മൊബൈല്‍ ബാങ്കിങിലൂടെ പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ ഇനി എളുപ്പം
Mail This Article
ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് (ഐപിപിബി) നിലവില്‍ നിരവധി സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങിന് പുറമെ മൊബൈല്‍ ബാങ്കിങ്ങിനുള്ള സൗകര്യവും പോസ്റ്റ്ഓഫീസ് നിക്ഷേപകര്‍ക്ക് ഇപ്പോള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ച മൊബൈല്‍ ആപ്പാണ് ഐപിപിബി മൊബൈല്‍ ആപ്പ്. ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനും ഇടപാടുകള്‍ നടത്താനും കഴിയും.
പോസ്റ്റ് ഓഫീസിലെ ബാങ്കിങ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
നിക്ഷേപകര്‍ക്ക് നേരിട്ട് പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കാതെ പിപിഎഫ്, സുകന്യ സമൃദ്ധി യോജന തുടങ്ങിയ പോസ്റ്റ് ഓഫീസിലെ വിവിധ ചെറു സമ്പാദ്യ പദ്ധതികളില്‍ ഓണ്‍ലൈനായി നിക്ഷേപം നടത്താന്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗപ്പെടുത്താം.
പോസ്റ്റ് ഓഫീസ് നിക്ഷേപകര്‍ക്ക് അവരുടെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും പിപിഎഫ് അക്കൗണ്ടിലേക്ക് ഈ മൊബൈല്‍ ബാങ്കിങ് ആപ്പ് വഴി ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്യാനും കഴിയും. പോസ്റ്റ് ഓഫീസിന്റെ മൊബൈല്‍ അധിഷ്ഠിത ബാങ്കിങ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ആദ്യം ഈ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.
ഇന്ത്യ പോസ്റ്റ്‌സ് പേമെന്റ്‌സ് ബാങ്കിന്റെ IPPB mobile banking app ആന്‍ഡ്രോയ്ഡ് , ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഒരു പോലെ ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റേറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
നിബന്ധനകള്‍
∙ കോര്‍ബാങ്കിങ് സംവിധാനമുള്ള പോസ്റ്റ് ഓഫീസുകളിലെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ പുതിയ ആപ്പ് വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കു.
∙ അക്കൗണ്ടിന്റെ കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.
∙ അക്കൗണ്ടില്‍ ഇന്റര്‍നെറ്റ് ബാങ്കിങ് , മൊബൈല്‍ ബാങ്കിങ് സേവനങ്ങള്‍ സാധ്യമായിരിക്കണം.
∙ അല്ല എങ്കില്‍, ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി പോസ്റ്റ് ഓഫീസില്‍ ഒരു ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
∙ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സജീവമായി കഴിഞ്ഞാല്‍ നിലവിലെ ഇടപാടുകാര്‍ക്ക് ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
∙ ഒടിപിയും ലോഗിന്‍ വിവരങ്ങളും ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് എത്താം.
∙ ആധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യാനും അക്കൗണ്ട് ആക്‌സസ് ചെയ്യാനുമായി 4 ഡിജിറ്റ് എംപിന്‍ സെറ്റ് ചെയ്യണം.
∙ പുതിയ ഇടപാടുകാര്‍ക്ക് ആപ്പ് ഉപയോഗിച്ച് ഒരു പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനും കഴിയും.
മൊബൈല്‍ ആപ്പ് വഴി പുതിയ സേവിങ്‌സ് അക്കൗണ്ട് തുറക്കുന്നതിന്
∙ Open your account now ടാബില്‍ ക്ലിക് ചെയ്യുക
∙ മൊബൈല്‍ നമ്പറും പാനും നല്‍കുക
∙ വെരിഫിക്കേഷൻ ഒടിപി ഫോണിലേക്ക് എത്തും
∙ ഒടിപി നല്‍കി കഴിഞ്ഞാല്‍ ആധാര്‍ നമ്പര്‍ നല്‍കണം.
∙ ആധാര്‍ ഓതന്റിക്കേഷന് വേണ്ടിയുള്ള വ്യവസ്ഥകള്‍ അംഗീകരിക്കുക
∙ അതിന് ശേഷം സ്‌ക്രീനില്‍ പറയുന്നത് പോലെ അക്കൗണ്ട് തുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക.
ഇന്ത്യ പോസ്റ്റ് മൊബൈല്‍ ആപ്പിന്റെ സവിശേഷതകള്‍
∙ സേവിങ്‌സ്, പിപിഎഫ് അക്കൗണ്ടുകളുടെ മിനിസ്റ്റേറ്റ്‌മെന്റ് എടുക്കാം
∙ സേവിങ്‌സ്, ആര്‍ഡി, പിപിഎഫ് , മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ബാലന്‍സ് പരിശോധിക്കാം.
∙ മറ്റൊരാളുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം.
∙ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും ലിങ്ക് ചെയ്തിട്ടുള്ള പിപിഎഫ് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാം.
∙ ആര്‍ഡി അക്കൗണ്ട് തുടങ്ങുന്നതിന് അപേക്ഷ അയക്കാം
∙ ചെക് ബുക്കിന് അപേക്ഷിക്കാം
∙ ബില്ലുകള്‍ അടക്കാം
പോരായ്മ
∙ ആപ്പ് പ്രവര്‍ത്തനം തുടങ്ങിയിട്ട് ഏറെ നാള്‍ ആയിട്ടില്ലാത്തിനാല്‍ മേല്‍പറഞ്ഞ ചില സേവനങ്ങള്‍ അല്ലെങ്കില്‍ സംവിധാനങ്ങള്‍ ചില സമയങ്ങളില്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ല.
∙ ബാങ്കില്‍ തുടങ്ങിയിരിക്കുന്ന പിപിഎഫ് അക്കൗണ്ട് ഈ സംവിധാനത്തിലൂടെ ആക്‌സസ് ചെയ്യാന്‍ കഴിയില്ല.
∙ കോര്‍-ബാങ്കിങ് സാധ്യമാക്കിയിട്ടുള്ള പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ട് ഉള്ള ഇടപാടുകാര്‍ക്ക് മാത്രമെ ഈ ആപ്പ് നിലവില്‍ ഉപയോഗിക്കാന്‍ കഴിയു.