ADVERTISEMENT

ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിലെ വാങ്ങലിൽ മുന്നേറിയെങ്കിലും പിന്നീട് ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു.  നിഫ്റ്റി 24604 പോയിന്റ് വരെ മുന്നേറിയ ശേഷം 37 പോയിന്റുകൾ നഷ്ടമാക്കി 24434 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 80113 പോയിന്റിലും, ബാങ്ക് നിഫ്റ്റി 51241 പോയിന്റയിലും ക്ളോസ് ചെയ്തു. 

ഐടി സെക്ടറിന്റെയും, എച്ച്ഡിഎഫ് ബാങ്കിന്റെയും റിലയന്സിന്റെയും മികച്ച റിസൾട്ട് പ്രഖ്യാപിച്ച ബജാജ് ഫിൻൻസിന്റെയും പിന്തുണയിൽ മുന്നേറ്റം നേടി വന്ന വിപണിക്ക് റിലയൻസും, ഐസിഐസി ബാങ്കും, ആക്സിസ് ബാങ്കും വില്പന സമ്മർദ്ദത്തിൽ വീണത് ക്ഷീണമായി. 

നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഇന്ന് ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ നിഫ്റ്റി മിഡ് ക്യാപ് സൂചികകൾ അര ശതമാനത്തിൽ കൂടുതലും മുന്നേറ്റം നേടിയത് റീറ്റെയ്ൽ നിക്ഷേപകരുടെ ആസ്തിയിൽ ഇന്നലെത്തെ നഷ്ടം കുറച്ചു. 

നിഫ്റ്റി ഐടി 2.4% മുന്നേറ്റം നേടിയതാണ് ഇന്ത്യൻ വിപണിയെ വീഴ്ചയിൽ നിന്നും താങ്ങിയത്. എംഫസിസും, ടെക്ക് മഹീന്ദ്രയും മുന്നിൽ നിന്നും നയിച്ചപ്പോൾ ഇൻഫോസിസും ടിസിഎസ്സും അടക്കമുള്ള ഐടി ഓഹരികൾ നേട്ടമുണ്ടാക്കി. എംഫസിസ് 4.7% മുന്നേറിയപ്പോൾ, ടെക്ക് മഹിന്ദ്ര 2.32% മുന്നേറ്റം കുറിച്ചു.   

ദീപാവലിയും, എഫ്&ഓ ക്ളോസിങ്ങും 

അടുത്ത ആഴ്ചയിൽ ദീപാവലിയും, എഫ്&ഓ ക്ളോസിങ്ങും ഒരുമിച്ച് വരുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ്ങിന് ശേഷം വെള്ളിയാഴ്ച തന്നെ ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം നടക്കാനിരിക്കുന്നത് ഇന്ത്യൻ നിക്ഷേപകർക്കും പ്രതീക്ഷയാണ്. 

ബ്രിക്സ് യോഗം 

റഷ്യ ഒറ്റക്കല്ലെന്ന് യൂറോപ്പിനോട് പ്രഖ്യാപിക്കാനും, ചൈന ലോകമേധാവിത്വത്തിനായുള്ള ഉപകരണമായും കാണുന്ന ബ്രിക്സ് യോഗപ്രഖ്യാപനങ്ങൾ വിപണിക്കും പ്രധാനമാണ്. ബ്രിക്സ്-10 ലേക്കുള്ള വളർച്ചയും ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണ പ്രഖ്യാപനങ്ങളും ബ്രിക്സ് രാജ്യങ്ങളുടെ പൊതുനാണയമായ ആർ-5 അടക്കമുള്ള കാര്യങ്ങൾ പ്രധാനമാണ്. 

ജിയോ ഇൻഷുറൻസിലേക്കും 

ബ്ലാക്ക്‌റോക്കുമായുള്ള മ്യൂച്വൽ ഫണ്ട് കമ്പനിക്ക് പിന്നാലെ ജർമനി ആസ്ഥാനമായ അലയൻസുമായി ചേർന്ന് ഇൻഷുറൻസ് ബിസിനസിലേക്കും ജിയോ ഫിനാൻഷ്യൽ സർവീസ് ഇറങ്ങുന്നുവെന്ന ‘വാർത്ത’ ഓഹരിക്ക് മുന്നേറ്റം നൽകി. 

അലയൻസ് ഇപ്പോൾ ബജാജ് ഫിൻസെർവുമായി ചേർന്നാണ് ഇന്ത്യയിൽ വ്യാപാരം ചെയ്യുന്നത്. ബജാജ് ഫിൻസേർവ് ഓഹരി ഇന്ന് ഒരു ശതമാനം മുന്നേറിയപ്പോൾ ജിയോ മുന്നേറ്റത്തിന് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തി. 

ടെസ്‌ല ഇന്ന് 

ഇന്നലെയും ഫ്ലാറ്റ് ക്ളോസിങ് നടത്തിയ അമേരിക്കൻ വിപണിക്ക് പിന്നാലെ. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൈനയും ഹോങ്കോങ്ങും കൊറിയയും ഒഴികെയുള്ള ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 

ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം വരാനിരിക്കുന്ന ടെസ്‌ലയുടെ റിസൾട്ടും ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

സ്വർണം 

രാജ്യാന്തര സ്വർണ വില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. സ്വർണ അവധി ഇന്ന് 2772 ഡോളറിൽ തൊട്ട ശേഷം 2764 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

നാളത്തെ റിസൾട്ടുകൾ 

ഐടിസി, പിഎൻബി ഹൗസിങ്, എസിസി, ഡിക്‌സൺ, സൈന്റ്, ഉജ്ജീവൻ സ്‌മോൾ ഫിനാൻസ്, യുണൈറ്റഡ് ബ്രൂവറീസ്, ആരതി ഡ്രഗ്സ്, കാസ്ട്രോൾ, ബ്ലിസ് ജിവിഎസ്, ഇൻഡോക്കോ, ബിക്കാജി ഫുഡ്സ് മുതലായ കമ്പനികള്‍ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian market retreats despite early gains, closing lower on profit-taking. IT sector shines, led by Mphasis & Tech Mahindra. What does this mean for investors ahead of Diwali & F&O expiry? Read more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com