'നിങ്ങളുടെ കെവൈസി അപ്ഡേറ്റ് ചെയ്തോ?' തട്ടിപ്പ് ഇങ്ങനെയും
Mail This Article
'നിങ്ങളുടെ കെ വൈ സി 'അപ്ഡേറ്റ്' ചെയ്തില്ല' എന്നുള്ള സന്ദേശങ്ങളാണ് തട്ടിപ്പിന്റെ ഒരു പുതിയ രീതി. കെ വൈ സി അപ്ഡേറ്റ് ചെയ്യുന്നതിനായി ഏതെങ്കിലും ഡെസ്ക് ആപ്പ്, ക്വിക്ക് സപ്പോർട്ട് ആപ്പ് അല്ലെങ്കിൽ ടീം വ്യൂർ ആപ്പ് തുടങ്ങിയ വ്യത്യസ്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാൻ ആവശ്യപ്പെടും. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പരിശോധനയ്ക്കായി 10 രൂപ അല്ലെങ്കിൽ 100 രൂപ കൈമാറാൻ ആവശ്യപ്പെടും. പണം നൽകുമ്പോൾ ഉപഭോക്താവ് തൻെറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി കൈമാറുന്നതിനാൽ അയാളുടെ അക്കൗണ്ടുകൾ 'ഹാക്ക്' ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഈ രീതി.
കരുതൽ വേണം
പിന്നീട് ഞൊടിയിടയിൽ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം നിക്ഷേപിക്കും. പല ബാങ്ക് ഉപഭോക്താക്കൾക്കും ഇത്തരത്തിലുള്ള വ്യാജ കെ വൈ സി സന്ദേശങ്ങൾ അടുത്ത ദിവസങ്ങളിൽ ലഭിച്ചിരുന്നു. കെ വൈ സി ചേർക്കേണ്ട അവസാന തിയതി എന്ന അറിയിപ്പോടുകൂടിയാണ് തട്ടിപ്പുകാർ ലിങ്കുകൾ അയച്ചിരുന്നത്. ബാങ്കുകൾ കെ വൈ സി വിവരങ്ങൾ പുതുക്കുവാൻ ലിങ്കുകൾ അയക്കാറില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ബാങ്കിനെ അറിയിക്കുക
എന്തെങ്കിലും തട്ടിപ്പിൽ കുടുങ്ങി എന്ന് തോന്നിയാൽ ഉടൻതന്നെ ബാങ്ക് അധികൃതരെ വിവരങ്ങൾ അറിയിക്കുക. മാനഹാനി ഭയന്നു വിവരങ്ങൾ വെളിപ്പെടുത്താതെ ഇരിക്കുന്നത് സംഗതികൾ കൂടുതൽ വഷളാക്കും. അതിനാൽ, എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയാൽ ആ പണമിടപാട് അവിടെവച്ച് നിർത്തുക. സംശയമുള്ള സന്ദേശങ്ങൾ തുറക്കരുത്. മിക്കവാറും ബാങ്കുകൾ സന്ദേശമയക്കുന്ന രീതികളോട് സാമ്യമുള്ള തരത്തിലായിരിക്കും തട്ടിപ്പ് സന്ദേശങ്ങൾ വരുന്നത്. തട്ടിപ്പുകളെക്കുറിച്ചു അവബോധമുണ്ടാക്കാൻ ബാങ്കുകൾ ധാരാളം സോഷ്യൽ മീഡിയ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഇത്തരം അറിയിപ്പുകൾക്കു ശേഷവും ഉപഭോക്താവിന്റെ തെറ്റുകൾ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ബാങ്കുകൾ ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ല.
English Summary : Know about Financial Frauds in the form of KYC