ADVERTISEMENT

അപ്രതീക്ഷിതമായുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പലപ്പോഴും വില്ലനാവുക താഴ്ന്ന ക്രെഡിറ്റ് സ്‌കോറാണ്. ഇത്  പലപ്പോഴും വായ്പ മുടക്കുമെന്ന് മാത്രമല്ല എടുക്കുന്ന ലോണിന് പലിശനിരക്ക് ഉയര്‍ത്തുകയും ചെയ്യും. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നിര്‍ത്തുന്നതാണ് നല്ലത്. പ്രത്യേകിച്ച് വായ്പ എപ്പോഴും ആവശ്യമുള്ള സാമ്പത്തിക മാന്ദ്യകാലത്ത്.
പുതുവര്‍ഷത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തി നിര്‍ത്താം.

 അനാവശ്യമായി ആവശ്യങ്ങള്‍ വിപുലീകിരിക്കുന്നത് പലപ്പോഴും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഇത് പരമാവധി
ഒഴിവാക്കുക എന്നതാണ് ആദ്യ പാഠം. അത്യാവശ്യത്തിന് മാത്രം പണം ചെലവഴിക്കാന്‍ ശ്രമിക്കുക. ഇത് ആശ്വാസകരമായ ക്രെഡിറ്റ് ലിമിറ്റില്‍ നമ്മളെ നിലനിര്‍ത്തും.

ഇ എം ഐ

പലപ്പോഴും ഇടത്തരക്കാര്‍ക്ക് ഒട്ടനവധി വായ്പകളുണ്ടായിരിക്കും. ഇവയാകട്ടെ പല ബാങ്കുകളില്‍ നിന്നായിരിക്കുകയും ചെയ്യും. ഭവന-വാഹന- വായ്പകളും മൊബൈല്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ക്കായി എടുത്തിട്ടുള്ള ക്രെഡിറ്റ് കാര്‍ഡ് വായ്പകളും ഇതിലുള്‍പ്പെടും. ഇ എം ഐ യും ക്രെഡിറ്റ് കാര്‍ഡ് ബില്ലും വളരെ കൃത്യതയോടെ തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്ന്് ഉറപ്പ് വരുത്തുക. ചില മാസങ്ങളില്‍ ഭവന വായ്പ ഇ എം ഐ പ്രതിസസന്ധിയിലായാല്‍ ബാധ്യത കുറഞ്ഞ മറ്റു വഴികള്‍ തേടി അടവ് മുടക്കാതിരിക്കുക. കാരണം ഒരിക്കല്‍ മുടങ്ങിയാല്‍ അടുത്ത മാസം തുക ഇരട്ടിയാവും എന്നോര്‍ക്കുക. തന്നെയുമല്ല ഇത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ചെയ്യും. മോശമല്ലാത്ത വായ്പ തിരിച്ചടവ് ചരിത്രമുണ്ടെങ്കിലേ ബാങ്കുകള്‍ ഭാവിയില്‍ ലോണ്‍ അനുവദിക്കു.

ക്രെഡിറ്റ് കാര്‍ഡ് പരിധി

മാസം തോറും ക്രെഡിറ്റ് കാര്‍ഡ് പരിധി മുഴുവന്‍ ഉപയോഗിക്കരുത്. കാരണം ഇത് നിങ്ങളെ വായ്പ അത്യാവശ്യക്കാരന്‍ എന്ന പരിഗണനയ്ക്ക് കാരണമാകും. എന്തു വിധേനയും വായ്പ എടുക്കാന്‍ നടക്കുന്നവരെ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ട് 'ക്രെഡിറ്റ് യൂട്ടിലൈസേഷന്‍ റേഷ്യോ' പരിധിയില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് 30 ശതമാനത്തിലധികം ഉയര്‍ന്ന് നിന്നാല്‍ അത്തരം ഇടപാടുകാരെ ബാങ്കുകള്‍ പണത്തിന് വേണ്ടി നടക്കുന്നയാള്‍ എന്നാവും വിലയിരുത്തുക. ഒരു ലക്ഷം രൂപയാണ് കാര്‍ഡിന്റെ ക്രെഡിറ്റ് പരിധി എങ്കില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള മാസഇടപാട് 30,000 ല്‍ ഒതുക്കുക. ഓര്‍ക്കുക, ക്രെഡിറ്റ് പരിധി ഉയര്‍ത്താന്‍ ബാങ്കിനോട് ആവശ്യപ്പെടുന്നത് പോലും ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിച്ചേക്കും.

ജാമ്യക്കാരനാവരുത്

ഒരു കാരണവശാലും മറ്റുള്ളവരുടെ വായ്പയ്ക്കായി ജാമ്യാക്കാരനാവരുത് . ഇത് നിങ്ങളുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കും. കാരണം വായ്പതിരിച്ചടവ് മുടങ്ങാതെ നോക്കേണ്ട ബാധ്യത ഇടപാടുകാരനേക്കാളധികം ജാമ്യക്കാരനാണ്. വായ്പ എടുത്തയാള്‍ ഇ എം ഐ മുടക്കം വരുത്തിയാല്‍ ജാമ്യക്കാരനെയായിരിക്കും ബാധിക്കുക. ഇനി നിവൃത്തിയില്ലെങ്കില്‍ മാത്രം ഇത് ചെയ്ത് മുടക്കമില്ലാത്ത തിരിച്ചടവ് ഉറപ്പാക്കുക.

വായ്പ ചോദിച്ച് നടക്കരുത്

ബാങ്കുകളില്‍ എപ്പോഴും വായ്പ അന്വേഷിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. വിവിധ ബാങ്കുകളിലും പല എജന്‍സികളിലും എടുക്കാന്‍ പോകുന്ന വായ്പയെ കുറിച്ച് അതിന്റെ പലിശയെ കുറിച്ച് തുടരെ അന്വേഷിക്കുന്നത് വായ്പക്കാരന്റെ അത്യാവശ്യത്തെ സൂചിപ്പിക്കുന്നു. ഈ സ്ഥാപനങ്ങളെല്ലാം ഇടപാടുകാരന്റെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കും.  വായ്പ അത്യാവശ്യക്കാരനെന്ന നിലയിലാണ് ഇത്തരം ആവര്‍ത്തിച്ചുള്ള അന്വേഷണങ്ങളെ ബാങ്കുകള്‍ വിലയിരുത്തുന്നത്. ഇത് ക്രെഡിറ്റ് സ്‌കോര്‍ താഴാനും പലിശ ഉയരാനും കാരണമാകും. ഇതിന് പകരം വിവിധ ബാങ്കുകളുടെ വായ്പ ചട്ടങ്ങളും പലിശനിരക്കും ഓണ്‍ ലൈന്‍ വഴി താരതമ്യം ചെയ്ത് മനസിലാക്കി സ്ഥാപനങ്ങളെ സമീപിക്കുക.

ക്രെഡിറ്റ് റിപ്പോര്‍ട്ട് ഇടക്കിടെ പരിശോധിക്കുക

ക്രെഡിറ്റ് റിപ്പോര്‍ട്ട് എന്നാല്‍ ഒരാളുടെ വായ്പ തിരിച്ചടവ് ചരിത്രമാണ്. മുന്‍കാല ലോണ്‍,നിലവിലെ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ഇടപാടിന്റെ രീതി ഇവയെല്ലാം ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ ക്രെഡിറ്റ് സ്‌കോര്‍ തയ്യാറാക്കുന്നത്. ഇടയ്ക്കിടെ ഇത് പരിശോധിക്കുന്നത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ശരിയാക്കി ഉയര്‍ന്ന സ്‌കോര്‍ പുനസ്ഥാപിക്കുന്നതിന് സഹായിക്കും. ചില ഘട്ടങ്ങളില്‍ നമ്മുടേതല്ലാത്ത് കാരണങ്ങള്‍ കൊണ്ട് സിസ്റ്റത്തില്‍ തെറ്റ് സംഭവിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com