ADVERTISEMENT

 മികച്ച വിദ്യാഭ്യാസം, അതു രാജ്യത്തിനകത്തായാലും പുറത്തായാലും വർഷംചെല്ലും തോറും ചെലവ് കുതിച്ചുയരുകയാണ്. പക്ഷേ, കുട്ടി ജനിക്കുമ്പോൾതന്നെ പോക്കറ്റിലൊതുങ്ങുന്ന തുക മാസംതോറും നല്ലൊരു പദ്ധതിയിൽ നിക്ഷേ

പിച്ചാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽ മക്കളെ പഠിപ്പിക്കാനുള്ള പണം സമാഹരിക്കാൻ ബുദ്ധിമുട്ടില്ല. അതുവഴി ഭാവിയിൽ വിദ്യാഭ്യാസവായ്പയെ ആശ്രയിക്കുന്നത് ഒഴിവാക്കാനും കഴിയും.  

innovation-fund - 1

12% വാർഷികാദായം ലഭിക്കുന്ന പദ്ധതിയിൽ മാസം 1,000 രൂപവീതം നിക്ഷേപിച്ചാൽ പോലും 10വർഷംകൊണ്ട് 2.3ലക്ഷം രൂപ നേടാം. 20വർഷംകൊണ്ടാണെങ്കിൽ അത് 9.9ലക്ഷമാകും. പക്ഷേ, നിലവിലെ സാഹചര്യത്തിൽ 12% വാർഷിക പലിശ എന്നത് എവിടെ കിട്ടും? അൽപം റിസ്കെടുക്കാൻ തയാറായവർക്ക് മ്യൂച്വൽഫണ്ടിലെ ഇക്വിറ്റി ഫണ്ടുകൾ പരിഗണിക്കാം. 10–15 വർഷം എന്ന ദീർഘമായ കാലയളവിൽ ഇക്വിറ്റിഫണ്ടിന്റെ റിസ്ക് സ്വാഭാവികമായി കുറയുകയും ചെയ്യും. അതുകൊണ്ടാണ് കുട്ടികളുടെ ഭാവിക്കായി നിക്ഷേപിക്കാൻ ഏറ്റവും മികച്ചത് മ്യൂച്വൽ ഫണ്ടാണെന്നു സാമ്പത്തിക വിദഗ്ധർ പറയുന്നതും. 

മികവുകൾ പലത്

ഉയർന്ന വാർഷികാദായം മാത്രമല്ല ഇക്വിറ്റിഫണ്ടിനെ ഇവിടെ മികച്ചതാക്കുന്നത്. ഇതിൽ ഒന്നിച്ചോ തവണകളായോ നിക്ഷേപിക്കാം. എപ്പോൾ ആവശ്യം വന്നാലും പിൻവലിക്കുകയും ചെയ്യാം. ഏതു സാമ്പത്തിക സാഹചര്യത്തിലുള്ളവർക്കും കയ്യിലുള്ള തുകകൊണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ(എസ്ഐപി)വഴി പണം നിക്ഷേപിക്കാം. എസ്ഐപിയുടെ രണ്ടു മികവുകളായ കോമ്പൗണ്ടിങ്ങും കോസ്റ്റ് ഓഫ് ആവറേജിങ്ങും കൂടിയാകുമ്പോൾ 10–15 വർഷംകൊണ്ടു നിങ്ങളുടെ സമ്പത്തിൽ മാജിക് സൃഷ്ടിക്കുകയും ചെയ്യും. കുട്ടിയുടെ ചെറുപ്രായത്തിൽ ചെറിയ തുകയ്ക്ക് എസ്ഐപി ആരംഭിച്ചാലും വരുമാനം കൂടുന്നതനുസരിച്ച് വർഷം തോറും നിക്ഷേപത്തുക ടോപ്പ്അപ് ചെയ്യാം. 

സർക്കാർ ഗാരന്റിയുള്ള പല പദ്ധതികളിലും ഒരു അക്കൗണ്ട് മാത്രമേ കുട്ടിയുടെ പേരിൽ അനുവദിക്കൂ. മാത്രമല്ല, പരമാവധി നിക്ഷേപ തുകയ്ക്ക് പരിധിയുമുണ്ട്. എന്നാൽ മ്യൂച്വൽഫണ്ടിൽ എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം.  ആവശ്യമുള്ളത്ര നിക്ഷേപവും സാധ്യമാണ്.  അതായത്, കുട്ടിയുടെ വിവിധ ആവശ്യങ്ങൾക്കായി വേറേ വേറേ നിക്ഷേപവും സാധ്യമാണ്.

Image : Shutterstock/Ratana21
Image : Shutterstock/Ratana21

ഇനി എസ്ഐപി തുടങ്ങി ഇടയ്ക്ക് ഒന്നോ രണ്ടോ മാസം പണമടയ്ക്കാനായില്ലെങ്കിലും പ്രശ്നമില്ല എന്നതും ഇവയുടെ മികവാണ്. മാതാപിതാക്കളുടെ പേരിലാണ് അക്കൗണ്ടെങ്കിലും അവർക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും പണം നോമിനിയായ കുട്ടിക്കു ലഭിക്കാന്‍ ബുദ്ധിമുട്ടില്ല.

നിക്ഷേപം കൈകാര്യം ചെയ്യുന്നതിനുള്ള ചെലവും മ്യൂച്വൽഫണ്ടിൽ കുറവാണ്. മാത്രമല്ല, ശരിയായി പഠിച്ച് നിക്ഷേപിക്കുന്നവർക്ക് നേരിട്ടു നിക്ഷേപിക്കാൻ ഡയറക്ട് ഫണ്ടുകളുണ്ട്. അതിൽ നേട്ടം കൂടുതലായിരിക്കും. ഇനി നിങ്ങൾക്ക് ഇതേക്കുറിച്ച് അറിയില്ലെങ്കിൽ നല്ലൊരു അഡ്വൈസറുടെ സഹായം തേടാം. മറ്റു പല നിക്ഷേപങ്ങളെ അപേക്ഷിച്ച് ചെറിയ തുക മാത്രമേ ഇവർക്കു പ്രതിഫലമായി നൽകേണ്ടതുള്ളൂ.  

കുട്ടികൾക്കായുള്ള പ്രത്യേക പദ്ധതികളും മ്യൂച്വൽ ഫണ്ടിലുണ്ട്. അതിൽ എസ്ബിഐ മാഗ്നം ചിൽഡ്രൻസ് ബെൻഫിറ്റ് ഫണ്ടും എച്ച്ഡിഎഫ്സി  ചിൽഡ്രൻസ് ഗിഫ്റ്റ് ഫണ്ടും മികച്ച റിട്ടേൺ തരുന്നവയാണ്. 

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ 

∙ റിസ്കുള്ളതിനാൽ അഞ്ചു വർഷത്തിൽ താഴെയുള്ള കാലയളവിന് ഇവ അനുയോജ്യമല്ല.

∙ ഓഹരിവിപണിയിൽ ഏതു സമയത്തും വലിയ തകർച്ചകളുണ്ടാകാം. അതിനാൽ  ഇക്വിറ്റിഫണ്ടിൽ നിങ്ങൾ സമാഹരിച്ച തുക  പിൻവലിക്കാൻ ചെല്ലുമ്പോൾ ഇടിവാണെങ്കിൽ പ്രതീക്ഷിക്കുന്ന തുക കിട്ടില്ല. അതിനാൽ പണം ആവശ്യമുള്ള സമയം മുൻകൂട്ടി കണക്കാക്കി അതിന് ഒന്നോ രണ്ടോ വർഷം മുൻപ് പണം  ഹൈബ്രിഡ് ഫണ്ടുപോലെ റിസ്കു കുറഞ്ഞ പദ്ധതികളിലേക്കു മാറ്റിയിടണം.

∙ രക്ഷാകർത്താവ് ആവശ്യമായ തുകയ്ക്ക് ഒരു ടേം പ്ലാനുംകൂടി എടുത്തിടണം. അതുവഴി അപ്രതീക്ഷിതമായി മരണം സംഭവിച്ചാലും  കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാം.  

15%ത്തിലധികം നേട്ടം നൽകിയ ഫണ്ടുകൾ  

കഴിഞ്ഞ 10 വർഷക്കാലത്ത് 15 ശതമാനത്തിലധികം നേട്ടം നൽകിയ 16 ഇക്വിറ്റിഫണ്ടുകളാണ് പട്ടികയിൽ നൽകിയിരിക്കുന്നത്. ഒക്ടോബർ രണ്ടാം പാദത്തിലെ ഈ കണക്കനുസരിച്ച് 24%വരെ നേട്ടം നൽകിയ ഫണ്ടുകളുണ്ട്. മാത്രമല്ല, ഈ 16 ഫണ്ടുകളും മൂന്ന്, അഞ്ച്, ഏഴു വർഷ കാലയളവിലും 15 ശതമാനത്തിലധികം നേട്ടം നൽകിയവയാണ്. റിസ്കെടുക്കാവുന്നവർക്ക് സ്മാൾ‌ക്യാപ്–മിഡ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. റിസ്കെടുക്കാനാകില്ലെങ്കിൽ ലാർജ്–മൾട്ടിക്യാപ് ഫണ്ടുകൾ പരിഗണിക്കാം. 

നവംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്

English Summary:

Secure your child's future by investing in mutual funds. Learn how equity funds can help you build a strong financial foundation for their education and beyond.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com