റസ്റ്ററന്റിൽ പോകുമ്പോൾ പോക്കറ്റ് കാലിയാകുമോ? യുവാക്കൾക്ക് പേടി കൂടുന്നു
Mail This Article
യുവജനങ്ങൾക്ക് ഭക്ഷണം കഴിക്കാൻ റസ്റ്ററന്റുകളിൽ പോകുമ്പോൾ ഉത്കണ്ഠ അമിതമായി വര്‍ധിക്കുന്നുവെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് റസ്റ്ററന്റ് ശൃംഖലയായ Prezzo അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് യുവ ജനങ്ങൾക്കിടയിലുള്ള പ്രത്യേകമായ ഈ പ്രവണത വെളിപ്പെടുത്തിയത്. 86 ശതമാനം യുവജനങ്ങൾക്കും ഒരു റസ്റ്ററന്റ് മെനു കാണുമ്പോൾ സമ്മർദ്ദവും അസ്വസ്ഥതയും അനുഭവപ്പെടുന്നു എന്നാണ് പഠനം കാണിക്കുന്നത്. റസ്റ്ററന്റ് ഭക്ഷണത്തിന്റെ അമിത വിലയാണ് ഇതിനു ഒരു കാരണമായി പറയുന്നത്. പല യുവ ജനങ്ങളും ആദ്യം മെനു പരിശോധിക്കാതെ റസ്റ്ററന്റുകളിൽ ഭക്ഷണത്തിനു പോകാറില്ലെന്നു സർവേയിൽ പറഞ്ഞു.
ഡിജിറ്റൽ വൈദഗ്ധ്യവും, സാഹസിക സ്വഭാവവും, പഴയ തലമുറയെക്കാൾ പുതിയ തലമുറക്ക് കൂടുതലായി ഉണ്ടെങ്കിലും, ഉത്കണ്ഠയും പുതിയ തലമുറക്ക് കൂടുതലാണ് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. കൂടാതെ അനിയന്ത്രിതമായി ജീവിത ചെലവുകൾ ലോകമെമ്പാടും വർധിച്ചതോടെ പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തിയേ ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥയായിരിക്കുകയാണ്.