യുദ്ധഭീതി വീണ്ടും! വിപണി ഇന്നും നേട്ടങ്ങൾ കൈവിട്ടു, നാളെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അവധി
Mail This Article
നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടെങ്കിലും ലാഭത്തിലാണ് ക്ളോസ് ചെയ്തത്. നഷ്ടങ്ങൾക്കൊടുവിൽ 200 ദിന മൂവിങ് ആവറേജായ 23350 പോയിന്റിൽ ഇന്നലെ പിന്തുണയുറപ്പിച്ച നിഫ്റ്റി ഇന്ന് 23780 പോയിന്റ് വരെ മുന്നേറിയ ശേഷമാണ് രാജ്യാന്തര വിപണികൾക്കൊപ്പം വീണത്. നിഫ്റ്റി 23,518 പോയിന്റിലും സെൻസെക്സ് 77578 പോയിന്റിലുമാണ് ഇന്ന് ക്ളോസ് ചെയ്തത്.
ഇന്നലെ വിപണിയുടെ വീഴ്ചയ്ക്ക് വഴിവച്ചുകൊണ്ട് 2%ൽ അധികം വീണ ഐടി സെക്ടർ ഇന്ന് 2%ൽ അധികം നേട്ടമുണ്ടാക്കിയത് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും പിന്തുണ നൽകിയിരുന്നു. മെറ്റൽ, എനർജി, ഇൻഫ്രാ സെക്ടറുകളൊഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണവസാനിച്ചത്.
ഇന്ന് അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് 6% മുന്നേറി 16.167ലെത്തി.
യുദ്ധഭീതി വീണ്ടും
അമേരിക്കയുടെ പിന്തുണയോടെ യുക്രെയ്ൻ ആക്രമണം നടത്തുന്നതിനെതിരെ റഷ്യ ശക്തമായി പ്രതികരിച്ചു കഴിഞ്ഞത് വിപണിയിൽ വീണ്ടും കരടികൾക്ക് ആധിപത്യം നൽകി.
അമേരിക്കൻ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന് ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇത് റഷ്യയെ ആണവ ആയുധങ്ങൾ ഉപയോഗിക്കുന്നതിലേക്കും ലോക മഹായുദ്ധത്തിലേക്കും നയിക്കുമെന്ന് പുടിൻ സൂചന നൽകിയതും വിപണിയിൽ ആശങ്ക വർദ്ധിപ്പിച്ചു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നാളെ
നാളെ നവംബർ ഇരുപതിന് ബുധനാഴ്ച മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധിയാണ്. നവംബർ 23 ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്. നാളെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ വരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ വ്യാഴാഴ്ച ഇന്ത്യൻ വിപണിയുടെ ഗതിയെ സ്വാധീനിക്കും.
ബിജെപി സഖ്യത്തിന് മേൽകൈ ഉണ്ടാവില്ല എന്ന സൂചനക്ക് എന്തെങ്കിലും മാറ്റമുണ്ടായാൽ ഇന്ത്യൻ വിപണി കുതിപ്പ് നേടിയേക്കും.
പൊതുമേഖല ബാങ്കുകൾ വിൽക്കുന്നു ?
കേന്ദ്ര സർക്കാരിന് 90%ൽ കൂടുതൽ ഓഹരി പങ്കാളിത്തമുള്ള പൊതു മേഖല ബാങ്കുകളുടെ ഓഹരിയിൽ നിന്നും കുറച്ച് വീതം വരും മാസങ്ങളിൽ വില്പന നടത്തിയേക്കാമെന്ന സൂചന ഇന്ന് പൊതു മേഖല ഓഹരികൾക്ക് മുന്നേറ്റം നൽകി. മികച്ച റിസൾട്ടുകൾ പുറത്ത് വിട്ട പൊതു മേഖല ഓഹരികൾ അതിദീർഘകാല നിക്ഷേപത്തിന് ഓഎഫ്എസ് വേളയിൽ പരിഗണിക്കാം.
എൻവിഡിയ റിസൾട്ട് നാളെ
ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് വിപണിക്ക് പ്രതീക്ഷയാണെങ്കിലും യൂറോപ്യൻ ബോണ്ടുകളുടെ മുന്നേറ്റം യൂറോപ്യൻ വിപണികൾക്ക് ക്ഷീണമാണ്.
എൻവിഡിയയുടെ നാളെ വരുന്ന റിസൾട്ടും, പീപിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകളും പുറത്ത് വരുന്നതും വിപണിക്ക് പ്രധാനമാണ്.
ക്രൂഡ് ഓയിൽ
ബ്രെന്റ് ക്രൂഡ് ഓയിൽ 70 ഡോളർ നിരക്കിൽ പിന്തുണ നേടിയ ശേഷം മുന്നേറി 73 ഡോളറിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖര കണക്കുകളും യുദ്ധ വാര്‍ത്തകളും ഡോളർ നിരക്കും തുടർന്നും ക്രൂഡ് ഓയിൽ വില നിർണയിക്കും.
സ്വർണം
ഒരാഴ്ച കൊണ്ട് 100 ഡോളർ മുന്നേറ്റം നേടിയ രാജ്യാന്തര സ്വർണ വില 2640 ഡോളറിലാണ് വ്യാപാരം തുടരുന്നത്. യുദ്ധവാർത്തകൾ മേൽക്കൈ നേടിയതോടെ ഇന്നും ഒരു ശതമാനം മുന്നേറ്റം നേടിയ സ്വർണ വിലയെ യുദ്ധഭീതിയായിരിക്കും ഭരിക്കുക.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക