ADVERTISEMENT

ട്രംപിനൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടി കുതിപ്പ് തുടർന്നത് ഇന്ത്യൻ  നിക്ഷേപകരുടെ ആസ്തിയിലും വർദ്ധനവുണ്ടാക്കി. നിഫ്റ്റി 270 പോയിന്റുകൾ മുന്നേറി 24484 പോയിന്റിലും സെൻസെക്സ് 901 പോയിന്റുകൾ മുന്നേറി വീണ്ടും 80000 പോയിന്റിന് മുകളിലും ക്ളോസ് ചെയ്തു. 

ഇന്നലെ ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ നിർത്തിയിടത്ത് നിന്നും ഐടി ഇന്ന് മുന്നേറ്റം ആരംഭിച്ചത് ഇന്ത്യൻ വിപണിക്കും തുടർമുന്നേറ്റം ഉറപ്പാക്കി. ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ നേട്ടമുണ്ടാക്കാതെ പോയപ്പോൾ ഐടി സെക്ടറിനൊപ്പം റിയൽറ്റി, എനർജി, മെറ്റൽ, ഓട്ടോ സെക്ടറുകളും വിപണിക്ക് പിന്തുണ നൽകി. നിഫ്റ്റി മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ ഇന്ന് 2%ൽ കൂടുതലും മുന്നേറി.  

ട്രംപിന്റെ വൈറ്റ്ഹൗസിലേക്കുള്ള തിരിച്ചു വരവിലുള്ള സന്തോഷം ഇന്ത്യൻ പ്രധാനമന്ത്രി പ്രകടിപ്പിച്ചതിനൊപ്പം ഇന്ത്യൻ വിപണിയും ആവേശത്തിലായി. വിപണി ആശങ്കപ്പെട്ടത് പോലെ വളരെ സങ്കീർണമാകാതെ അമേരിക്കൻ പ്രസിഡന്റ് ആരെന്ന തീരുമാനത്തിലെത്താനായത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും അനുകൂലമാണ്. 

ചൈന+1 എന്ന ട്രംപിന്റെ നയം തുടരുമെന്ന പ്രതീക്ഷ ഇന്ത്യൻ വിപണിക്ക് പ്രത്യേകിച്ച് മാനുഫാക്ച്ചറിങ് മേഖലക്ക് പുതിയ ഉണർവ് നൽകുമെന്നത് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് കാരണമായി. 

എന്നാൽ ട്രംപിന്റെ മുന്നേറ്റത്തിൽ ‘അപകടത്തിലായ’ ചൈനീസ് വിപണി ഇന്ന് നഷ്ടം കുറിച്ചു. ചൈനക്ക് വീണ്ടും വ്യാപാരയുദ്ധത്തിന്റെയും, കയറ്റുമതി നിയന്ത്രണത്തിന്റെയും നാളുകളാണ് വരാനിരിക്കുന്നത് എന്ന ഭയം ചൈനീസ് വിപണിയെ ഗ്രസിച്ചു തുടങ്ങി. 

ഡോളറിനൊപ്പം കുതിപ്പ് നേടി ഇന്ത്യൻ ഐടി 

ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന്റെ ആവേശത്തിൽ അമേരിക്കൻ ഡോളറും മുന്നേറ്റം നേടിയത് ഇന്ത്യൻ ഐടി സെക്ടറിനും ഇന്ന് കുതിപ്പ് നൽകി. ഇന്ത്യൻ ഐടി സെക്ടറിന്റെ 3.99% മുന്നേറ്റമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് വഴി വെച്ചതും. 

ടിസിഎസ് 4%ൽ കൂടുതൽ മുന്നേറിയപ്പോൾ ഇൻഫി, എച്ച്സിഎൽ ടെക്ക്, വിപ്രോ, ടെക്ക് മഹിന്ദ്ര എന്നിവ 3%ൽ കൂടുതലും കുതിപ്പ് നേടി.   

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ് 

എംഎസ് സി ഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലെ നവംബർ 27ന് നടക്കുന്ന മാറ്റങ്ങൾ നാളെ പ്രഖ്യാപിക്കപ്പെടുന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. മുൻപ് പ്രഖ്യാപിച്ചിരുന്നത് പോലെ എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്സിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ വെയിറ്റേജ് വർദ്ധിപ്പിക്കുന്നതിലൂടെ 1.88 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം ബാങ്കിലേക്ക് വരുന്നതും എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. 

അദാനി എനർജി സൊല്യൂഷനും ബിഎസ്ഇയും കല്യാൺ ജ്വല്ലറി, ഒബ്‌റോയ് റിയൽറ്റി അടക്കമുള്ള ഓഹരികൾ ഇത്തവണത്തെ എംഎസ് സി ഐ റീജിഗിൽ സ്ഥാനം ഉറപ്പിക്കുമെന്ന ഊഹങ്ങളും പ്രചരിക്കുന്നു. 

ഫെഡ്  യോഗം ഇന്ന്

ഇന്ന് ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് നയാവലോകനയോഗം നാളെ പുതിയ നിരക്കുകളും, നയങ്ങളും പ്രഖ്യാപിക്കാനിരിക്കുന്നതും ലോക വിപണിക്ക് പ്രധാനമാണ്. ഫെഡ് റിസർവ് വീണ്ടും 25 ബേസിസ് പോയിന്റുകൾ കുറച്ച് ഫെഡ് നിരക്ക് 4.75%ലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. 

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നയങ്ങളും നാളെയാണ് പ്രഖ്യാപിക്കുക. ബാങ്ക് ഓഫ് ഇംഗ്ലണ്ടും അടിസ്ഥാന പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തുമെന്നാണ് വിപണിയുടെ നിഗമനം. 

ക്രൂഡ് ഓയിൽ 

കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ മൂന്ന് ദശലക്ഷത്തിൽ കൂടുതൽ ബാരലിന്റെ വർദ്ധനവുണ്ടായിട്ടുണ്ടാകാമെന്ന അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്റ്യുട്ടിന്റെ നിഗമനം ഇന്ന് ക്രൂഡ് ഓയിലിനും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 74 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ മുന്നേറ്റം രാജ്യാന്തര സ്വർണവിലയിൽ അര ശതമാനത്തിൽ കൂടുതൽ തിരുത്തലും നൽകി. രാജ്യാന്തര സ്വർണ അവധി ഔൺസിന് 2729 ഡോളർ നിരക്കിലാണ് വ്യാപാരം തുടരുന്നത്. 

അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 3% മുന്നേറ്റത്തോടെ 4.435ലേക്ക് കയറി. ഫെഡ് നിരക്ക് കുറച്ചാൽ ബോണ്ട് യീൽഡും ഡോളറും വീണ്ടും തിരിച്ചിറങ്ങിയേക്കും. 

നാളത്തെ റിസൾട്ടുകൾ 

സെയിൽ, ആർവിഎൻഎൽ, ഇർകോൺ, എൻഎച്ച്പിസി, എൻസിസി, എം&എം, എസ്കോർട്സ്, ട്രെന്റ്, ഇന്ത്യൻ ഹോട്ടൽസ്, കമ്മിൻസ്, ബജാജ് ഇലക്ട്രിക്, ലുപിൻ, ഐടിഡി സിമെന്റേഷൻ, വെബാഗ്, അസ്‌ട്രാൾ, ആവാസ്, എബിഎഫ്ആർഎൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ഐപിഓ 

സ്വിഗിയുടെയും ആക്മേ സോളാർ ഹോൾഡിങ്‌സിന്റെയും ഇന്നാരംഭിച്ച ഐപിഓകൾ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. ഇരു കമ്പനികളുടെയും ഐപിഓകൾ നിക്ഷേപത്തിന് പരിഗണിക്കാം. 

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com