ജാഗ്രത! ഈ ഓൺലൈൻ ചതിക്കുഴികൾ നമ്മളറിയാതെ പോക്കറ്റ് ചോർത്തും
Mail This Article
ഓൺലൈനിൽ സാധങ്ങൾ വാങ്ങുന്ന രീതി നമ്മുടെ സമൂഹത്തിൽ കുത്തനെ ഉയർന്നിരിക്കുകയാണ്. വിലക്കുറവും, ഷോപ്പിങിന് പോകാതെ സമയം ലാഭിച്ചു സാധനങ്ങൾ വീട്ടിലെത്തുമെന്നതാണ് ഇതിന്റെ ഗുണം. എന്നാൽ ഓൺലൈൻ വാങ്ങലുകൾ ശീലമായാൽ നമ്മളറിയാതെ ചില ചതിക്കുഴികളിൽ ചാടാറുണ്ടോ?
ബാസ്‌ക്കറ്റ് സ്‌നീക്കിങ്
എയർലൈൻ ടിക്കറ്റ് ബുക്കിങ് അല്ലെങ്കിൽ വസ്ത്ര ഷോപ്പിങ് ഉൾപ്പെടെ ഒന്നിലധികം കാര്യങ്ങളിൽ ഇത് നടക്കാറുണ്ട്. ഓൺലൈൻ വിൽപ്പനക്കാരൻ അനുമതിയില്ലാതെ ഉപഭോക്താക്കളുടെ ബാസ്‌ക്കറ്റിലേക്ക് ചില അധിക ഇനങ്ങൾ ചേർക്കുന്നു. ചേർക്കുന്ന സാധനങ്ങളുടെ വില കുറവായതിനാൽ പലപ്പോഴും ഉപഭോക്താവ് ഇത് ശ്രദ്ധിക്കാറില്ല. ഒരു യാത്ര ടിക്കറ്റ് എടുക്കുമ്പോൾ ഇൻഷുറൻസ് പോലുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുത്തുന്നത് പോലെ ചില ചെറിയ സേവനങ്ങളോ, അല്ലെങ്കിൽ സംഭാവന പോലുള്ള ഏതെങ്കിലുമോ നമ്മുടെ ബില്ലിന്റെ കൂടെ അറിയാതെ അടച്ചു പോകും. കൃത്യമായി അടയ്ക്കേണ്ട തുകയെ കുറിച്ച് വ്യക്തി ജാഗ്രത പുലർത്തുന്നില്ലെങ്കിൽ, അല്ലെങ്കിൽ തിരക്കിലാണെങ്കിൽ, ഇത് ശ്രദ്ധിക്കാതെ തുക നൽകുകയും ചെയ്യും. ഇത്തരത്തിലുള്ള സാഹചര്യം പല സ്ഥലങ്ങളിലും ഉണ്ടാകാറുണ്ട്. ഇത് കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാർഗം ബിൽ നിർബന്ധമായും പരിശോധിക്കുകയും എത്ര പണം നൽകണമെന്ന് കൃത്യമായി അറിയുകയും ചെയ്യുക എന്നതാണ്. പലചരക്ക് സാധനങ്ങൾ പോലുള്ള സാധനങ്ങളുടെ ഓൺലൈൻ ഷോപ്പിങിന്റെ കാര്യം വരുമ്പോൾ, ചിലപ്പോൾ അധിക സാധനം പോലും ഷോപ്പിങ് കാർട്ടിൽ ഉണ്ടായിരിക്കാം. അതിനാൽ ബിൽ അടയ്ക്കുന്നതിന് മുൻപ് പട്ടിക പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
സബ്സ്ക്രിപ്ഷൻ ട്രാപ്പ്
ഒരു സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുമ്പോൾ നമ്മളറിയാതെ പോക്കറ്റ് ചോർച്ച നടക്കുന്നുണ്ട്. സൗകര്യപ്രദമാണ് എന്ന് നമ്മൾ കരുതുന്ന സബ്സ്ക്രിപ്ഷൻ എല്ലാ മാസവും നമ്മുടെ ബില്ലിന്റെ കൂടെ വരുമ്പോൾ അറിയാതെ പണം കയ്യിൽ നിന്നും പോകും. എന്നാൽ അത് നിർത്താമെന്ന് വെച്ചാലോ പല നൂലാമാലകളും അതിനോടൊപ്പം ഉണ്ടാകും. സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കുന്നതിനെക്കുറിച്ച് വിശദാംശങ്ങൾ നൽകാതിരിക്കുന്ന വെബ്സൈറ്റുകളും ഉണ്ട്. അതിനാൽ ഉപഭോക്താവ് സൈൻ അപ്പ് ചെയ്യുന്നതിന് മുമ്പ് ഈ വിശദാംശങ്ങൾ എല്ലാം അറിഞ്ഞിരിക്കണം.
ഹിഡ്ഡൻ ചാർജുകൾ
ഒരു സാധനമോ, സേവനമോ വാങ്ങുമ്പോൾ ചെലവുകൾ മുൻകൂട്ടി പറയാതെ സൂത്രത്തിൽ ബില്ലിൽ കൂടുതൽ തുക വരുത്തുന്ന രീതി പല കമ്പനികളും സ്വീകരിക്കാറുണ്ട്. ഒരു ഓൺലൈൻ സേവനം അല്ലെങ്കിൽ സാധനങ്ങൾ വാങ്ങുബോൾ ഡെലിവറി ചാർജ്, കൺവീനിയന്‍സ് ചാർജ്, ഹൈ ഡിമാൻഡ് ടൈം ചാർജ് തുടങ്ങിയ പേരുകളിൽ പലപ്പോഴും കൂടിയ ചാർജുകൾ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവെക്കാറുണ്ട്. പലപ്പോഴും സാധനങ്ങൾ 10 നിമിഷത്തിൽ തന്നെ ഡെലിവറി ചെയ്യുന്ന മെട്രോ നഗരങ്ങളിൽ ഉപഭോക്താക്കൾ അധിക ചാർജുകൾ ഈ തരത്തിൽ ബില്ലിൽ വരുന്നത് ശ്രദ്ധിക്കാറേയില്ല എന്നതാണ് സത്യം. ഇനി അത്തരം ചാർജുകൾ കണ്ടാൽ തന്നെ പെട്ടെന്നു സാധനങ്ങളും, സേവനങ്ങളും ലഭിക്കേണ്ടവർ കണ്ണടക്കുമെന്ന് കമ്പനികൾക്കറിയാം. അതുകൊണ്ട് ഒളിഞ്ഞിരിക്കുന്ന ചാർജുകൾ ചുമത്തിയാലും ഡിമാൻഡ് കുറയില്ലെന്നാണ് കമ്പനിയുടെ തന്ത്രപരമായ സമീപനം.
ഉപഭോക്താക്കൾ അറിയാതെ തന്നെ പോക്കറ്റ് ചോർത്തുന്ന വിദ്യകൾ പുതിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികൾ സ്വീകരിക്കാറുണ്ട്. സബ്സ്ക്രിപ്ഷൻ പോലുള്ള കാര്യങ്ങളിലൂടെ ഉപഭോക്താവിനെ ആ കമ്പനിയുടെ സേവനം തുടർന്നും ഉപയോഗിക്കാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. കൂടാതെ വോലറ്റുകളിലൂടെ പണം കമ്പനികളിൽ പാർക്ക് ചെയ്യുന്നതും കമ്പനികൾക്ക് ഒരു മെച്ചമാണ്. ആപ്പുകളിലൂടെ ഉപഭോക്താക്കളുടെ സ്വഭാവം തിരിച്ചറിഞ്ഞുള്ള മാർക്കറ്റിങ് രീതികളും കമ്പനികൾ സ്വീകരിക്കാറുണ്ട്. ബിൽ കൊടുക്കുന്നതിനു മുൻപ് കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ഉപഭോക്താക്കൾക്ക് ഇത്തരം കെണികളിൽ വീഴാതെ ഇരിക്കാൻ ആകൂ.