പെൻഷൻ വാങ്ങുന്നവരും റേഷൻ വാങ്ങുന്നവരും ഹാപ്പിയല്ല; എന്താണെന്നല്ലേ?
Mail This Article
ട്രഷറികളിൽ നിന്ന് പെൻഷൻ വാങ്ങുന്നവരും റേഷൻ ഉപഭോക്താക്കളും വിഷമത്തിലാണ്. രണ്ടു കൂട്ടരും ചതിയിൽ കുടുങ്ങിയത് ഒരേ കാര്യം കൊണ്ടു തന്നെ. സെർവർ തകരാറാണ് ഇവരെ വെട്ടിലാക്കുന്ന വില്ലൻ.
സെർവർ തകരാർ
ട്രഷറികളിലും റേഷൻ കടകളിലും സെർവർ പണിമുടക്കുന്നത് നിത്യ സംഭവമാകുന്നു. ഉപഭോക്താക്കൾ എത്തിയ ശേഷമാകും സേവനം ലഭ്യമല്ലെന്ന് അറിയുന്നത്. നിത്യേന നിരവധി പേർ ആശ്രയിക്കുന്ന സേവനങ്ങൾ നൽകുന്ന സെർവറുകളുടെ തകരാറുകൾ ശാശ്വതമായി പരിഹരിക്കാത്ത അനാസ്ഥ ജനങ്ങൾക്കു സൃഷ്ടിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല.
പെൻഷൻകാർ വലഞ്ഞു
ഡേറ്റാ ശൃംഖലയിലെ തകരാറുകാരണം ട്രഷറി ഓൺലൈൻ ഇടപാടുകളിലെ തടസ്സം ദിവസങ്ങളായി തുടരുകയായിരുന്നു. മാസത്തിന്റെ തുടക്കത്തിൽത്തന്നെ സംഭവിച്ച സെർവർ തകരാറു മൂലം കൂടുതൽ വലഞ്ഞത് പെൻഷൻകാരാണ്. കരാറുകാരുടെ ബില്ലുകളും ശമ്പള ബില്ലുകളും കുരുക്കിൽ അകപ്പെട്ടു. സംസ്ഥാന ഡേറ്റാ സെന്ററിലുള്ള കേരള വൈഡ് ഏരിയ നെറ്റ് വർക്കിലെ ( കെ - സ്വാൻ) തകരാറാണ് ട്രഷറിയിലെയും മറ്റു വിവിധ വകുപ്പുകളിലെയും ഓൺലൈൻ ഇടപാടുകൾ തടസ്സപ്പെടാൻ കാരണമായത്. എല്ലാ മാസവും ആദ്യവാരം ട്രഷറി ഇടപാടുകൾ മുടങ്ങുന്നതു പതിവാണെന്ന് പെൻഷൻകാർ ആരോപിക്കുന്നു.
ബാങ്ക് ഇടപാടുകളെ ബാധിച്ചു
ട്രഷറികളിൽ നിന്ന് ബാങ്കുകളിലേക്ക് ഓൺലൈനായി പണം കൈമാറാൻ കഴിയാത്തതു മൂലം ബാങ്ക് ഇടപാടുകളും തടസ്സപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഈ സ്ഥിതിവിശേഷം തുടരുകയാണ്. ഇടപാടുകാരുടെ ഫോൺ വിളികൾക്ക് മറുപടി പറഞ്ഞ് വിഷമത്തിലായതായി ബാങ്ക് അധികൃതർ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് ട്രഷറിയിലെ ഫണ്ട് ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകാതെ നിരവധി ഇടപാടുകാരാണ് വലഞ്ഞത്.
റേഷൻകാരുടെ സ്ഥിതിയും മറിച്ചല്ല
സെർവർ പ്രതിസന്ധി മൂലം റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെയോ ഉച്ചയ്ക്കു ശേഷമോ എന്ന നിലയിൽ ക്രമീകരിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയായി. റേഷൻ കടകളുടെ പുതുക്കിയ സമയക്രമം ഉപയോക്താക്കളിൽ പലരും അറിഞ്ഞിട്ടില്ല. ഈ മാസം കുറച്ചു ദിവസം രാവിലെ കുറച്ചു ദിവസം ഉച്ചയ്ക്കു ശേഷം എന്നതാണ് രീതി. റേഷൻ വാങ്ങാനെത്തുന്നവരിൽ ഭൂരിഭാഗവും കൂലിവേലക്കാരാണ്. സമയമാറ്റം അറിയാതെ വന്നവർ വെട്ടിലായി. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള ജോലികൾക്ക് പോകുന്ന ദിവസ വേതനക്കാർക്ക് ജോലി കഴിഞ്ഞ് വന്ന് റേഷൻ വാങ്ങാൻ പറ്റാത്ത അവസ്ഥയാണ്. രാവിലെ മാത്രം റേഷൻ കടയുള്ള ദിവസങ്ങളിൽ അരി വാങ്ങണമെങ്കിൽ അന്നത്തെ ജോലി ഉപേക്ഷിക്കേണ്ടിവരും. കുട്ടികളെ സ്കൂളിലേക്ക് അയച്ച് വീട്ടുജോലികൾ തീർത്ത് ഉച്ചയ്ക്കു ശേഷം റേഷൻ കടകളിൽ എത്തിയിരുന്ന വീട്ടമ്മമാരെയും സമയമാറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്.
English Summary : Treasury and Ration Distribution System is Facing Continuous Trouble