ആദ്യമായി വായ്പ എടുക്കുന്നവർക്കും കിടിലൻ ക്രെഡിറ്റ് സ്കോര്‍! എങ്ങനെയെന്നോ?
Mail This Article
വായ്പകളും ക്രെഡിറ്റ് കാര്‍ഡുകളും ലഭിക്കുന്നതിലും അവയ്ക്ക് കുറഞ്ഞ പലിശ നിരക്കു നേടുന്ന കാര്യത്തിലും ക്രെഡിറ്റ് സ്കോറുകള്‍ ഏറെ നിര്‍ണായകമാണ്. എന്നാൽ ആദ്യമായി വായ്പ എടുക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ ഉണ്ടാകില്ല. പക്ഷെ വായ്പാ രംഗത്തേക്ക് ആദ്യമായി എത്തുന്ന ഇക്കൂട്ടർക്കും ഇത് കൈകാര്യം ചെയ്യാനാവും. എങ്ങനെയെന്നല്ലേ?
ക്രെഡിറ്റ് സ്കോറിനെ കുറിച്ചു മനസിലാക്കുക
ക്രെഡിറ്റ് സ്കോറുമായും റിപ്പോര്‍ട്ടുമായും ബന്ധപ്പെട്ട അടിസ്ഥാന വസ്തുതകള്‍ മനസിലാക്കുക എന്നതാണ് ഇവിടെ ആദ്യം ചെയ്യേണ്ടത്. 300 മുതല്‍ 900 വരെയുള്ള സംഖ്യകളിലായാണ് സിബില്‍ സ്കോര്‍ നല്‍കുക. ഒരു വ്യക്തിയുടെ വായ്പ ലഭിക്കാനുളള അര്‍ഹതയെ കുറിച്ചുള്ള സൂചനകളാണ് ഇതിലൂടെ നല്‍കുന്നതെന്നു പറയാം. നിങ്ങളുടെ വായ്പാ ചരിത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് സിബില്‍ സ്കോറും റിപ്പോര്‍ട്ടും കണക്കാക്കുന്നത്. വായ്പാ അക്കൗണ്ടുകള്‍, മുന്‍കാല പണമടക്കലിന്‍റെ വിവരങ്ങള്‍, വായ്പ ഉപയോഗപ്പെടുത്തല്‍, വായ്പാ ചരിത്രത്തിന്‍റെ ദൈര്‍ഘ്യം തുടങ്ങിയവ ഇതിലുണ്ടാകും. നിങ്ങളുടെ വായ്പാ അക്കൗണ്ടുകള്‍, പണമടക്കല്‍ ചരിത്രം, വായ്പകള്‍ക്കായുള്ള അന്വേഷണങ്ങള്‍ എന്നിവ കൂടി റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
നിങ്ങള്‍ വായ്പകള്‍ തിരിച്ചടയ്ക്കാനുള്ള സാധ്യതയെ കുറിച്ചു വിലയിരുത്താന്‍ സിബില്‍ സ്കോറും വായ്പ ലഭിക്കുവാനുള്ള നിങ്ങളുടെ അര്‍ഹതയെ കുറിച്ചു വിലയിരുത്താന്‍ റിപ്പോര്‍ട്ടും സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തും.
മികച്ച തുടക്കം കുറിക്കുകയും ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നത് മികച്ച വായ്പാ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഇവിടെ പ്രയോജനപ്പെടുത്താവുന്ന നിരവധി പദ്ധതികളുണ്ട്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍ മുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വരെ
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍, ബൈ നൗ-പേ ലേറ്റര്‍ സൗകര്യം, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഔപചാരിക വായ്പകള്‍ ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവര്‍ക്ക് മികച്ച ക്രെഡിറ്റ് ഹിസ്റ്ററി വളര്‍ത്തിയെടുക്കാന്‍ പ്രയോജനപ്പെടുത്താവുന്ന പദ്ധതികളില്‍ ചിലതാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ വായ്പകള്‍ വളരെ എളുപ്പത്തില്‍ ലഭിക്കുന്ന ഒന്നാണല്ലോ. കുറഞ്ഞ തോതിലുള്ള തുകയ്ക്ക് സാധനങ്ങള്‍ വാങ്ങി പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് ബൈ നൗ-പേ ലേറ്റര്‍ പദ്ധതികള്‍. ഇവ പ്രയോജനപ്പെടുത്തുമ്പോള്‍ തിരിച്ചടവ് കൃത്യമായി നടത്തുന്നു എന്ന് ഉറപ്പാക്കണം.
നിങ്ങള്‍ക്ക് ശമ്പള അക്കൗണ്ട് ഉളള ബാങ്കില്‍ തന്നെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുകയാണ് മറ്റൊരു രീതി. ഉപഭോക്താക്കള്‍ മറ്റു ബാങ്കുകളെ ആശ്രയിക്കരുതെന്നല്ല ഇതിന്‍റെ അര്‍ത്ഥം. ഈടായി പണം നിക്ഷേപിച്ച് അതു വായ്പാ പരിധിയാക്കി സെക്വേര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ നേടുന്ന രീതിയും പ്രയോജനപ്പെടുത്താം.
വായ്പകള്‍ ഉത്തരവാദിത്തത്തോടെ തെരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് താങ്ങാനാവുന്ന വായ്പകള്‍ മാത്രം എടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് അര്‍ഹതയുള്ളതില്‍ താഴെ മാത്രം വായ്പ പ്രയോജനപ്പെടുത്തുക എന്നതും പ്രധാനപ്പെട്ടതാണ്. ഇവ നിങ്ങളുടെ സ്കോറിനെ ബാധിക്കും
ക്രെഡിറ്റ് പ്രൊഫൈല്‍ മെച്ചപ്പെടുത്താന്‍ ചില കാര്യങ്ങള്‍
∙കൃത്യമായി പണമടക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനപരമായതും പ്രധാനപ്പെട്ടതുമായ കാര്യം.
∙ഓട്ടോമാറ്റിക് പെയ്മെന്‍റുകള്‍ ക്രമീകരിക്കുകയോ റിമൈന്‍ഡറുകള്‍ തയ്യാറാക്കുകയോ വഴി തിരിച്ചടവിൽ വീഴ്ച വരുത്താതെ ശ്രദ്ധിക്കാം.
∙എല്ലാ വിവരങ്ങളും കൃത്യമാണെന്നുറപ്പിക്കാന്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് സ്ഥിരമായി നിരീക്ഷിക്കണം.
∙ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് നെഗറ്റീവ് ആയി കണക്കാക്കും.
നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഏറ്റവും മെച്ചപ്പെട്ടത് ഏതെന്നു വിലയിരുത്തല്‍ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക എന്നതാണ് ശരിയായ രീതി.
∙ക്രെഡിറ്റ് കാര്‍ഡുകള്‍ ഇടകലര്‍ത്തി പണമടച്ചു മുന്നോട്ടു പോകുന്നതും നിങ്ങളുടെ സ്കോറിനെ മോശമായി ബാധിക്കും.
സ്ഥിരമായി നിരീക്ഷിക്കുക
ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ മൂലമോ തട്ടിപ്പുകള്‍ മൂലമോ എന്തെങ്കിലും നെഗറ്റീവ് ആയ ഘടകങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നറിയുവാന്‍ ഇതു സ്ഥിരമായി പരിശോധിക്കേണ്ടതുണ്ട്. എന്തെങ്കിലും തെറ്റുകള്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് സംരക്ഷണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുകയും ചെയ്യണം.. പുതുതായി വായ്പ എടുക്കുന്നവര്‍ക്ക് ട്രാന്‍സ് യൂണിയന്‍ സിബില്‍ വെബ്സൈറ്റില്‍ നിന്ന് സൗജന്യ വാര്‍ഷിക ക്രെഡിറ്റ് റിപ്പോര്‍ട്ട് കിട്ടും.
ചെറിയ തോതില്‍ ആരംഭിച്ച് ക്രെഡിറ്റ് സ്കോറുകളെ കുറിച്ചു മനസിലാക്കി ഉത്തരവാദിത്തമുള്ള വായ്പക്കാരനായി ശരിയായ ചുവടുകള്‍ വെച്ച് നിങ്ങള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താം.
ലേഖകൻ ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ സീനിയര്‍ ഡയറക്ടറും കണ്‍സ്യൂമര്‍ ഇന്‍ററാക്ടീവ് ഇന്ത്യ മേധാവിയുമാണ്