'കേരള സവാരി' യില് നാടുചുറ്റാം;കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര
Mail This Article
കേരള സർക്കാറിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി സർവീസായ കേരള സവാരി യാത്ര തുടങ്ങി. മോട്ടോർ വാഹന വകുപ്പ് നിഷ്ക്കർഷിച്ച നിരക്കും എട്ടു ശതമാനം സർവീസ് ചാർജും മാത്രം നൽകിയാൽ മതി. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പുവരുത്തുകയാണ് കേരള സവാരിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലവും പദ്ധതി വിഭാവനം ചെയ്യുന്നു. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് പദ്ധതിക്കു ചുക്കാൻ പിടിക്കുന്നത്.
സുരക്ഷിത യാത്ര
സത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിത യാത്ര വാഗ്ദാനം ചെയ്യുന്നു. കേരള സവാരി ആപ്പിൽ പാനിക് ബട്ടൻ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനാപകടം സംഭവിച്ചാലോ മറ്റേതെങ്കിലും അപകട സാധ്യത തോന്നിയാലോ ബട്ടൻ അമർത്താം. ബട്ടൻ അമർത്തുമ്പോൾ ഫയർഫോഴ്സ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ഇതിനു പറ്റാത്ത സാഹചര്യമാണെങ്കിൽ ബട്ടൻ അമർത്തിയാൽ മാത്രം മതി. നേരിട്ട് പോലീസ് കൺട്രോൾ റൂമിലേക്ക് കണക്റ്റഡ് ആകും.
പദ്ധതിയുടെ മറ്റു സവിശേഷതകൾ
∙പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുള്ള പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് വണ്ടി ഓടിക്കുക.
∙തിരക്കുള്ള സമയങ്ങളിൽ നിരക്കു വ്യത്യാസമുണ്ടാകില്ല.
∙പദ്ധതിയുടെ ആദ്യ ഘട്ടം തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്.
∙കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ നഗരസഭകളിലും പദ്ധതി ഉടൻ ആരംഭിക്കും. ഇതു വിലയിരുത്തി കുറ്റമറ്റ മാതൃകയിൽ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കാനാണ് സർക്കാറിന്റെ നീക്കം.
English Summary : Kerala Savaari Online Taxi Launched