ADVERTISEMENT

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യം പത്തു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വിലക്കയറ്റം, ഉയര്‍ന്ന പലിശനിരക്ക്, അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതിലെ വര്‍ദ്ധന തുടങ്ങി നിരവധി ഘടകങ്ങള്‍ ഇടിവിന് കാരണമായി ആര്‍.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

പണപ്പെരുപ്പവും വിലക്കയറ്റവും സമ്പാദ്യം ചോര്‍ത്തുന്നു

2022 - 23 സാമ്പത്തിക വര്‍ഷത്തിലെ ഗാര്‍ഹിക സമ്പാദ്യം മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി കുറഞ്ഞു. ഈയാഴ്ച  പുറത്തിറക്കിയ ആര്‍ബിഐയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 1999 - 2000 സാമ്പത്തിക വര്‍ഷം മുതലുള്ള കണക്കെടുത്താല്‍, ഗാര്‍ഹിക സമ്പാദ്യത്തിന്റെ നിലവാരം ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. ഗാര്‍ഹിക സമ്പാദ്യം കുറയുന്നതിന് കാരണമായ നിരവധി ഘടകങ്ങളും ആര്‍.ബി.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്.  

പണപ്പെരുപ്പം ഉയരുന്നതു തന്നെയാണ് സമ്പാദ്യം ചോര്‍ത്തുന്ന പ്രധാനപ്പെട്ട കാരണമായി പറയുന്നത്. പണപ്പെരുപ്പം ക്രമാനുഗതമായി വര്‍ദ്ധിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നത്. മാത്രമല്ല, പണപ്പെരുപ്പ നിരക്ക് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലുമാണ്. അതോടെ കുടുംബങ്ങളുടെ വാങ്ങല്‍ ശേഷിയിലും കുറവുണ്ടായി. ചെലവുകള്‍ കഴിഞ്ഞ് പണം മിച്ചം പിടിക്കുകയെന്നത് കൂടുതല്‍ ശ്രമകരമായി മാറുകയും ചെയ്തു.

ഉയര്‍ന്ന പലിശ നിരക്കും വില്ലന്‍

ഗാര്‍ഹിക സമ്പാദ്യം കുറയുന്നതിന് കാരണമായ മറ്റൊരു ഘടകം ഉയര്‍ന്ന പലിശ നിരക്കു തന്നെയാണ്. റിസര്‍വ് ബാങ്കും ഇക്കാര്യം തിരിച്ചറിയുന്നുമുണ്ട്. പക്ഷേ, പണപ്പെരുപ്പം തടയാനായി പലിശനിരക്ക് ഉയര്‍ത്തുകയല്ലാതെ ആര്‍.ബി.ഐക്ക് വേറെ വഴിയില്ല. ഇതുമൂലം വായ്പയെടുക്കുന്നത് കൂടുതല്‍ ചെലവേറിയതായി. മാത്രമല്ല, വിലക്കയറ്റം മൂലം ഉദ്ദേശിച്ചതില്‍ കൂടുതല്‍ പണം വായ്പയെടുക്കേണ്ട സാഹചര്യവുണ്ട്. സ്വാഭാവികമായും വായ്പാതുക കൂടുമ്പോള്‍ തിരിച്ചടക്കേണ്ട തുകയും പലിശയും വര്‍ദ്ധിക്കും. ചുരുങ്ങിയത് വായ്പയെടുക്കേണ്ടി വരുന്ന കുടുംബങ്ങള്‍ക്ക് ഇരട്ടി പ്രഹരമാണ് ഏല്‍ക്കേണ്ടി വരുന്നത്.

സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയ്ക്കും

∙യാത്രകള്‍, വിനോദം, റസ്റ്ററന്റ് ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സാധാരണയായി കുടുംബങ്ങള്‍ ചെലവഴിക്കുന്ന തുകയില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാകുന്നുണ്ട്.

∙കോവിഡ് 19 മഹാമാരിയില്‍ നിന്നും സമ്പദ്വ്യവസ്ഥ കരകയറുമ്പോള്‍ ഇത്തരം ചെലവുകളും വര്‍ദ്ധിച്ചു വരുന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ശീലവും കുടുംബങ്ങളിലെ സമ്പാദ്യം കുറഞ്ഞു വരുന്നതിന് കാരണമായി.

∙വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നത് ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഗാര്‍ഹിക സമ്പാദ്യത്തിലെ ഇടിവ് ആശങ്കാജനകമായ പ്രവണത തന്നെയാണ്.

∙രാജ്യത്തെ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സാണ് ഗാര്‍ഹിക സമ്പാദ്യം. കുടുംബങ്ങള്‍ കുറച്ച് പണം ലഭിക്കുമ്പോള്‍, ബിസിനസ്സുകളിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപിക്കാനാകും.

∙അതുകൊണ്ടു തന്നെ ഗാര്‍ഹിക സമ്പാദ്യം കുറഞ്ഞു വരുന്നത് സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയ്ക്കുക തന്നെ ചെയ്യും.

∙ഗാര്‍ഹിക സമ്പാദ്യത്തിലെ ഇടിവ് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ പ്രത്യേകിച്ചും പ്രകടമായതായി ആര്‍ബിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

സര്‍ക്കാരും ആര്‍ബിഐയും ഇടപെടണം

ഗാര്‍ഹിക സമ്പാദ്യത്തിലെ ഇടിവ് പരിഹരിക്കാന്‍ സര്‍ക്കാരും ആര്‍ബിഐയും അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ ഘട്ടങ്ങളില്‍ സമ്പാദ്യത്തിന് നികുതി ആനുകൂല്യങ്ങള്‍ നല്‍കല്‍, പണപ്പെരുപ്പം കുറയ്ക്കല്‍, സുരക്ഷിതവും ലാഭകരവുമായ ആസ്തികളില്‍ നിക്ഷേപിക്കുന്നത് എളുപ്പമാക്കല്‍ തുടങ്ങിയവയെല്ലാം നടപ്പാക്കാം.

English Summary : Household Savings are Diminishing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com