പണം കൊടുത്ത് പൗരത്വം വേണോ? ഈ രാജ്യങ്ങള് തരും
Mail This Article
ഇന്ത്യയിൽ സാമ്പത്തിക തിരിമറി നടത്തി വിദേശ രാജ്യങ്ങളിലേക്ക് പൗരത്വമെടുത്ത് മുങ്ങുന്ന പല പ്രമുഖരെയും കുറിച്ച് പത്രങ്ങളിൽ വായിച്ചിട്ടില്ലേ? പണം കൊടുത്താൽ പൗരത്വം നൽകുന്ന രാജ്യങ്ങളാണ് ഇത്തരക്കാർക്ക് തണലേകുന്നത്. വ്യക്തികൾക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും ഇത്തരം രാജ്യങ്ങളിൽ നൂലാമാലകളില്ലാതെ പൗരത്വം വളരെ എളുപ്പത്തിൽ ലഭിക്കും. നിലവിൽ മുപ്പതോളം രാജ്യങ്ങൾ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നുണ്ട്. പണമുണ്ടെങ്കിൽ നമുക്ക് വേണമെങ്കിലും ഇത്തരം രാജ്യങ്ങളിലേക്ക് കുടിയേറാം. ഇവയിൽ ചില രാജ്യങ്ങളെ പരിചയപ്പെടാം.
ആന്റിഗ്വ ആൻഡ് ബാർബുഡ
∙വികസന ഫണ്ടിലേക്കോ അംഗീകൃത ചാരിറ്റിയിലേക്കോ 100000 അമേരിക്കൻ ഡോളർ അല്ലെങ്കിൽ 125,000 അമേരിക്കൻ ഡോളർ സംഭാവന നൽകിയാൽ പൗരത്വം ലഭിക്കും.
∙ഹോങ്കോങ്, സിംഗപ്പൂർ, യുകെ, യൂറോപ്പിലെ രാജ്യങ്ങൾ തുടങ്ങി 151 രാജ്യങ്ങളിലേക്ക് സൗജന്യ വിസ അല്ലെങ്കിൽ വിസ-ഓൺ-അറൈവൽ ആന്റിഗ്വ ആൻഡ് ബാർബുഡ പാസ്‌പോർട്ട് നൽകുന്നു.
∙അപേക്ഷകരുടെ പങ്കാളി, 31 വയസ്സിന് താഴെയുള്ള ആശ്രിതരായ കുട്ടികൾ (അതുപോലെ അവരുടെ ജീവിതപങ്കാളി, കുട്ടികൾ), 55 വയസും അതിൽ കൂടുതലുമുള്ള മാതാപിതാക്കളെയും, മുത്തച്ഛനേയും, മുത്തശിയെയും, പ്രധാന അപേക്ഷകന്റെ അവിവാഹിതരായ സഹോദരങ്ങളെയും കൂടെ കൂട്ടാം. വ്യക്തികളുടെ എണ്ണത്തിനനുസരിച്ചു നിക്ഷേപ തുകയിൽ വ്യത്യാസമുണ്ടാകും.
∙വടക്കേ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വിമാന സൗകര്യങ്ങളുള്ള ഈ രാജ്യം താമസിക്കാനോ, വീട് സ്വന്തമാക്കാനോ പറ്റിയ ആകർഷകമായ സ്ഥലമാണ്
മാൾട്ട
∙ഉയർന്ന വരുമാനമുള്ള വ്യക്തികൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു മാൾട്ടീസ് പാസ്‌പോർട്ട് ലഭിക്കാൻ, ദേശീയ വികസന ഫണ്ടിലേക്ക് കുറഞ്ഞത് 750,000 യൂറോ നിക്ഷേപിക്കണം. 600,000 യൂറോ നിക്ഷേപിച്ചാൽ മൂന്ന് വർഷത്തിന് ശേഷം നിങ്ങൾക്ക് ഒരു മാൾട്ട പാസ്‌പോർട്ട് ലഭിക്കും.
∙ പൗരത്വത്തിന് യോഗ്യത നേടുന്നത് വരെ നിങ്ങളും നിങ്ങളുടെ കുടുംബവും മാൾട്ടയിൽ താമസിക്കണം. അതായത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപിച്ചാൽ മാത്രമേ ആ സമയത്ത് അവിടെ താമസിക്കാനാകൂ.
∙മാൾട്ടയുടെ പാസ്പോർട്ട് ലഭിച്ചാൽ, പൗരന്മാരെയും അവരുടെ സ്വത്തുക്കളെയും കുറിച്ചുള്ള ഒരു വിവരവും മൂന്നാം കക്ഷികൾക്ക് കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും
സെന്റ് കിറ്റ്സ് ആൻഡ് നെവിസ്
150,000 അമേരിക്കൻ ഡോളർ അവരുടെ 'സസ്‌റ്റൈനബിൾ ആൻഡ് ഗ്രോത്ത് ഫണ്ടിൽ' നിക്ഷേപിച്ചാൽ പൗരത്വ നടപടികൾ തുടങ്ങും.
∙ഇവിടെ 45-60 ദിവസത്തിനുള്ളിൽ പെട്ടെന്നുള്ള നടപടിക്രമങ്ങളോടെ പാസ്പോർട്ട് ലഭിക്കും.
∙സെന്റ് കിറ്റ്സ് ആൻഡ് നെവിസിൽ താമസിക്കണമെന്ന് നിർബന്ധമില്ല.
∙സെന്റ് കിറ്റ്സ് ആൻഡ് നെവിസ് നിക്ഷേപ പരിപാടിയിലെ നിങ്ങളുടെ നിക്ഷേപവും, പങ്കാളിത്തവും അതീവ രഹസ്യമായി സൂക്ഷിക്കും.
∙മുതിർന്ന കുട്ടികളും മാതാപിതാക്കളും ഉൾപ്പെടെ മുഴുവൻ കുടുംബത്തിനും പൗരത്വത്തിന് അർഹത ലഭിക്കും.
∙ യൂറോപ്പ് ,യുകെ, സിംഗപ്പൂർ എന്നിവയുൾപ്പെടെ 156 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല. സെന്റ് കിറ്റ്‌സ്, നെവിസ് പാസ്‌പോർട്ട് ഉള്ളവർക്ക് യുഎസ്എയിലേക്കും കാനഡയിലേക്കും ദീർഘകാല വിസ ലഭിക്കും.
∙ലോകത്തിലെ ഏറ്റവും അനുകൂലമായ നികുതി സംവിധാനങ്ങളിലൊന്ന്. ആദായ നികുതി, അനന്തരാവകാശം അല്ലെങ്കിൽ സമ്മാന നികുതികൾ, ഡിവിഡന്റ് അല്ലെങ്കിൽ മൂലധന നേട്ട നികുതി എന്നിവയില്ല. വസ്തു നികുതിയും വളരെ കുറവാണ്.
∙ ഈ രാജ്യത്തെ ടൂറിസം മേഖല വളരെ വികസിതമാണ്, ഇവിടെ റജിസ്റ്റർ ചെയ്ത കമ്പനികൾക്ക് വളരാൻ പറ്റിയ സാഹചര്യം ഒരുക്കി കൊടുക്കും.
∙ ഒരു സുരക്ഷിത താവളമായി ഈ രാജ്യം അവരുടെ നിക്ഷേപകരെ സംരക്ഷിക്കുന്നതിനാലാണ് പല കുറ്റവാളികളും ഇവിടത്തെ പൗരത്വം എടുക്കുന്നത്.
∙പൗരന്മാരെയും അവരുടെ സ്വത്തുക്കളെയും കുറിച്ചുള്ള ഒരു വിവരവും മൂന്നാം കക്ഷികൾക്ക് കൈമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും
ടർക്കി
പൗരത്വം നിക്ഷേപത്തിലൂടെ പരിപാടി (ടർക്കി ഗോൾഡൻ വിസ) ആരംഭിച്ചത് 2016-ലാണ്. വിദേശ നിക്ഷേപകർക്ക് മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ ഒരു ടർക്കിഷ് പാസ്‌പോർട്ട് ഇതിലൂടെ ലഭിക്കും.
കുറഞ്ഞത് 250,000 അമേരിക്കൻ ഡോളർ മൂല്യമുള്ള റിയൽ എസ്റ്റേറ്റ് വാങ്ങുക എന്നതാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ മാർഗം.അല്ലെങ്കിൽ സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുകയോ ആ രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു സംരംഭം തുടങ്ങുകയോ വേണം. നിക്ഷേപിച്ച തുക കുറഞ്ഞത് മൂന്ന് വർഷമെങ്കിലും സൂക്ഷിക്കുകയും വേണം.
∙111 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
∙നാട്ടിൽ നിന്നുകൊണ്ടുതന്നെ പൗരത്വ നടപടികൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാകും.
∙ ഭാവി തലമുറയ്ക്കായി പൗരത്വം കൈമാറ്റം ചെയ്യാം
രാജ്യങ്ങൾ നിക്ഷേപം സ്വീകരിച്ച് പൗരത്വം കൊടുക്കുന്നതിനു പിന്നിൽ പല ലക്ഷ്യങ്ങളുമുണ്ട്. സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും, സുസ്ഥിരമായ വികസനം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഫണ്ടുകൾ സ്വരൂപിക്കുന്നത്. ഉദ്ദേശ്യങ്ങൾ നല്ലതാണെങ്കിലും, പലപ്പോഴും മറ്റു രാജ്യങ്ങളിൽനിന്നുള്ള പിടികിട്ടാപുള്ളികളുടെ താവളമായി ഇത്തരം രാജ്യങ്ങൾ മാറാറുണ്ട്. കൂടാതെ ഇത്തരം രാജ്യങ്ങളിലേക്കുള്ള പാസ്‌പോർട്ടിന്റെ പേരിലും ഇന്ത്യയിൽ തട്ടിപ്പുകൾ നടക്കുന്നുണ്ട്.
English Summary : These Countries will Give Citizenship for Money