ആശ്വാസം! ഇന്ത്യൻ വിപണിയിൽ ഇന്നും പോസിറ്റീവ് ക്ലോസിങ്
Mail This Article
ബാങ്കിങ് മേഖലയുടെ പിൻബലത്തിൽ ഇന്ത്യൻ വിപണി ഇന്ന് വീണ്ടുമൊരു പോസിറ്റീവ് ക്ളോസിങ് കൂടി സ്വന്തമാക്കി. ഫ്ലാറ്റ് തുടക്കത്തിന് ശേഷം 24140 പോയിന്റ് വരെ വീണ് നിഫ്റ്റി പിന്നീട് തിരിച്ചു കയറി 127 പോയിന്റ് നേട്ടത്തിൽ 24466 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 363 പോയിന്റ് നേട്ടത്തിൽ 80369 പോയിന്റിലും ക്ളോസ് ചെയ്തു.
ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകൾ രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറിയതാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായത്. ഐടി, ഫാർമ, ഓട്ടോ സെക്ടറുകൾ നഷ്ടവും കുറിച്ചു. നിഫ്റ്റി മിഡ്, സ്‌മോൾ ക്യാപ് സെക്ടറുകൾ ഒരു ശതമാനത്തിനടുത്ത് നേട്ടവുണ്ടാക്കി.
അഞ്ച് ശതമാനം മുന്നേറിയ എസ്ബിഐയും, മൂന്ന് ശതമാനം മുന്നേറിയ ഐസിഐസിഐ ബാങ്കുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് അടിസ്ഥാനമിട്ടത്. റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും നൽകിയ പിന്തുണയും നിഫ്റ്റിക്ക് പോസിറ്റീവ് ക്ളോസിങ് നൽകുന്നതിൽ നിർണായകമായി. നവംബർ എട്ടിനാണ് എസ്ബിഐയുടെ റിസൾട്ട് പുറത്ത് വരുന്നത്.
ഷോർട് കവറിങ് പ്രതീക്ഷ സജീവം
വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ്ങിന് മുന്നോടിയായി നാളെ മുതൽ ഷോർട് പൊസിഷനുകൾ ‘കവർ’ ചെയ്യപ്പെട്ടേക്കാമെന്നത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. മികച്ച റിസൾട്ടുകളുടെ പിൻബലവും വിപണിയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്.
മാരുതി വീണു
മാരുതി രണ്ടാം പാദത്തിൽ വരുമാന വർധന നേടിയെങ്കിലും അറ്റാദായത്തിൽ വീഴ്ച കുറിച്ചത് മാരുതിക്ക് 4% വീഴ്ചയാണ് നൽകിയത്. ഡീലർമാരുടെ പക്കൽ വാഹനങ്ങൾ കെട്ടിക്കിടക്കുന്നതിന്റെ കാലദൈർഘ്യം വർദ്ധിക്കുന്നു എന്ന വാർത്തയും ഇന്ത്യൻ വാഹന നിർമാതാക്കളുടെ ഉറക്കം കെടുത്തിത്തുടങ്ങി.
വാഹന ഓഹരികളെല്ലാം വീഴ്ച കുറിച്ച ഇന്ന് നിഫ്റ്റി ഓട്ടോ സൂചിക 1.5 ശതമാനം നഷ്ടത്തോടെ 23588 പോയിന്റിലേക്ക് വീണു. സെപ്റ്റംബർ 27ന് 27696 പോയിന്റ് ഉയരം കുറിച്ച നിഫ്റ്റി ഓട്ടോ സൂചിക ഒരു മാസം കൊണ്ട് 4000 പോയിന്റിലേറെയാണ് നഷ്ടമാക്കിയത്.
സെപ്റ്റംബറിൽ വില്പനവീഴ്ച കണ്ട ടാറ്റ മോട്ടോഴ്‌സ് യൂബിഎസ് നിർണയിച്ച ഡിസ്‌കൗണ്ട് ലക്ഷ്യമായ 825 രൂപ വരെ വീണതും ഇന്ന് ഓട്ടോ സൂചികക്ക് ക്ഷീണം നൽകി. വെള്ളിയാഴ്ച വരാനിരിക്കുന്ന ഒക്ടോബറിലെ വാഹന വില്പനക്കണക്കുകള്‍ ഓട്ടോ ഓഹരികൾക്ക് നിർണായകമാണ്.
ജിയോ പേയ്മെന്റ് അഗ്രഗേറ്റർ
ജിയോ ഫിനാൻഷ്യൽ സർവീസിന് ആർബിഐയുടെ പേയ്മെന്റ് അഗ്രഗേറ്റർ ലൈസൻസ് ലഭ്യമായത് ഓഹരിക്ക് ഇന്ന് കുതിപ്പ് നൽകി. പേടിഎമ്മിനും, ഗൂഗിൾ പേയ്ക്കും ബദലായി ജിയോയുടെ പുതിയ പേയ്മെന്റ് ‘ആപ്പ്’ വരുന്നത് ഓഹരിയുടെ മൂല്യത്തിലും മുന്നേറ്റമുണ്ടാക്കും.
ജിയോ ഫിനാൻഷ്യൽ സർവീസ് ഇന്ന് 313 രൂപയിൽ നിന്നും 326 രൂപയിലേക്ക് കയറി.
ജർമൻ ജിഡിപി & സിപിഐ
നാളെ വരാനിരിക്കുന്ന ജർമനിയുടെ സിപിഐ ഡേറ്റയും, മൂന്നാം പാദ ജിഡിപി ഡേറ്റയും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. യൂറോ സോൺ, പോർച്ചുഗീസ് ജിഡിപി കണക്കുകളും നാളെ പുറത്ത് വരുന്നു.
ഫെഡ് യോഗം അടുത്ത ആഴ്ച
നാളെ വരാനിരിക്കുന്ന ജോബ് ഓപ്പണിങ് കണക്കുകളും, ബുധനാഴ്ചത്തെ അൺഎംപ്ലോയ്‌മെന്റ് ക്ലെയിമിന്റെ കണക്കുകളും, വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്.
അടുത്ത ആഴ്ചയിലാണ് ഫെഡ് റിസർവിന്റെ അടുത്ത യോഗം നടക്കുക എന്നതും ഈയാഴ്ച വരുന്ന തൊഴിൽ വിവർക്കണക്കുകളുടെ പ്രാമുഖ്യം വർദ്ധിപ്പിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ എണ്ണ ശേഖരക്കണക്കുകളും, അമേരിക്കയുടെയും, യൂറോപ്യൻ രാജ്യങ്ങളുടെയും ജിഡിപികണക്കുകളും വരാനിരിക്കെ ബ്രെന്റ് ക്രൂഡ് ഓയിൽ വില 72 ഡോളറിൽ താഴെ ക്രമപ്പെടുകയാണ്. യുദ്ധവാർത്തകൾ സജീവമാകുന്നതും, ചൈനയുടെ തുടർ ‘സ്റ്റിമുലസ്’ സാധ്യതകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
രാജ്യാന്തര വിപണിയിൽ സ്വർണ വെള്ളി നിരക്കുകൾ റെക്കോർഡ് നിരക്കിനടുത്ത് തുടരുകയാണ്. അടുത്ത ആഴ്ച ചേരുന്ന ഫെഡ് റിസർവ് യോഗം നിരക്കുയർത്തൽ നയം തുടരുമോ എന്ന സംശയവും, അമേരിക്കൻ തിരഞ്ഞെടുപ്പിന് ചൂട് കൂടുന്നതും സ്വർണത്തിന് അനുകൂലമാണ്.
നാളത്തെ റിസൾട്ടുകൾ
എൽ&ടി, ടാറ്റ പവർ, ടാറ്റ ഇൻവെസ്റ്റ്, ഡാബർ, ബയോകോൺ, ഡിലിങ്ക്, ന്യൂ ഇന്ത്യ അഷ്വറൻസ്എക്സ്ചേഞ്ചിങ്,ഐആർബി ഇൻഫ്രാ, കിറ്റെക്സ്, ജെടിഎൽ ഇൻഡസ്ട്രീസ്, സ്റ്റെർലൈറ്റ് ടെക്ക്,എ ഐഎ എഞ്ചിനിയറിങ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക