ADVERTISEMENT

സ്വര്‍ണം വാങ്ങുമ്പോള്‍ അത് ആഭരണമായി വേണോ സ്വര്‍ണ നാണയമോ ബാറോ ആയി വേണോ എന്നു പലരും ചോദിക്കുന്ന ചോദ്യമാണ്. അക്ഷയ തൃതീയ പോലെയുള്ള ദിനങ്ങളിൽ പ്രത്യേകിച്ചും  ഇതിനു പൊതുവായ ഒരു ഉത്തരം നല്‍കാനാവില്ല എന്നതാണ് വസ്തുത. എന്താണ് നിങ്ങള്‍ സ്വര്‍ണം വാങ്ങുന്നതിനു പിന്നിലുള്ള ലക്ഷ്യം എന്നതിനെ അപേക്ഷിച്ചു മാത്രമേ ഇക്കാര്യത്തില്‍ ഉത്തരം നല്‍കാനാവൂ. 

നിക്ഷേപമാണ് ലക്ഷ്യമെങ്കില്‍ സ്വര്‍ണം നാണയമായോ ബാറായോ വാങ്ങുന്നതു തന്നെയാണ് ഉത്തമം. ആഭരണമാണ് വാങ്ങുന്നതെങ്കില്‍ അതിലെ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യത്തിനു പുറമെ പണിക്കൂലി, പണിക്കുറവ് എന്നിവയെല്ലാം കൂടിചേരുമ്പോള്‍ പ്രായോഗിക തലത്തില്‍ അതിനുള്ള വില താരതമ്യേന കുറവുമായിരിക്കും. ഇതേ സമയം നാണയമാണെങ്കില്‍ അതിന്റെ മൂല്യം സ്ഥിരമായി നില്‍ക്കും. വിപണിയിലെ സ്വര്‍ണ വില തന്നെയാവും അതിന്റെ മൂല്യം. 

സൗന്ദര്യത്തിന് ആഭരണം

ഇതിനൊരു മറുവശം കൂടിയുണ്ട്. സൗന്ദര്യസങ്കല്‍പത്തിന്റെ ഭാഗമായി അണിയുവാനാണ് സ്വര്‍ണം വാങ്ങുന്നതെങ്കില്‍ നാണയമോ ബാറോ വാങ്ങിയാല്‍ അതുകൊണ്ടു കാര്യമുണ്ടോ? പണിക്കുറവിലോ പണിക്കൂലിയിലോ എത്ര ലാഭിക്കാനായാലും നാണയമോ ബാറോ അണിയാനാവില്ലല്ലോ. സ്വര്‍ണം ആഭരണമായി ധരിക്കണോ എന്നത് ഓരോരുത്തരുടേയും വ്യക്തപരമായ തെരഞ്ഞെടുപ്പാണ്. അതു തെരഞ്ഞെടുക്കുകയാണെങ്കില്‍ ആഭരണം തന്നെ വാങ്ങണം. അങ്ങനെ വാങ്ങുന്ന ആഭരണത്തിന്റെ രൂപത്തിനും ഭംഗിക്കും അനുസരിച്ച് അതിന്റെ പണിക്കൂലി കൂടുന്നതും സ്വാഭാവികം മാത്രം. 

ഇനി ആവശ്യം വന്നാല്‍ വില്‍ക്കുകയോ പണയം വെക്കുകയോ കൂടി ലക്ഷ്യമിട്ടാവും പലരും ആഭരണമായാലും വാങ്ങുക. അങ്ങനെയാകുമ്പോള്‍ പണിക്കൂലി കുറഞ്ഞതും സ്വര്‍ണം വില്‍ക്കുമ്പോള്‍ പരമാവധി വില കിട്ടുന്നതുമായ രീതിയിലെ ആഭരണം വാങ്ങിയാല്‍ അണിയുകയും ആവശ്യമായി വന്നാല്‍ വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യുകയുമാവാം.

നാണയങ്ങളും പണയം വെക്കാം

മുന്‍കാലങ്ങളില്‍ സ്വര്‍ണ നാണയം പണയമായി സ്വീകരിച്ചു വായ്പ നല്‍കുന്ന രീതിയില്ലായിരുന്നു. എന്നാലിപ്പോള്‍ മിക്കവാറും സ്ഥാപനങ്ങള്‍ നാണയങ്ങളും പണയമായി സ്വീകരിക്കും. ബാങ്കുകള്‍ വില്‍ക്കുന്ന പ്രത്യേകമായി തയാറാക്കിയ ചെയ്ത സ്വര്‍ണ നാണയങ്ങളും കാര്‍ഷിക വായ്പകള്‍ക്ക് ഉള്‍പ്പെടെ പണയമായി സ്വീകരിക്കും. ഒരു വ്യക്തിയില്‍ നിന്ന് 50 ഗ്രാം വരുന്ന സ്വര്‍ണ നാണയങ്ങള്‍ മാത്രമേ ഇങ്ങനെ പണയമായി സ്വീകരിക്കൂ എന്നു മാത്രം.

English Summary : What to Buy in This Akshaya Tritiya, Gold Coin or Ornament?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com