ ഇന്നാണ് 100% അപേക്ഷകൾ സ്വന്തമാക്കിയത്.   

വാരീ എനർജിയുടെ ഐപിഓ അടുത്ത തിങ്കളാഴ്ചയാണ് ആരംഭിക്കുന്നത്. മാതൃ കമ്പനിയുടെ ഐപിഓ വിജയം വാരീ റിന്യൂവബിൾ ഓഹരിക്കും മുന്നേറ്റം നൽകിയേക്കാം.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Auto, Realty, and Banking sectors plummet, leaving IT as the sole source of support. Read more about the latest market trends and what's driving the decline.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com