വരുമാന ഇടിവ് മറികടക്കാം, മ്യൂച്വല്‍ ഫണ്ടിലൂടെ
Mail This Article
മ്യൂച്വല്‍ ഫണ്ടില്‍ ഒട്ടേറെ വ്യത്യസ്ത അവസരങ്ങളുണ്ട്. അവ ഫലപ്രദമായി വിനിയോഗിച്ചു കോവിഡ് കാലത്തെ വരുമാന ഇടിവിനെ മറികടക്കാം. അതിനുള്ള സാധ്യതകള്‍ വിശദമാക്കുകയാണ് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)ചീഫ് എക്‌സിക്യൂട്ടീവ് എന്‍. എസ്. വെങ്കടേഷ്. ബാങ്കിങ് രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് ഈ പാലക്കാട്ടുകാരൻ ആംഫിയുടെ തലപ്പത്ത് എത്തിയത്.
വരുമാനം ഇടിഞ്ഞതിനാൽ ദീര്‍ഘകാല ലക്ഷ്യത്തോടെ വര്‍ഷങ്ങളായി സമാഹരിച്ച നിക്ഷേപം പോലും പിന്‍വലിക്കേണ്ടിവരുന്നു. ഈ സന്ദര്‍ഭത്തില്‍ നിക്ഷേപകരോട് താങ്കള്‍ക്ക് എന്താണ് നിർദേശിക്കാനുള്ളത്?
തീര്‍ച്ചയായും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍, അത്യാവശ്യം വന്നാല്‍ നിക്ഷേപം പിന്‍വലിച്ച് ഉപയോഗിക്കേണ്ടി വരും. അതല്ലാതെ മറ്റു മാര്‍ഗമുണ്ടാകില്ല.
എന്നാല്‍ ഇത്തരം സന്ദര്‍ഭത്തില്‍ മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ടിനു ചില മികവുകളുണ്ട്. എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യാം. ലിക്വിഡിറ്റി (എപ്പോള്‍ വേണമെങ്കിലും പണമാക്കാം) കൂടുതലാണ്. മാത്രമല്ല കാര്യമായ പിഴകള്‍ ഇല്ല. അതുകൊണ്ടു തന്നെ എമര്‍ജന്‍സി ഫണ്ടായി മ്യൂച്വല്‍ ഫണ്ടുകളെ ഉപയോഗപ്പെടുത്താൻ കഴിയും. പിന്‍വലിക്കുമ്പോഴുള്ള എക്‌സിറ്റ് ലോഡ് ഇല്ലാത്ത പലതരം ഡെറ്റ് ഫണ്ടുകള്‍ ഉണ്ട്. ഇക്വിറ്റി ഫണ്ടാണെങ്കില്‍ പോലും ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ ലോഡുകളില്ല.
അതുകൊണ്ട് അത്യാവശ്യം വന്നാൽ നിക്ഷേപം പിന്‍വലിച്ച് ഉപയോഗിക്കുക. അതു ശരിയായി പ്ലാന്‍ ചെയ്തു ചെയ്യാന്‍ ശ്രദ്ധിക്കുക. പിന്നീട് സ്ഥിതി മെച്ചപ്പെടുമ്പോള്‍ വീണ്ടും നിക്ഷേപം വര്‍ധിപ്പിക്കാം. മാത്രമല്ല, ഇന്നത്തെ സ്ഥിതിയിലും കഴിയുന്ന തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കണം.
പണത്തിനു ബുദ്ധിമുട്ടുള്ള ഈ സമയത്ത് എങ്ങനെ നിക്ഷേപിക്കാനാണ്?
മുന്‍പു നിക്ഷേപിച്ചതുകൊണ്ടാണല്ലോ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എടുത്തുപയോഗിക്കാന്‍ കഴിയുന്നത്. അതുകൊണ്ടു കൈയിലുള്ളതില്‍ നിന്നു ചെലവുചുരുക്കി സാധ്യമായ തുക നിക്ഷേപിക്കുക. മ്യൂച്വല്‍ ഫണ്ടിലാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും, ആവശ്യം വന്നാല്‍ അടുത്ത ദിവസം തന്നെ, പിന്‍വലിച്ച് ഉപയോഗിക്കാം. മറിച്ച് സ്വര്‍ണത്തിലോ റിയല്‍ എസ്‌റ്റേറ്റിലോ ഒക്കെയാണ് നിക്ഷേപിക്കുന്നതെങ്കില്‍ അതിനു സാധിച്ചെന്നു വരില്ല. ഏറ്റവും ലിക്വിഡിറ്റിയുള്ള ഏറ്റവും കുറഞ്ഞ ചെലവിലും റിസ്‌ക്കിലും സമ്പത്ത് വളര്‍ത്താന്‍ സഹായിക്കുന്ന പദ്ധതികള്‍ മ്യൂച്വല്‍ ഫണ്ടിലെ പോലെ മറ്റൊരിടത്തും ഉണ്ടാകില്ല. അതുകൊണ്ട് ഈ സമയത്തും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടരണം എന്നാണ് പറയാനുള്ളത്.
ഇവിടെ ഹ്രസ്വകാലത്തേയ്ക്ക് ഡെറ്റ് ഫണ്ടുകളും ദീര്‍ഘകാലത്തേയ്ക്ക് ഇക്വിറ്റി ഫണ്ടുകളും തിരഞ്ഞെടുക്കാം. 100 രൂപ മാറ്റിവെച്ച് നിക്ഷേപിക്കുന്നുണ്ടെങ്കിൽ അതില്‍ 60 രൂപ ലിക്വിഡിറ്റിയും താരതമ്യേന സുരക്ഷയും ഉള്ള ഡെറ്റ് ഫണ്ടുകളിൽ വേണം. ബാക്കി 40 രൂപ ഉയര്‍ന്ന നേട്ടസാധ്യതയുള്ള ഇക്വിറ്റി ഫണ്ടിലും ആകണം.
പലിശ കുറഞ്ഞിരിക്കുന്ന ഈ സമയത്ത് എമര്‍ജന്‍സി ഫണ്ട് എവിടെ നിക്ഷേപിക്കണം?
നിലവിലെ സാഹചര്യത്തില്‍ എമര്‍ജന്‍സി ഫണ്ട് ഏവര്‍ക്കും ഉണ്ടാകണം. ഇവിടെ ലിക്വിഡ് ഫണ്ടുകളും ഓവർനൈറ്റ് ഫണ്ടുകളും ഉപയോഗപ്പെടുത്താം. ഓവര്‍ നൈറ്റ് ഫണ്ടുകളില്‍ എക്‌സിറ്റ് ലോഡേ ഇല്ല. ഇട്ടാല്‍ പിറ്റേന്നു പോലും പിന്‍വലിക്കാം. ബാങ്ക് സേവിങ്‌സ് അക്കൗണ്ടു പോലെ പണം കൈകാര്യം ചെയ്യാം. സുരക്ഷിതവുമാണ്. എസ്ബി അക്കൗണ്ടിനേക്കാളും ഉയർന്ന പലിശയും കിട്ടും. ലിക്വിഡ് ഫണ്ടിലാണെങ്കില്‍ ഏഴു ദിവസത്തിനു ശേഷം പിന്‍വലിച്ചാൽ ചാർജ് ഒന്നും ഇല്ല. ഇവ രണ്ടും എമര്‍ജന്‍സി ഫണ്ടിനുള്ള തുക നിക്ഷേപിക്കാൻ മികച്ചതാണ്.
പലര്‍ക്കും എസ്‌ഐപി തുക അടയ്ക്കാന്‍ പറ്റുന്നില്ല. ഇതുകൊണ്ട് എന്തെല്ലാം പ്രശ്നങ്ങൾ സംഭവിക്കാം?
വരുമാനം കുറഞ്ഞതു മൂലം എസ്‌ഐപി തുക അടയ്ക്കാനാകുന്നില്ലെങ്കില്‍ വിഷമിക്കേണ്ട. ഗഡു മുടങ്ങിയാലും നിങ്ങളില്‍ നിന്നു യാതൊരു പിഴയും ഈടാക്കില്ല. ആനൂകൂല്യങ്ങളും നഷ്ടപ്പെടില്ല.
മ്യൂച്വല്‍ ഫണ്ടിൽ നിങ്ങളുടെ നിക്ഷേപവും അതില്‍ നിന്നും വരുന്ന ആദായവര്‍ധനയും നിങ്ങള്‍ക്ക് തന്നെ ലഭിക്കും. ഇടയ്ക്ക് നിക്ഷേപം മുടങ്ങിയെന്നു കരുതി അതൊന്നും നഷ്ടപ്പെടില്ല. മൂന്നു വര്‍ഷം എസ്ഐപി നടത്തിയെന്നു കരുതുക. തുടരാനാകാതെ പിന്‍വലിച്ചാല്‍ 36 തവണത്തെ തുകയും അതിന്റെ റിട്ടേണും ലഭിക്കും. ഇടയ്ക്ക് നിര്‍ത്തിയാലും നഷ്ടമൊന്നും സംഭവിക്കില്ല എന്നർത്ഥം.
അതായത് ലൈഫ് ഇൻഷുറസിലെ പോലെ അടവ് മുടങ്ങിയാൽ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടില്ല. ഇൻഷുറന്‍സില്‍ നിങ്ങളുടെ റിസ്‌ക് കവര്‍ ചെയ്യുന്നതിനാൽ സമയത്ത് പ്രീമിയം അടച്ചില്ലെങ്കില്‍ പോളിസി ലാപ്‌സ് ആകും. കവറേജും നഷ്ടപ്പെടും. പിന്നെ പിഴയടക്കം പ്രീമിയം അടച്ചാലേ തുടരാനാകൂ. ഇവിടെ അത്തരം പ്രശ്‌നങ്ങളൊന്നും ഇല്ല. അടയ്ക്കാന്‍ ഇപ്പോള്‍ പണം ഇല്ലെങ്കില്‍ എസ്‌ഐപി ഗഡു അടയ്ക്കേണ്ട. പിന്നെ പണം വരുമ്പോള്‍ തുടരുകയും ആകാം. അതുകൊണ്ട് നഷ്ടമൊന്നും സംഭവിക്കുന്നില്ല.
ഗഡു മുടങ്ങിയാല്‍ ബാങ്കുകള്‍ ചാര്‍ജ് ഈടാക്കില്ലേ?
ശരിയാണ്. ചെക്കോ സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷനോ വഴിയാകും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നു എസ്‌ഐപി തുക മാസം മ്യൂച്വല്‍ ഫണ്ടിലേയ്ക്ക് പോകുന്നത്. അതിനാല്‍ അക്കൗണ്ടില്‍ പണം ഇല്ലാതെ ബാങ്ക് ഇടപാടു മുടങ്ങിയാല്‍ അവര്‍ ചാര്‍ജ് ചെയ്യും. 1,000 രൂപ എസ്‌ഐപി അടയ്ക്കുന്ന വ്യക്തിക്ക് നൂറോ അതിലധികമോ രൂപ ഇത്തരത്തില്‍ ചാര്‍ജായി നഷ്ടപ്പെടാം. അതു വലിയ നഷ്ടം വരുത്തും. അതൊഴിവാക്കാൻ എസ്‌ഐപി തുക അടയ്ക്കുന്നില്ല, ഇടപാടു നിര്‍ത്തി വയ്ക്കണം എന്നു ബാങ്കിനെ അറിയിച്ചാല്‍ മതി. അങ്ങനെ ചെയ്താല്‍ ബാങ്ക് ചാര്‍ജ് ചെയ്യില്ല. സ്ഥിതി മെച്ചപ്പെടുമ്പോള്‍ വീണ്ടും എസ്‌ഐപി ബാങ്ക് വഴി തുടരുകയും ചെയ്യാം.
English Summary : Interview with AMFI CEO N S Vekatesh