സർക്കാരിന്റെ ധനസഹായം, ചികിത്സയ്ക്കും നാശനഷ്ടങ്ങൾക്കും
Mail This Article
ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും തീപിടുത്തം, പ്രകൃതിക്ഷോഭം എന്നിവയിൽ നാശനഷ്ടം സംഭവിച്ചവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു ധനസഹായം ലഭിക്കും. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരുമാനം ഇല്ലാത്തവർക്ക് ആണ് ഗുരുതര രോഗ ചികിത്സയ്ക്ക് സഹായം. ഒരാൾക്ക് ഒരു തവണ മാത്രമേ അനുവദിക്കൂ. പക്ഷേ കാൻസർ, വൃക്ക രോഗികൾക്കും ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനുശേഷം വീണ്ടും അപേക്ഷിക്കാം.
വേണ്ട രേഖകൾ
ആറു മാസത്തിനകമുള്ള അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, റേഷൻകാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർ മരണസർട്ടിഫിക്കറ്റ്, എഫ്ഐആർ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പു സഹിതം മരിച്ച് ഒരു വർഷത്തിനകം അപേക്ഷിക്കണം.
തീപിടിത്തം/പ്രകൃതിക്ഷോഭം
ഇൻഷുറൻസ് പരിരക്ഷയില്ലാത്ത വീടും ചെറു കച്ചവടസ്ഥാപനങ്ങളും തീപിടിത്തത്തിൽ നശിച്ചാലും വള്ളം, ബോട്ട്, വല തുടങ്ങിയ മത്സ്യബന്ധനോപാധികൾക്ക് നാശം സംഭവിച്ചാലും ധനസഹായം ലഭിക്കും. പ്രകൃതിക്ഷോഭം മൂലമുള്ള നാശനഷ്ടങ്ങൾക്കും കലക്ടറുടെ ശുപാർശയിൽ സഹായം കിട്ടും.
എങ്ങനെ അപേക്ഷിക്കണം?
cmo.kerala.gov.in എന്ന െവബ്പോർട്ടൽ, അക്ഷയകേന്ദ്രങ്ങൾ എന്നിവ വഴി അപേക്ഷിക്കാം. എംഎൽഎമാർ, എംപിമാർ എന്നിവരുടെ ഓഫിസ് മുഖേനയും മുഖ്യമന്ത്രി/റവന്യു മന്ത്രി ഓഫിസിൽ തപാൽ/ഇ–മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷയിലെ പോരായ്മകൾ വില്ലേജ് ഓഫിസർമാർ അറിയിക്കും. പോർട്ടലിലൂടെ അപേക്ഷയുടെ നിലവിലെ സ്ഥിതി പരിശോധിക്കാം. കുറവുള്ള േരഖകൾ അപ്‌ലോഡ് ചെയ്യാം.
English Summary : Finanncial Aid from Kerala State Government