ബജറ്റ് വരെ ഹാപ്പി! മാറാത്ത ആവേശം, വിപണി കുതിക്കുമോ?
Mail This Article
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അവധിയിൽ നാല് ദിവസമായി ചുരുങ്ങിയ കഴിഞ്ഞ ആഴ്ചയിൽ അദാനിക്കൊപ്പം വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ഐടി മികവിൽ വൻ കുതിപ്പ് നടത്തിയിരുന്നു. അദാനി ഭീതിയിൽ നിന്നും രക്ഷപ്പെട്ട ഇന്ത്യൻ വിപണിക്ക് മഹാരാഷ്ട്രയിലെ എക്സിറ്റ് പോൾ ഫലങ്ങളും വെള്ളിയാഴ്ച പിന്തുണ നൽകി. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭരണകക്ഷി നേടിയ മുന്നേറ്റം ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നത് ഇന്ത്യൻ വിപണിയുടെയും കുതിപ്പിന് കാരണമാകും.
മുൻ ആഴ്ചയിൽ 23532 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ചത്തെ 2.39% കുതിപ്പിന്റെ പിൻബലത്തിൽ 23907 പോയിന്റിലാണ് ക്ളോസ് ചെയ്തത്. രണ്ടര ശതമാനം മുന്നേറിയ സെൻസെക്സ് 79117 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി സെക്ടറിന്റെയും, പൊതുമേഖല ബാങ്കുകളുടെയും വെള്ളിയാഴ്ചത്തെ 3% കടന്ന മുന്നേറ്റമാണ് ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ആഴ്ച കുതിപ്പ് നൽകിയത്. റിയൽ എസ്റ്റേറ്റ് സെക്ടറും വെള്ളിയാഴ്ച 3%ൽ കൂടുതൽ മുന്നേറിയപ്പോൾ ഇൻഫ്രാ, എനർജി, എഫ്എംസിജി സെക്ടറുകളും 2%ൽ കൂടുതൽ മുന്നേറ്റം നേടി.
മഹാരാഷ്ട്രയിൽ എക്സിറ്റ് പോളുകൾ ശരിവക്കുന്ന തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് ഇന്ത്യൻ ഓഹരി വിപണിയുടെ ആവേശം ഇരട്ടിയാക്കും. ബിജെപി സഖ്യം മഹാരാഷ്ട്ര നേടുമെന്നായിരുന്നു എക്സിറ്റ് പോൾ സൂചനയെങ്കിലും ഇത്ര മികച്ച ഭൂരിപക്ഷം പ്രവചിക്കപ്പെട്ടിരുന്നില്ല. മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 229 സീറ്റ് നേടിയപ്പോൾ ജാർഖണ്ഡിൽ ഇന്ത്യ സഖ്യം മികച്ച തിരിച്ചു വരവും നടത്തി.
ബിജെപിയുടെ മാറാത്ത വിജയം തുടർതിരഞ്ഞെടുപ്പുകളിലും എൻഡിഎ സഖ്യത്തിന്റെ സാധ്യതയാണ് സൂചിപ്പിക്കുന്നത്. അതിനാൽ പൊതു തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ വിപണിയുട ആത്മവിശ്വാസ'ക്കുറവ്’ പരിഹരിക്കപ്പെടുന്നത് ഇന്ത്യൻ വിപണിക്ക് വളരെ അനുകൂലമാണ്.
ഇന്ത്യൻ വിപണി ഇനി ബജറ്റിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറും. ഇത്തവണ വീണ്ടും വർദ്ധിച്ച ആത്മവിശ്വാസത്തോടെ തന്നെ ‘നയങ്ങൾ’ വ്യക്തമാക്കുന്ന യൂണിയൻ ബജറ്റ് തന്നെയാകും പുറത്തു വരിക. റെയിൽ, വളം, ഇൻഫ്രാ, ഡിഫൻസ്, ഷിപ്പിങ്, ആർഇ, ഹൈഡ്രജൻ, സെമി കണ്ടക്ടർ മേഖലകൾ തുടർന്നും ശ്രദ്ധ നേടിയേക്കാം.
അദാനി ദഹനം
ഹിൻഡൻബെർഗ് ആരോപണങ്ങളിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അദാനിയെ നിയമവ്യവസ്ഥക്കുള്ളിൽ പെടുത്താനായത് കമ്പനിയുടെ രാജ്യാന്തര വ്യാപാര താല്പര്യങ്ങളെ ബാധിക്കുമെന്നത് തിരിച്ചടിയാണ്. അമേരിക്കൻ കോടതിയിൽ ഗൗതം അദാനിക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെ നയ്റോബി വിമാനത്താവളക്കരാർ അദാനിക്ക് നഷ്ടമായതും ശ്രദ്ധേയമാണ്.
അദാനിക്കെതിരെ അമേരിക്കയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ അദാനി കമ്പനികൾ ലിസ്റ്റിങ് വ്യവസഥകളിൽ ഭംഗം വരുത്തിയിട്ടുണ്ടോ എന്നന്വേഷിക്കാൻ സെബി എക്സ്ചേഞ്ചുകളെ ചുമതലപ്പെടുത്തിയിരുന്നു.
കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യയിൽ കൈക്കൂലി നൽകി എന്നത് ചൂണ്ടിക്കാട്ടി സമർപ്പിച്ച കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതുണ്ടെങ്കിലും അദാനി ഓഹരികളിൽ നിക്ഷേപകർക്ക് വ്യാഴാഴ്ച മാത്രം ശതകോടികളാണ് നഷ്ടമായത്. വെള്ളിയാഴ്ച അദാനി ഓഹരികളിൽ പലതും വെള്ളിയാഴ്ച ചെറിയ തോതിൽ തിരിച്ചു കയറിയിരുന്നു.
യുദ്ധം ആളിക്കത്തിക്കാൻ ബൈഡൻ
യുക്രെയ്നിന് അമേരിക്കൻ നിർമിത ആയുധങ്ങൾ നൽകുന്നതും, അതിന് മറുപടിയായി പുടിൻ കൂടുതൽ വിനാശകരമായ ആയുധങ്ങൾ ഉപയോഗിക്കുന്നതും മൂന്നാം ലോക മഹായുദ്ധസാധ്യതയിലേക്ക് കൊണ്ട് പോകുന്നത് വിപണിക്കും ക്ഷീണമാണ്.
മൂന്നാം ലോക മഹായുദ്ധം നടന്നു കൊണ്ടിരിക്കുയാണെന്നും, പലയിടങ്ങളിലും യുദ്ധം നടക്കുമ്പോൾ മറ്റ് പലയിടങ്ങളിൽ യുദ്ധത്തിന് കളമൊരുങ്ങുകയാണെന്നും ജെപി മോർഗന്റെ മേധാവി ജെയ്മി ഡൈമന്റെ പ്രസ്താവന നിലവിലെ സാഹചര്യങ്ങൾ വെളിവാക്കുന്നതാണ്.
അമേരിക്കൻ മാന്ദ്യം
ട്രംപ് വരുന്നതിനൊപ്പം തന്നെ സാമ്പത്തിക മാന്ദ്യവും അമേരിക്കയെ പിടിമുറുക്കിയേക്കുമെന്നതും, അമേരിക്കയുടെ 34 ട്രില്യൺ ഡോളറിന്റെ കടബാധ്യത തന്നെയാകും അതിന് കാരണമാകുക എന്നതും പ്രധാനമാണ്.
അമേരിക്കയുടെ വളരുന്ന കടക്കെണി ലോകത്തെ ഏറ്റവും വലിയ ‘ബബിളാ’ക്കി അമേരിക്കയെ മാറ്റുമെന്ന വിലയിരുത്തൽ ഭയപ്പെടുത്തുന്നതാണ്.
ലോക വിപണിയിൽ അടുത്ത വാരം
∙ബുധനാഴ്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് വരാനിരിക്കുന്നത് അമേരിക്കൻ ഡോളറിനും വിപണിക്കും പ്രധാനമാണ്. അമേരിക്കയുടെ മൂന്നാംപാദ ജിഡിപി കണക്കുകളും, പിസിഇ ഡേറ്റയും ബുധനാഴ്ചയാണ് വരുന്നത്.
വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും താങ്ക്സ് ഗിവിങ് ഡേ പ്രമാണിച്ച് അമേരിക്കൻ വിപണിക്ക് അവധിയാണെന്നതിനാൽ അമേരിക്കൻ ജോബ് ഡേറ്റയും ബുധനാഴ്ച തന്നെ വരുന്നു.
വ്യാഴാഴ്ച ജർമൻ, സ്പാനിഷ് റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, വെള്ളിയാഴ്ച ഫ്രഞ്ച് ജിഡിപി കണക്കുകളും, ഫ്രഞ്ച്, ഇറ്റാലിയൻ സിപിഐ കണക്കുകളും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.
ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്കുകളും, ധനക്കമ്മി കണക്കുകളും വെള്ളിയാഴ്ചയാണ് പുറത്ത് വരുന്നത്.
ഓഹരികളും സെക്ടറുകളും
∙ചൈന ലോഹക്കയറ്റുമതി ആനുകൂല്യങ്ങളിൽ കുറവ് പ്രഖ്യാപിച്ചത് ഇന്ത്യൻ അലുമിനിയം കോപ്പർ ഓഹരികൾക്ക് മുന്നേറ്റം നൽകിയിരുന്നു. ഇന്ത്യൻ മെറ്റൽ ഓഹരികൾ ദീർഘകാല മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സിൽ വെയിറ്റേജ് വർധിക്കുന്ന സാഹചര്യം എച്ച്ഡിഎഫ്സി ബാങ്കിന് തുടർന്നും അനുകൂലമാണ്. ഓഹരിയിലേക്ക് 1.88 ദശലക്ഷം ഡോളറിന്റെ നിക്ഷേപം കൂടി വരുന്നത് ഓഹരിക്ക് അനുകൂലമാണ്.
∙എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേഡ് ഇൻഡക്സിലേക്ക് അടുത്ത ആഴ്ച മുതൽ ഉൾപ്പെടുത്തപ്പെടുന്നത് ബിഎസ്ഇ, വോൾട്ടാസ്, കല്യാൺ ജ്വല്ലേഴ്സ്, ആൽകെഎം ലാബ്സ്, ഒബ്‌റോയ് റിയൽറ്റി എന്നിവക്ക് അനുകൂലമാണ്.
∙നവംബർ 29 മുതൽ പുതിയ 45 ഓഹരികൾ കൂടി ഫ്യൂച്ചേഴ്സ് & ഓപ്‌ഷൻസ് സെഗ്മെന്റിൽ ഉൾപ്പെടുത്തപ്പെടുന്നത് ശ്രദ്ധിക്കുക. നിലവിലെ വീഴ്ച പുതിയ എഫ് &ഓ ഓഹരികളിൽ നിക്ഷേപ അവസരമാണ്.
∙ഡോളർ മുന്നേറ്റം നേടാനിടയുള്ള സാഹചര്യത്തിൽ ഇന്ത്യൻ ഐടി സെക്ടർ സുരക്ഷിത മേഖലയായും പരിഗണിക്കാം.
∙മോർഗൻ സ്റ്റാൻലി ടിസിഎസ്സിന് 4660 രൂപയാണ് ലക്‌ഷ്യം കാണുന്നത്. വെള്ളിയാഴ്ച ടിസിഎസ് ഓഹരി മൂന്നര ശതമാനം മുന്നേറി 4221 രൂപയിലാണ് ക്ളോസ് ചെയ്തത്.
∙ഇന്ത്യൻ ഹോട്ടലിന്റെ ലക്ഷ്യവില ജെഫെറീസ് 900 രൂപയിലേക്കും, ട്രെന്റിന്റെ ലക്ഷ്യവില മോർഗൻ സ്റ്റാൻലി 8132 രൂപയിലേക്കും ഉയർത്തിയത് ഇരു ഓഹരികൾക്കും അനുകൂലമാണ്.
∙യൂപിഎലിന്റെ 12% ഓഹരി ആൽഫാ വേവ് ഗ്ലോബൽ സ്വന്തമാക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. എച്ച്എസ്ബിസി ഓഹരിക്ക് 680 രൂപയാണ് ലക്‌ഷ്യം കുറിക്കുന്നത്.
∙ശ്രീറാം ഫൈനാൻസിന് മോർഗൻ സ്റ്റാൻലി 4200 രൂപയാണ് ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച ഓഹരി 2842 രൂപയിലാണ് ക്ളോസ് ചെയ്തത്.
∙റിയൽറ്റി കമ്പനിയുടെ വിഭജനത്തിനായി എൻസിഎൽടിയിൽ നിന്നും നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചത് റയ്മണ്ട്സിന് വെള്ളിയാഴ്ച 16% മുന്നേറ്റം നൽകി.
∙എൻടിപിസി ഗ്രീൻ ഐപിഓ 3.44 ഇരട്ടി അപേക്ഷ സ്വന്തമാക്കിയെങ്കിലും ഫ്ലാറ്റ് ലിസ്റ്റിങ്ങാണ് ബുധനാഴ്ച പ്രതീക്ഷിക്കുന്നത്.
∙വെള്ളിയാഴ്ച ആരംഭിച്ച എൻവിറോ ഇൻഫ്രാ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ആദ്യദിനത്തിൽ തന്നെ മുഴുവൻ സബ്സ്ക്രൈബ്ഡ് ആയ ഓഹരിയുടെ ഐപിഓ വില 140-148 രൂപയാണ്.
ക്രൂഡ് ഓയിൽ
വെള്ളിയാഴ്ചയും 1% മുന്നേറ്റം നേടിയതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിൽ 6% നേട്ടത്തോടെ 75 ഡോളറിലാണ് ക്ളോസ് ചെയ്തത്. ‘വാർ പ്രീമിയ’വും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും തുടർന്നും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
യുദ്ധസാഹചര്യങ്ങൾ വീണ്ടും കടുക്കുന്നത് കഴിഞ്ഞ ആഴ്ചയിൽ 6% സ്വർണത്തിനും മുന്നേറ്റം നൽകി. രാജ്യാന്തര വിപണിയിൽ സ്വർണ അവധി 2712 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. യുദ്ധസാഹചര്യങ്ങൾക്കൊപ്പം ഡോളറിന്റെ ചലനങ്ങളും ഫെഡ് മിനുട്സ് വരാനിരിക്കെ സ്വർണത്തിന് നിർണായകമാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക