കിട്ടിയ ശമ്പളം ഉടൻതന്നെ തീർന്നുപോയോ? എങ്കിൽ ഇങ്ങനെ ചെയ്തുനോക്കൂ
Mail This Article
എല്ലാ മാസവും ശമ്പളം വീണാൽ ഓരാഴ്ചയ്ക്കകം തീർന്നുപോകും. പിന്നെ അടുത്തമാസം ആകുന്നതുവരെ ക്രെഡിറ്റ് കാർഡിനെ ആശ്രയിക്കണം. എന്നാൽ അടുത്തമാസം ശമ്പളം കിട്ടിയാലോ ക്രെഡിറ്റ് കാർഡ് തുക അടയ്ക്കാനേ കാണൂ. ഒന്നും മിച്ചമുണ്ടാകില്ല. ഈ സ്വഭാവക്കാരാണോ നിങ്ങൾ? പണം ചെലവഴിക്കുന്ന രീതിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ ഈ പ്രശ്നം ഈസിയായി പരിഹരിക്കാം.
ബജറ്റ് കണക്കാക്കുക
ആദ്യം ചെയ്യേണ്ട കാര്യം ഒരു മാസത്തേക്കുള്ള ബജറ്റ് എത്രയാണെന്നു കൃത്യമായി കണക്കാക്കി വയ്ക്കുക. വീട്ടു വാടക, ലോൺ ഇഎംഐ, സ്കൂൾ ഫീസ്, വീട്ടുചെലവ് എന്നിങ്ങനെ എല്ലാം തരംതിരിച്ചു എഴുതിവയ്ക്കുക. ശമ്പളം കിട്ടുമ്പോൾതന്നെ വീട്ടു ചെലവിനുള്ള തുക പണമായിത്തന്നെ മാറ്റിവയ്ക്കുക. ഇതോടൊപ്പം എല്ലാ ആഴ്ചയും സേവിങ്സിനായി നിശ്ചിത തുക മറ്റൊരു പഴ്സിൽ സൂക്ഷിക്കണം.
സാധനങ്ങൾ വാങ്ങുന്നത് ക്യാഷിൽ മാത്രം
ഇനി മുതൽ സാധനങ്ങൾ വാങ്ങുമ്പോൾ ക്യാഷിൽ മാത്രം വാങ്ങാൻ ശ്രമിക്കുക. മാത്രമല്ല എല്ലാ ആഴ്ചയും 500, 1000 രൂപ സേവ് ചെയ്യുകയും വേണം. മാറ്റിവച്ച തുക എടുത്തു ചെലവാക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലമുണ്ടെങ്കിൽ അതു കുറയും. വേണ്ട സാധനങ്ങൾ മാത്രമേ വാങ്ങുകയുള്ളൂ. കാരണം, സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം എണ്ണിക്കൊടുത്തു ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടി പണം നഷ്ടപ്പെടുത്തിയാൽ മനസ്സിനു വേദന തോന്നും. സ്വയമൊരു നിയന്ത്രണം കൈവരും. 52 ആഴ്ച ഇങ്ങനെ പരിശീലിക്കുക. അപ്പോൾ മനസ്സിലാകും നിങ്ങളുടെ സേവിങ് സ്വഭാവം എത്രമാത്രം കൂടി, ചെലവഴിക്കുന്ന സ്വഭാവം എത്രമാത്രം കുറഞ്ഞു എന്ന്.
നിക്ഷേപം വളർത്താം
സേവ് ചെയ്യുന്ന തുക എന്നും പഴ്സിൽത്തന്നെ സൂക്ഷിച്ചാൽ നിക്ഷേപം വളരില്ല. നല്ലൊരു മ്യൂചൽ ഫണ്ട്, എസ്ഐപി കണ്ടെത്തി ഇവയിൽ നിക്ഷേപിക്കാം. എല്ലാ വർഷവും പഴ്സിൽ സൂക്ഷിക്കുന്ന തുക അൽപാൽപം കൂട്ടാം. ഭാവിയിൽ മികച്ച നിക്ഷേപം നിങ്ങൾക്കു സ്വന്തമാക്കാം.
English Summary : Smart Tips to Save Salary