ജാഗ്രത! ആധാർ ഉപയോഗിച്ച് ഇടപാട് നടത്തുമ്പോഴും തട്ടിപ്പ്
Mail This Article
സ്വത്തുക്കൾ റജിസ്റ്റർ ചെയ്യുന്ന സമയത്ത് ആധാർ ഡാറ്റ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന നിരവധി തട്ടിപ്പ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസങ്ങളിൽ 20 ലധികം കേസുകൾ റജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും (യുഐഡിഎഐ) സംസ്ഥാന, കേന്ദ്ര ഏജൻസികളും തമ്മിൽ ഓതന്റിക്കേഷൻ സേവനങ്ങൾ നൽകുന്ന ഇടനില ഏജൻസികളുടെ പങ്ക് ബെംഗളൂരുവിലും മംഗളൂരുവിലും റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പിൽ പോലീസ് സംശയിക്കുന്നു.
ആധാർ എനേബിൾഡ് പേയ്മെന്റ് സർവീസസ് (എ.ഇ.പി.എസ്) ഇടപാടുകളുടെ പരിധി കാരണം എ.ഇ.പി.എസുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ ഓരോ കേസിലും 10,000 രൂപയിൽ താഴെയാണ് നഷ്ടപ്പെടുന്നതെന്ന് സൈബർ ക്രൈം പോലീസ് പറഞ്ഞു.
ബയോമെട്രിക് ഡാറ്റയും ആധാർ നമ്പറും പ്രാമാണീകരണമായി ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് പ്രതിദിനം 10,000 രൂപ പിൻവലിക്കാവുന്നതിന്റെ മറവിലാണ് തട്ടിപ്പുകൾ.
ആധാർ ബയോമെട്രിക്സ് ലോക്ക് ചെയ്യാത്ത സാഹചര്യം മുതലെടുത്ത് കാർഡ് ഉടമയുടെ അറിവില്ലാതെ ഇത് ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടത്തുന്നതെന്ന് പോലീസ് സംശയിക്കുന്നു. ഇടപാടുകൾക്കായി ബയോമെട്രിക്സ് ഉപയോഗിക്കുമ്പോൾ ആധാർ കാർഡ് ഉടമകൾക്ക് സന്ദേശങ്ങൾ ലഭിക്കാത്തതും തട്ടിപ്പുകാർക്ക് സൗകര്യമാകുന്നുണ്ട്.