സോളാർപ്ലാന്റ് സ്ഥാപിക്കാനും സഹകരണ വായ്പ
Mail This Article
വീട്ടിൽ ഒരു സോളാർപ്ലാന്റ് സ്ഥാപിക്കാൻ നിങ്ങൾക്കു താല്പര്യമുണ്ടോ? പണമില്ലെന്നു കരുതി വിഷമിക്കേണ്ട. നിങ്ങളുടെ തൊട്ടടുത്ത സഹകരണ ബാങ്ക് സൗരനിലയം സ്ഥാപിക്കാനുള്ള സംഖ്യ വായ്പ തരും. സർക്കാറിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന സൗരജ്യോതി പദ്ധതി അനുസരിച്ചാണ് വായ്പ ലഭ്യമാക്കുന്നത്. കേരളാ സ്റ്റേറ്റ് ഇലക്ടിസിറ്റി ബോർഡ് വ്യക്തികൾക്കു നൽകുന്ന ഗ്രിഡ് ബന്ധിത സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനാണ് വായ്പ അനുവദിക്കുന്നത്.
വായ്പാ മാനദണ്ഡങ്ങൾ
കെ എസ് ഇ ബി യുടെ സൗര പദ്ധതി പ്രകാരമുള്ള 2KW മുതൽ 10KW വരെയുള്ള സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു വായ്പ ലഭിക്കും. സബ്സിഡി കഴിഞ്ഞ് ഉപഭോക്താക്കൾ ചെലവഴിക്കേണ്ട തുകയുടെ 80 ശതമാനമോ പരമാവധി 3 ലക്ഷം രൂപയോ വായ്പയായി അനുവദിക്കും. തിരിച്ചവു കാലാവധി 5 വർഷവും വായ്പയുടെ പലിശ നിരക്ക് പരമാവധി 10 ശതമാനവുമാണ്.
വായ്പ ലഭിക്കാൻ എന്തു ചെയ്യണം ?
വായ്പ ആഗ്രഹിക്കുന്ന വ്യക്തി KSEB യുടെ E-കിരൺ പോർട്ടൽ വഴി സൗര സബ്സിഡി പ്രകാരമുളള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ റജിസ്റ്റർ ചെയ്യണം. തുടർന്ന് പദ്ധതി നടപ്പിലാക്കുന്ന ഡെവലപ്പർ സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്, ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം തൊട്ടടുത്ത സഹകരണ ബാങ്കിൽ / സംഘത്തിൽ വായ്പയ്ക്കുള്ള അപേക്ഷ നൽകാം. ഗുണഭോക്‌തൃ വിഹിതമായ 20% തുക ഉപഭോക്താവ് നേരിട്ട് ഡെവലപ്പർക്ക് നൽകണം. പ്ലാന്റ് സ്ഥാപിക്കുന്ന മുറയ്ക്ക് വായ്പത്തുക ഘട്ടം ഘട്ടമായി ഡെവലപ്പറുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ തൊട്ടടുത്ത സഹകരണ ബാങ്കിൽ / സംഘത്തിൽ അന്വേഷിക്കുക.
English Summary : Co Operative Bank Loan for Solar Power Plant Installation