ഈ വായ്പ വേഗം കിട്ടും, പക്ഷെ ജാഗ്രതയുണ്ടാകണം
Mail This Article
തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പ്രീ അപ്രൂവ്ഡ് വായ്പകള്‍ അനുവദിക്കാറുണ്ട്. മറ്റ് വായ്പകളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഡോക്യുമെന്റേഷന്‍ വേണ്ട എന്ന പ്രത്യേകതയുണ്ട്. വേഗത്തില്‍ ലഭിക്കുകയും ചെയ്യും. കോവിഡ് പോലുള്ള പ്രതിസന്ധികാലത്ത് വരുമാനം കുറയുകയോ താൽക്കാലികമായി നഷ്ടപെടുകയോ ചെയ്യുന്ന ഘട്ടത്തില്‍ പരിഗണിക്കാവുന്ന വായ്പയാണെങ്കിലും ജാഗ്രതതയോടെ വേണം ഇതിനെ കൈകാര്യം ചെയ്യാന്‍.
പലിശ നിരക്ക്
പലിശ നിരക്ക് തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. സാധാരണ നിലയില്‍ 12 ശതമാനം മുതല്‍ ഇവിടെ പലിശ ഈടാക്കാറുണ്ട്. ഉയര്‍ന്ന പലിശ 30 ശതമാനം വരെ വരും. അതുകൊണ്ട് വായ്പ എടുക്കും മുമ്പ് ബന്ധപ്പെട്ട രേഖകള്‍ വായിച്ച് ഉറപ്പ് വരുത്തേണ്ടതാണ്.
ഇ എം ഐ
വ്യക്തിഗത ക്രെഡിറ്റ് കാര്‍ഡുകളുടെ വായ്പ പരിധിക്കകത്തായിരിക്കും വായ്പ അനുവദിക്കപ്പെടുക. പിന്നീട് ഈ വായ്പയുടെ ഇ എം ഐ ക്രെഡിറ്റ് കാര്‍ഡിന്റെ മാസ തിരിച്ചടവിലേക്ക് ചേര്‍ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം സാധാരണ ഓരോ മാസവും കാര്‍ഡ് ഉപയോഗിക്കുന്നതിന്റെ ബില്ലിനൊപ്പമായിരിക്കും പുതിയ വായ്പ ഇ എം ഐ യും വരിക. അത് താങ്ങാനാവുന്നതാണോ എന്ന് വായ്പ എടുക്കും മുമ്പ് ചിന്തിക്കുക.
വായ്പാ പരിധി
നിലവിലുള്ള വായ്പ പരിധിക്കുള്ളില്‍ നിന്നാണ് വായ്പ അനുവദിക്കുക. വായ്പ എടുത്ത തുക കാര്‍ഡിന്റെ വായ്പ പരിധിയിലേക്ക് ചേര്‍ക്കപ്പെടും. അതുകൊണ്ട് പിന്നീട് പെട്ടെന്നുള്ള അത്യാവശ്യത്തിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ വായ്പാ പരിധിയുള്ള കാര്‍ഡാണെങ്കില്‍ 80,000 രൂപ ഇങ്ങനെ വായ്പ എടുത്താല്‍ അത് അടച്ച് തീരുന്നതുവരെ നിങ്ങളുടെ വായ്പാപരിധി 20,000 ലേക്ക് താഴും.
English Summary : Keep these Things in Mind Before taking Credit Card Pre Approved Loan