ADVERTISEMENT

വിദേശ ഫണ്ടുകൾ തുടങ്ങി വെച്ച വില്പനസമ്മർദ്ദം റീറ്റെയ്ൽ നിക്ഷേപകർ തുടർന്ന് കൊണ്ടുപോയതോടെ നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും തകർച്ച നേരിട്ടു. അമേരിക്കൻ തെരഞ്ഞെടുപ്പും വിദേശ ഫണ്ടുകളുടെ വില്പനയും യുദ്ധ ഭീഷണികളും ഹ്യുണ്ടായിയുടെ മോശം ലിസ്റ്റിങ്ങും അടക്കമുള്ള ഘടകങ്ങൾ വിപണിക്ക് ഭീഷണിയായി. 

ആദ്യ മണിക്കൂറുകളിൽ 24,882 പോയിന്റ് വരെ മുന്നേറി നിന്ന നിഫ്റ്റി തുടർച്ചയായി വീണ് 309 പോയിന്റ് നഷ്ടത്തിൽ 24472 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 930 പോയിന്റ് നഷ്ടം കുറിച്ച സെൻസെക്സ് 80220 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ ഇന്നും വൻ തകർച്ച നേരിട്ടത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്തിയും വർദ്ധിപ്പിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ്-100 3.9%വും, നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 2.6%വും നഷ്ടം കുറിച്ചപ്പോൾ  പൊതുമേഖല ബാങ്കിങ് സെക്ടർ 4.2% വീണു. മെറ്റൽ, റിയൽറ്റി, നിഫ്റ്റി നെക്സ്റ്റ്-50 സൂചികകൾ ഇന്ന് 3%ൽ കൂടുതല്‍ നഷ്ടം കുറിച്ചു.    

വിപണിയെ ‘കൈവിട്ട്’ റീറ്റെയ്ൽ നിക്ഷേപകരും

വിദേശ ഫണ്ടുകളുടെ വില്പന സമ്മർദ്ദവും യുദ്ധഭീഷണിയും ഒരുമിച്ച് നേരിട്ട ഇന്ത്യൻ വിപണിക്ക് പ്രധാന പിന്തുണ മേഖലകൾ നഷ്ടമായതാണ് റീറ്റെയ്ൽ നിക്ഷേപകരെ പരിഭ്രാന്തരാക്കിയത്. വിദേശ ഫണ്ടുകൾ തുടങ്ങി വയ്ക്കുന്ന വില്പന ‘ഓട്ടോ സ്‌ക്വയർ ഓഫ്’ സൗകര്യത്തിലൂടെ റീറ്റെയ്ൽ നിക്ഷേപകർ തുടരുന്നതും കെണിയായി. ഇന്ത്യൻ വിപണിയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് 4% ൽ കൂടുതലാണ് മുന്നേറിയത്. 

ഓട്ടോയെ തകർത്ത് ഹ്യുണ്ടായി 

അവസാനദിവസം രക്ഷപ്പെട്ട ഐപിഓയ്ക്ക് ശേഷം ആദ്യ ദിനത്തിൽ തന്നെ 7%  നഷ്ടം കുറിച്ച ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ ലിസ്റ്റിങ് ഇന്ന് ഇന്ത്യൻ ഓട്ടോ സെക്ടറിനെയും വീഴ്ത്തി. നിഫ്റ്റി ഓട്ടോ സൂചിക 2.47% നഷ്ടത്തിൽ 24627 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഹ്യുണ്ടായിയുടെ പ്രധാന എതിരാളിയായ മഹീന്ദ്രയും 3%ൽ കൂടുതൽ നഷ്ടം കുറിച്ചു. 

യുദ്ധം 

യുക്രെയ്നിലും, മിഡിൽ ഈസ്റ്റിലും യുദ്ധങ്ങൾ തുടരുന്നതിനിടെ ചൈന തായ്‌വാനെതിരെ നീക്കങ്ങൾ ശക്തമാക്കുന്നതും ഇന്ന് വിപണിയുടെ അടിസ്ഥാനമിളക്കി. സൗത്ത് ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളും അമേരിക്കയുടെ സാന്നിധ്യവും വിപണി ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. 

ടെസ്‌ലയുടെ റിസൾട്ട് നാളെ 

എൻവിഡിയയുടെ പിന്‍ബലത്തിൽ നാസ്ഡാക്ക് നേട്ടം കുറിച്ച ഇന്നലെ ഡൗ ജോൺസും, എസ്&പിയും നഷ്ടം കുറിച്ചിരുന്നു. അമേരിക്കൻ ഫ്യൂച്ചറുകളും യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയും ഹോങ്കോങ്ങും ഒഴികെയുള്ള ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 

നാളെ വരാനിരിക്കുന്ന ടെസ്‌ലയുടെ റിസൾട്ടും ഭവന വില്പനക്കണക്കുകളും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ബ്രിക്സ്, ഐഎംഎഫ് യോഗങ്ങളും വിപണി നീക്കങ്ങളെ സ്വാധീനിക്കും. 

നാളത്തെ റിസൾട്ടുകൾ 

ഹിന്ദുസ്ഥാൻ യൂണി ലിവർ ലിമിറ്റഡ്, ടിവിഎസ് മോട്ടോഴ്‌സ്, ഗോദ്‌റെജ്‌ പ്രോപ്പർട്ടീസ്, ബജാജ് ഫിൻസേർവ്, ബജാജ് ഹോൾഡിങ്‌സ്, ബിർള കോർപ്, ബിർള സോഫ്റ്റ്, കെയർ റേറ്റിങ്, ഏയു ബാങ്ക്, പിറമാല എന്റർപ്രൈസ്, സോനാ കോംസ്‌, യുണൈറ്റഡ് സ്പിരിറ്റ്സ്, ഹെറിറ്റേജ് ഫുഡ്സ്, കെപിഐടി ടെക്ക്, ഡോഡ്‌ല, മെട്രോ ബ്രാൻഡ്, നവീൻ ഫ്ലൂറിൻ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

വാരീ എനർജിയുടെയും, കൺസ്ട്രകഷൻ കമ്പനിയായ ദീപക് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്സിന്റെയും ഐപിഓ നാളെ അവസാനിക്കും. സോളാർ ഉപകരണ നിർമാതാക്കളായ വാരീ എനെർജിയുടെ ഐപിഓ വില 1427-1503 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market plunges as retail investors panic sell amid global uncertainty, war threats, and Hyundai's dismal listing. Nifty & Sensex tumble, wiping out investor wealth. Is this the start of a bear market?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com