ഓൺലൈനിലൂടെ പണമുണ്ടാക്കണോ? അതിനുള്ള മാർഗ്ഗങ്ങളിതാ
Mail This Article
പണമുണ്ടാക്കാനുള്ള പരമ്പരാഗതമായ പല മാർഗ്ഗങ്ങളുടെയും കാലം കഴിഞ്ഞു. ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഭാഗമായതോടെ പണമുണ്ടാക്കുവാനും പലരും ഇന്റർനെറ്റ് സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്. വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പണമുണ്ടാക്കുവാൻ സാധിക്കുന്ന ചില മാർഗങ്ങളെ പരിചയപ്പെടാം.
ഡിജിറ്റൽ മാർക്കറ്റിങ്
ഉൽപ്പന്നങ്ങളെ ഓൺലൈനായി പരിചയപ്പെടുത്തി കച്ചവടം നടത്തി കാശ് നേടുന്ന രീതിയാണിത്. ബ്ലോഗുകളിലൂടെയോ, വിഡിയോകളിലൂടെയോ കാര്യങ്ങളെ അവതരിപ്പിച്ച് ഉത്പന്നങ്ങൾക്ക് ഡിമാൻഡ് ഉണ്ടാക്കുന്ന പലതരം രീതികൾ ഇതിലുണ്ട്. മാറുന്ന പ്രവണതകൾക്കനുസരിച്ച് പ്രവർത്തനങ്ങളും രീതികളും ഇതിൽ വ്യത്യസ്തമായിരിക്കും. വെബ്സൈറ്റ് ഡിസൈൻ തൊട്ട്, സോഷ്യൽ മീഡിയ മാർക്കറ്റിങ് വരെ ഇതിൽ പ്പെടും.
ഫ്രീലാൻസിങ് ജോലികൾ
പല മേഖലകളിലുള്ള ജോലികൾ നൽകുന്ന ഒരുപാട് വെബ്സൈറ്റുകൾ ഉണ്ട്.outfiverr.com, upwork.com, freelancer.com, worknhire.com തുടങ്ങിയ വെബ്സൈറ്റുകളിൽ ഒരു അക്കൗണ്ട് ഉണ്ടാക്കിയിട്ട് ജോലികൾ കണ്ടെത്തി അപേക്ഷിക്കുവാനുള്ള സൗകര്യം ഉണ്ട്. വീട്ടിലെ ജോലികളും, ഓഫീസ് ജോലിയും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാൻ പറ്റാത്തവർക്ക് ഫ്രീലാൻസിങ് ജോലികൾ ഒരു അനുഗ്രഹമാണ്.
ഓൺലൈൻ ട്യൂഷൻ
നിങ്ങൾക്ക് ഒരു വിഷയത്തിൽ നല്ല അറിവുണ്ടെങ്കിൽ ഓൺലൈനായി ആളുകളെ പഠിപ്പിക്കുന്നതിലൂടെ പണമുണ്ടാക്കാം. കഴിഞ്ഞ ഒരു വർഷമായി ഒരുപാടു പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മുൻപത്തെ അപേക്ഷിച്ച് നേരിട്ട് പഠിപ്പിക്കുന്ന ട്യൂഷൻ രീതികളെക്കാൾ ഓൺലൈൻ ട്യൂഷൻ ആണ് മാതാപിതാക്കൾ താൽപര്യപ്പെടുന്നത്. vedantu.com, myprivatetutor.com, bharattutors.com, tutorindia.net തുടങ്ങിയ വെബ്സൈറ്റുകളെല്ലാം ഇതിനു സഹായിക്കും.
സർവേ
ഓൺലൈൻ സർവേകളിൽ പങ്കെടുക്കുവാനും, ഉൽപ്പന്നങ്ങളെ കുറിച്ചുള്ള റിവ്യൂ എഴുതുന്നതിനും സൗകര്യങ്ങൾ തരുന്ന വെബ്സൈറ്റുകളുണ്ട്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളറിയുവാനും കമ്പനികൾ ഈ മാർഗങ്ങൾ ഉപയോഗിക്കുന്നു. surveyjunkie, swagbucks, inboxdollar തുടങ്ങിയ വെബ്സൈറ്റുകൾ ഈ സൗകര്യങ്ങൾ നൽകുന്നുണ്ട്.
പി ടി സി (പെയ്ഡ് ടു ക്ലിക്ക്)
പരസ്യങ്ങളിൽ ക്ലിക് ചെയ്‌താൽ പണം ലഭിക്കുന്ന വെബ്സൈറ്റുകളുണ്ട്. റജിസ്റ്റർ ചെയ്തു ജോലി തുടങ്ങാവുന്ന വെബ്സൈറ്റുകളാണ് ഇവ. പക്ഷെ ഇവയിൽ എല്ലാം യഥാർത്ഥ വെബ്സൈറ്റുകളാകണമെന്നില്ല. ഇതിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ ഉപദേശപ്രകാരം മാത്രം ശരിയായ വെബ്സൈറ്റിൽ കയറുക. വേതനം ലഭിക്കുന്നതിനായി നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുമ്പോഴും ശ്രദ്ധ വേണം.
കോപ്പിറൈറ്റർ
നല്ല ഭാവനയും എഴുതുവാനുള്ള കഴിവുമുള്ളയാളാണോ നിങ്ങൾ? എങ്കിൽ കോപ്പി റൈറ്റർ ആകുവാൻ ഇനി ഒന്നും ആലോചിക്കേണ്ടതില്ല. കാര്യങ്ങളെക്കുറിച്ച് നന്നായി ഗവേഷണം നടത്തി കുറിക്കുകൊള്ളുന്ന രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവാണ് കോപ്പിറൈറ്ററിന് വേണ്ടത്. സോഷ്യൽ മീഡിയ വഴി കോപ്പി റൈറ്റിങ് ജോലികൾ കണ്ടെത്തുവാൻ എളുപ്പമാണ്.
ഓഡിയോ ബുക്ക് വായന
ഓൺലൈൻ പബ്ലിഷിങ് കൂടുന്ന ഇക്കാലത്ത് അതിന്റെ കൂടെ തന്നെ ഡിമാൻഡ് ഓഡിയോ ബുക്കുകൾക്കുമുണ്ടാകുന്നുണ്ട്. പല ഭാഷകളിലും, ഓഡിയോ ബുക്കിന് ഇപ്പോൾ ആവശ്യക്കാർ ഏറി വരികയാണ്. കാലം മാറുന്നതിനനുസരിച്ചുള്ള പബ്ലിഷിങ് രീതികളിൽ ഓഡിയോ ബുക്കിനോടുള്ള പ്രിയം ഇനിയും കൂടും. വിദേശ രാജ്യങ്ങളിലെ പോലെ ഇന്ത്യയിലും ഇപ്പോൾ ഓഡിയോ ബുക്കുകൾ ധാരാളമായി ഇറങ്ങുന്നുണ്ട്.
ഓൺലൈൻ വായ്പ
നാട്ടിൻപുറങ്ങളിൽ പലിശക്ക് പണം കൊടുക്കുന്നതുപോലെ ഓൺലൈനിലൂടെ പലിശക്ക് പണം കൊടുക്കുന്ന ഇടപാടുകൾ ഉണ്ട്. p 2 p ലെൻഡിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ പണം കൊടുക്കുവാൻ തയ്യാറായവരും, പണം വാങ്ങുവാൻ തയ്യാറായവരും രജിസ്റ്റർ ചെയ്‌താൽ അത്യാവശ്യ രേഖകൾ പരിശോധിച്ച് ഉറപ്പിച്ചശേഷം നിശ്ചിത പലിശക്ക് പണം കൈമാറ്റം നടത്താം. പലിശ നിരക്കുകൾ 10 ശതമാനം മുതൽ 28 ശതമാനം വരെയും, വായ്പ കാലാവധി മൂന്ന് മാസം മുതൽ 36 മാസം വരെയുമാണ്. ഇത്തരം വെബ്സൈറ്റുകളും ഉപയോഗിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധാലുക്കളാകണം.
ഫോട്ടോകൾ വിൽക്കുക
നിങ്ങൾക്ക് ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ളയാളാണോ? ഇന്റർനെറ്റിൽ എല്ലാദിവസവും ഫോട്ടോകൾക്കുള്ള ഡിമാൻഡ് കൂടി വരികയാണ്. ഫോട്ടോഗ്രാഫ് സൂക്ഷിക്കുന്ന വെബ്സൈറ്റുകളായ shutterstock , photoshelter , gettyimages എന്നിവയിലെല്ലാം ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്. നിങ്ങളുടെ ഫോട്ടോകളുടെയോ വീഡിയോകളുടെയോ ഡൗൺലോഡിനനുസരിച്ച് പണം അക്കൗണ്ടിൽ വരും.
വീഡിയോ കാണുക!
വായിച്ചതു സത്യം തന്നെയാണ്. നമ്മുടെ വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് വീഡിയോകൽ കണ്ടു പണമുണ്ടാക്കുക. inbox dollars, mypoints, swagbucks, kashkick, nielsen തുടങ്ങി അനവധി കമ്പനികൾ ഇതിനായി ആളുകളെ നോക്കുന്നുണ്ട്. അപ്പൊ ഇനി ടീവി കണ്ട് ജോലി ചെയ്യേണ്ട നേരം കളയുകയാണെന്ന് ആരും പരാതിപ്പെടുകയില്ല. അതും പോരാതെ അതിന്റെ കൂടെ ക്യാഷ് പ്രൈസുകളും, ഗിഫ്റ്റ് കാർഡുകളും ഉണ്ട്.
ശരിയായി വിനിയോഗിച്ചാൽ ഇന്റർനെറ്റിൽ നിന്നും നന്നായി പണമുണ്ടാക്കുവാൻ വീട്ടിലിരുന്നു തന്നെ സാധിക്കും. അതിനായി വിവേകത്തോടെ സമയവും ബുദ്ധിയും ഉപയോഗിക്കണമെന്നുമാത്രം. ഇതിനെല്ലാം വേതനവും ഡിജിറ്റലായി ലഭിക്കും. എന്നാൽ ഒരുകാര്യം ശ്രദ്ധിക്കുവാനുള്ളത്, പ്ലാറ്റ് ഫോമുകൾ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക. അധിക പണം സൂക്ഷിക്കാത്ത ബാങ്ക് അക്കൗണ്ട് ഇത്തരം വെബ്സൈറ്റുകളിൽ വേതനം ലഭിക്കുന്നതിനായി നൽകുക. പല വിദേശ സർവകലാശാലകളും ഇപ്പോൾ ഇത്തരം കോഴ്സുകൾ ഓൺലൈനിൽ സൗജന്യമായി നടത്തുന്നുണ്ട്. അടിസ്ഥാന വിദ്യാഭ്യാസമുള്ളവർക്ക് ടൈപ്പിങ് പോലുള്ള ജോലികളും, നല്ല വിദ്യാഭ്യാസവും, ലോകപരിചയവും ഉള്ളവർക്ക് കൺസൽട്ടന്റ് ആയും വരെ പ്രവർത്തിക്കാവുന്ന വിവിധ തരം അവസരങ്ങളുടെ അക്ഷയഖനിയാണ് ഇന്റർനെറ്റ്. യാത്ര ചെയ്യാതെ, വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികളുടെ സൗകര്യം വരുംകാലത്ത് ഇനിയും കൂടിക്കൊണ്ടിരിക്കും.
English Summary: Know these Ways to Make Money Online