ട്രംപ് ജയിച്ചാൽ ബിറ്റ് കോയിൻ കുതിക്കുമോ , അതോ കിതയ്ക്കുമോ?
Mail This Article
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ക്രിപ്റ്റോ കറൻസികളെ പ്രോത്സാഹിപ്പിക്കുമോ? ട്രംപ് കുടുംബത്തിന്റെ ക്രിപ്റ്റോ കറൻസി പ്ലാറ്റ് ഫോം നിലവിൽ വന്നത് മുതൽ ഇത് സംബന്ധിച്ച് ചർച്ചകൾ മുറുകുകയാണ്. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്നാണ് ഈ പ്ലാറ്റ് ഫോമിന്റെ പേര്. ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസികൾ പരസ്പരം നൽകാനോ കടം വാങ്ങാനോ ഇതിലൂടെ സാധിക്കും. അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ട്രംപ് ക്രിപ്റ്റോ കറൻസികളെ നിശിതമായി വിമർശിച്ചിരുന്നു. അതിൽ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോഴത്തെ നിലപാട്. സ്വന്തം കുടുംബത്തിന് ക്രിപ്റ്റോ കറൻസി പ്ലാറ്റ് ഫോം തുടങ്ങിയതിനാൽ ഇനി അധികാരത്തിൽ വന്നാൽ ട്രംപ് ക്രിപ്റ്റോ കറൻസികൾ പ്രോത്സാഹിപ്പിക്കുമെന്നാണ് പൊതുജന അഭിപ്രായം.
ബിറ്റ് കോയിൻ സൃഷ്ടാവിനെ വെളിപ്പെടുത്തി HBO ഡോക്യുമെന്ററി
ബിറ്റ് കോയിൻ ആരാണ് ഉണ്ടാക്കിയത് എന്നത് നിഗൂഢതയാണ്. അതിന് ഉത്തരമായി പുതിയ HBO ഡോക്യുമെന്ററി, ബിറ്റ്‌കോയിന്റെ സ്രഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർത്ഥ ഐഡന്റിറ്റി പുറത്തു കൊണ്ടുവന്നിരിക്കുകയാണ്. ബിറ്റ്‌കോയിൻ ഗവേഷകനായ പീറ്റർ ടോഡ് യഥാർത്ഥത്തിൽ സതോഷിയാണെന്ന് 'മണി ഇലക്ട്രിക്:ദി ബിറ്റ്‌കോയിൻ മിസ്റ്ററി' എന്ന HBO ഡോക്യുമെന്ററി അവകാശപ്പെടുന്നു.
ആരാണ് ടോഡ്?
39 കാരനായ കനേഡിയൻ സോഫ്റ്റ്‌വെയർ ഡവലപ്പറാണ് ടോഡ്. ബിറ്റ്കോയിന്റെയും മറ്റ് ക്രിപ്റ്റോ, ബ്ലോക് ചെയിൻ സോഫ്റ്റ് വെയറിന്റെയും പ്രധാന ഡവലപ്പറായി ടോഡ് അറിയപ്പെടുന്നു. ബിറ്റ്‌കോയിന്റെ ആദ്യ വർഷങ്ങളിൽ ടോഡ് പൂർണമായും ഇതിൽ സഹകരിച്ചിരുന്ന വ്യക്തി ആയിരുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആദ്യകാല ബിറ്റ്‌കോയിൻ പ്രവർത്തകരായ ഹാൽ ഫിന്നിയുമായും ആദം ബാക്കുമായും താൻ കൗമാരപ്രായത്തിൽ ഇടപഴകാൻ തുടങ്ങിയതാണെന്ന് ടോഡ് സമ്മതിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ ബിറ്റ്കോയിൻ 20 സെന്റായപ്പോൾ വാങ്ങിയതായി അദ്ദേഹം അവകാശപ്പെടുന്നു.ബിറ്റ്കോയിന്റെ ഇപ്പോഴത്തെ വില 63,126 ഡോളർ ആണ്.
2011-ൽ കാണാതാകുന്നതിന് മുമ്പ് നകാമോട്ടോയുമായി ആശയവിനിമയം നടത്തിയതായി പരസ്യമായി പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. ന്യൂയോർക്ക് മാഗസിൻ അനുസരിച്ച് 2010 ഡിസംബർ 10-ന് ടോഡ് ബിറ്റ്കോയിൻ ബ്ലോഗിൽ ബിറ്റ്കോയിൻ ഇടപാട് ഫീസിനെക്കുറിച്ചുള്ള സതോഷിയുടെ ഒരു പോസ്റ്റിനോട് പ്രതികരിച്ചിരുന്നു.
2014 ജൂലൈ മുതൽ ടോഡ് കോയിൻകൈറ്റിലെ ബിറ്റ്കോയിൻ കോർ ഡെവലപ്പറാണ്. 2015 മുതൽ ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോമായ വെരിസാർട്ടിന്റെ ബോർഡ് ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ടോഡ് നിലവിൽ ഓപ്പൺ സോഴ്‌സ് ബിറ്റ്‌കോയിൻ വാലറ്റിലെ ഡാർക്ക് വാലറ്റിന്റെയും ഡിജിറ്റൽ കറൻസി, കമ്മ്യൂണിക്കേഷൻ പ്രോട്ടോക്കോൾ മാസ്റ്റർകോയിന്റെയും മുഖ്യ ശാസ്ത്രജ്ഞനാണ്.
ടോഡ് സതോഷിയാണെന്ന് HBO ഡോക്യുമെന്ററി ഉറപ്പ് പറയുന്നു. "അജ്ഞാതനായി തുടരാൻ അദ്ദേഹം വ്യക്തമായ ആസൂത്രണവും പരിശ്രമവും നടത്തി, കഴിഞ്ഞ 15 വർഷമായി ആരും ഒന്നും കണ്ടെത്തിയില്ല എന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ, അദ്ദേഹം പൂർണ്ണമായും വിജയിച്ചതായും തെറ്റുകൾ ഒന്നും വരുത്തിയിട്ടില്ലെന്നും തോന്നുന്നു" എന്നും ഡോക്യൂമെന്ററിയിലുണ്ട്.
ടോഡ് നിഷേധിച്ചു
താൻ ബിറ്റ് കോയിൻ സൃഷ്ടാവായ സതോഷി നാകമോട്ടോ ആണെന്ന റിപ്പോർട്ടുകൾ ടോഡ് നിഷേധിച്ചു.“ഞാൻ സതോഷി അല്ല,” ടോഡ് എക്‌സിൽ എഴുതി.
ഒരു ദശാബ്ദത്തിലേറെയായി സതോഷിയെ കാണാതായത് മുതൽ സതോഷിയുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തുടരുകയാണ്. സതോഷിയെന്ന് സംശയിക്കപ്പെടുന്ന ക്രിപ്‌റ്റോ ലോകത്തിലെ നിരവധി ഉന്നത വ്യക്തികളിൽ ഫിന്നിയും ബാക്കും ഉൾപ്പെടുന്നു. ഓസ്‌ട്രേലിയൻ സംരംഭകനായ ക്രെയ്ഗ് റൈറ്റ് താൻ സതോഷിയാണെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും തെളിവ് നൽകാൻ കഴിഞ്ഞില്ല. ചുരുക്കി പറഞ്ഞാൽ ദിവസങ്ങളോളം ബിറ്റ് കോയിൻ നിക്ഷേപകരെ മുൾമുനയിൽ നിർത്തിയ HBO ഡോക്യൂമെന്ററി 'ആടിനെ പട്ടിയാക്കി' എന്ന് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.